പാലക്കാട് : കരിങ്കരപ്പുള്ളിയില്‍ രണ്ടു യുവാക്കളുടെ മൃതദേഹം വയലില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന പാടത്ത് കുഴിച്ചു മൂടിയ നിലയിലായിരുന്നു. കരിങ്കരപ്പള്ളി സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിനടുത്താണ് സംഭവം. സതീഷ്, ഷിജിത്ത് എന്നിവരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
രണ്ട് പേരെ പ്രദേശത്തു നിന്നും കാണാതായിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് അവസാനമായി ഈ യുവാക്കളെ കണ്ടവരുണ്ട്. അവരുടെ മൃതദേഹമാണോ ലഭിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. കൊട്ടേക്കാട് കഴിഞ്ഞ ഞായറാഴ്ച ഒരു സംഘര്‍ഷം നടന്നിരുന്നു. ആ സംഘര്‍ഷത്തിന് യുവാക്കളുടെ മരണവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. നാളെ ഫോറൻസിക് സംഘവും ആര്‍ഡിഒയും എത്തിയതിനു ശേഷമായിരിക്കും മറ്റ് പരിശോധനകള്‍. ഇൻക്വസ്റ്റ് നടപടികള്‍ നാളെ രാവിലെ നടക്കും. കുഴിച്ചിട്ട മൃതദേഹത്തിന്റെ കാലുകളാണ് ആദ്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാളെ തഹസില്‍ദാരുടെ സാന്നിധ്യത്തിലേ ഇവ പുറത്തെടുക്കൂ. മൃതദേഹങ്ങള്‍ ആരുടേതാണെന്നു പൊലീസ് സ്ഥിരീകരിക്കുന്നില്ല. നേരത്തെ വേനോലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാല് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ കരിങ്കരപ്പുള്ളിയില്‍ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരില്‍ 2 പേരുടെ മൃതദേഹമാണ് കിട്ടിയതെന്നാണു സംശയം. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ ഇന്നു വൈകിട്ട് 5 മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശം പൊലീസ് കാവലിലാണ്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട യുവാക്കള്‍ ബന്ധുവീട്ടില്‍ ഒളിച്ച് താമസിക്കുകയായിരുന്നു. ഇതിന് ശേഷം ഇന്നലെ പൊലീസ് അന്വേഷിച്ച് വരുന്നു എന്ന് മനസിലാക്കി മറ്റൊരിടത്തേയ്ക്ക് മാറാൻ ശ്രമിക്കുന്നതിനിടെയാകാം ഇവര്‍ കൊല്ലപ്പെട്ടതെന്ന സംശയമാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ എന്താണ് സംഭവിച്ചത് എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ട്.