തുലാവർഷം പിൻവാങ്ങിയതോടെയാണ് നെൽപ്പാടങ്ങളിലെ വെള്ളം വറ്റി തുടങ്ങിയത്. കുളം, കിണർ, കുഴൽ കിണർ എന്നിവയിൽ നിന്നും പമ്പു ചെയ്താണ് വെള്ളം എത്തിക്കുന്നത്. പകൽ സമയം ചൂട് കൂടുന്നതിനാൽ നെൽ പടങ്ങളിൽ വെള്ളം പരക്കാൻ കൂടുതൽ സമയം വേണ്ടി വരുന്നതായി തിരുവഴിയാട് പുത്തൻ തറയിലെ കർഷകനായ കെ. നാരായണൻ പറഞ്ഞു. പോത്തുണ്ടി ഡാമിൽ നിന്നുള്ള കനാൽ വെള്ളമോ ഇടമഴയോ ലഭിച്ചില്ലെങ്കിൽ നെൽപ്പാടങ്ങളിലേക്ക് വെള്ളം എത്തിക്കുകയെന്നത് ദുഷ്കരമാകുമെന്ന് കർഷകർ പറയുന്നു. മൂപ്പ് കുറഞ്ഞ നെല്ലിനങ്ങളാണ് വിളയിറക്കിയിരിക്കുന്നതെങ്കിലും ഇനിയും രണ്ടു മാസത്തിലേറെ സമയം വെള്ളം വേണ്ടിവരുമെന്നതാണ് കർഷകരുടെ ആശങ്ക. പോത്തുണ്ടി അണക്കെട്ടിൽ 25 ദിവസത്തിൽ താഴെ വിതരണത്തിനുള്ള വെള്ളമാണ് നിലവിലുള്ളത്.