കർഷകരിൽനിന്നുള്ള നെല്ല് സംഭരണ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കാൻ കേരള ബാങ്കുമായി സഹകരിച്ച് വായ്പ സംവിധാനം ക്രമീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചു. ഇതിനു കേരള ബാങ്കുമായി വിവിധ തലത്തിൽ ചർച്ച പുരോഗമിക്കുകയാണ്. ഈ സീസണിൽ 7,31,184 മെട്രിക് ടൺ നെല്ലാണ് സംഭരിച്ചത്. കർഷകർക്ക് നൽകാനുള്ള 2070.71 കോടി രൂപയിൽ 1637.83 കോടി നൽകി. ബാക്കി 433 കോടിയിൽ 180 കോടി സർക്കാർ അനുവദിച്ചു. ശേഷിക്കുന്ന തുകയും നൽകാൻ നടപടി സ്വീകരിച്ചുവരികയാണ്.
കേന്ദ്ര സർക്കാർ നൽകുന്ന അടിസ്ഥാന വിലയും സംസ്ഥാന സർക്കാർ നൽകുന്ന ബോണസും ചേർത്ത് ഒരു കിലോ നെല്ലിന് 28.20 രൂപയാണ് നൽകുന്നത്. സംഭരിച്ച നെല്ല് അരിയാക്കി പൊതുവിതരണ സംവിധാനത്തിലൂടെ വിതരണം ചെയ്തശേഷം മാത്രമേ കേന്ദ്ര വിഹിതം ലഭിക്കാൻ ക്ലയിം സമർപ്പിക്കാനാവൂ. അതിനുശേഷം തുക അനുവദിക്കുമ്പോഴേക്കും ആറു മാസംവരെ കാലതാമസം വരാറുണ്ട്. കേന്ദ്ര സർക്കാർ വിഹിതം ലഭിക്കുന്നതുവരെ കാത്തിരിക്കാരെ സംഭരിച്ചാലുടൻ വില നൽകാനുള്ള വായ്പാ സംവിധാനം ക്രമീകരിക്കുകയാണ് സപ്ലൈകോ ചെയ്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.