കിഴക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ മുടങ്ങി ഏറെ മാസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ ഇടപെടലുകളില്ല.
ആറ് വർഷം മുമ്പുള്ള എസ്റ്റിമേറ്റിൽ പ്രവൃത്തി നടത്താനാകില്ലെന്ന നിലപാടിലാണ് കരാർ കമ്പനി. പദ്ധതിക്കായുള്ള പാലക്കുഴി അഞ്ചുമുക്കിലെ തടയണ ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാക്കിയിരുന്നെങ്കിൽ പ്രദേശത്തെ ജലക്ഷാമത്തിനെങ്കിലും പരിഹാരമാകുമായിരുന്നെന്ന് മലയോരവാസികൾ ചൂണ്ടിക്കാട്ടുന്നു. ദുർബലമായ കാലവർഷത്തിൽ നീരൊഴുക്ക് നന്നേ കുറഞ്ഞ് ഉള്ള വെള്ളവും ഒഴുകി പോകുന്ന സ്ഥിതിയാണിപ്പോൾ. വേനലിൽ നിർമാണ പ്രവൃത്തികൾക്കുള്ള വെള്ളമില്ലാതെ പണികൾ നിർത്തിവച്ചതിനു ശേഷം പിന്നെ പണികൾ നടന്നില്ല. വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽകടവിലാണ് പവർ ഹൗസിന്റെ നിർമാണം.
കോലഞ്ചേരി നെച്ചുപ്പാടം കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് സിവിൽ വർക്കുകൾ നടത്തുന്നത്. ആറുമാസത്തിനുള്ളിൽ സിവിൽ വർക്കുകൾ പൂർത്തിയാക്കി മെക്കാനിക്കൽ, ഇലക്ട്രോണിക് വർക്കുകളും നടത്താനായിരുന്നു ലക്ഷ്യം വച്ചിരുന്നത്. വൈദ്യുതി ഉല്പാദനത്തിനുശേഷം വെള്ളം പവർഹൗസിന് അടുത്ത് വച്ച് തന്നെ അതേ പുഴയിലേക്ക് ഒഴുക്കും വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
മലമുകളിലെ തടയണയിൽ നിന്നും വനത്തിലൂടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതിയും വനംവകുപ്പിൽ നിന്നും ലഭ്യമായിട്ടുണ്ട്. അനുമതിക്കായി വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടി വന്നു.
ഉല്പാദപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയ്ക്ക് കൈമാറും. ഇതിനായി വൈദ്യുതി ലൈൻ എത്തിനില്ക്കുന്ന കൊന്നക്കൽകടവിൽ നിന്നും ഒന്നര കിലോമീറ്ററോളമുള്ള ഫൗർഹൗസിലേക്ക് വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കലും നടന്നിട്ടുണ്ട്. ജൂൺമാസം മുതൽ ആറുമാസ കാലമാണ് വൈദ്യുതി ഉല്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളിൽ ജല ലഭ്യതക്കനുസരിച്ചാകും ഉല്പാദനം.
ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2017 ഡിസംബർ 21നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നത്. രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതിയ്ക്ക് പിന്നീട് കോവിഡും വനത്തിലൂടെ പൈപ്പ് സ്ഥാപിക്കുന്നതിന് വനംവകുപ്പിൽ നിന്നും അനുമതി വൈകിയതുമെല്ലാം തടസങ്ങളായി മാറി.