പച്ചക്കറി കൃഷിയിൽ നേട്ടവുമായി കർഷക കൂട്ടായ്മ.

പാലക്കാട് ജില്ലയിലെ പ്രധാന പച്ചക്കറി ഗ്രാമങ്ങളിലൊന്നായ അയിലൂർ പഞ്ചായത്തിൽ പച്ചക്കറികൃഷിയിൽ വ്യത്യസ്‌ത പരീക്ഷണം നടത്തി മാതൃകയായിരിക്കുകയാണ് കുറുമ്പൂർ പാളിയമംഗലത്തെ പൂർണിമ ക്ലസ്റ്റർ. കൃഷിഭവന്റെയും വി.എഫ്. പി. സി. കെ യുടെയും ആധുനിക കൃഷി മുറകളെ കുറിച്ചുള്ള ക്ലാസുകളും വിജ്ഞാനവും അംഗങ്ങൾക്കിടയിൽ എത്തിച്ചാണ് നേട്ടം കൈവരിക്കുന്നത്. വി.എഫ്.പി.സി.കെ യും വിവിധ ജില്ലകളിലെ പ്രധാന കാർഷിക വിപണന ഏജന്റ് മാർക്കും ഉൽപ്പന്നം നൽകിയാണ് മികച്ച വില ലഭ്യമാക്കുന്നത്. കർഷകനെന്നോ കർഷക തൊഴിലാളി എന്നോ വ്യത്യാസമില്ലാതെ മുഴുവൻ സമയ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ഉൽപ്പാദന ചിലവ് കുറച്ച് മികച്ച ആദായം ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയുന്നുണ്ടെന്ന് പൂർണിമ പച്ചക്കറി കസ്റ്റർ സെക്രട്ടറി ഇ. സുലൈമാൻ. പ്രസിഡണ്ട് കെ. സുരേഷ്‌കുമാർ എന്നിവർ സാക്ഷ്യപ്പെടുത്തുന്നു. മറ്റു ജില്ലകളിലെ ഏജന്റ് മാർ ദിവസവും മിനി ലോറികളുമായി വന്ന് ഉൽപ്പന്നങ്ങൾ സംഭവിക്കുന്നതിനാൽ ഇവിടത്തെ ഉൽപ്പന്നങ്ങൾക്ക് വിപണനം പ്രശ്നമാകുന്നില്ല. ഒന്നാം വിള നെൽകൃഷി ഒഴിവാക്കി വിരിപ്പ് സീസണിൽ രണ്ടുതവണ പച്ചക്കറി കൃഷിയിറക്കി മൂന്നാം വിള നെല്ലിലേക്ക് മാറുന്ന ഇവിടത്തെ കൃഷിയിൽ ഒന്നാം വിള പാവലും പടവലവുമാണെങ്കിൽ രണ്ടാം വിള പയറിനാണ് പ്രാമുഖ്യം നൽകുന്നത് ഇതിൽ ഒന്നാം വിള പാവലിനൊപ്പം അതിർ വരമ്പുകളിൽ വെണ്ടയും അരികു കാലുകളിൽ കുമ്പളം മത്തൻ പയർ എന്നിവ പന്തലിൽ കയറ്റി ഒരേസമയം സംയോജിത കൃഷിയും വളരെ വിജയകരമായി നടപ്പിലാക്കുന്നു. അഞ്ചുവിളകൾ ഒരു കൃഷിയിടത്തിൽ എന്ന് ഈ കൃഷി രീതിയേ സാങ്കേതികമായി വിശേഷിപ്പിക്കാം. മുഖ്യ വിളകളിൽ വിലത്തകർച്ച നേരിട്ടാൽ ഉപ വിളകളിൽ നിന്ന് ആ നഷ്ടം നികത്താം എന്ന തിരിച്ചറിവും തങ്ങളുടെ കൃഷി സ്ഥലത്തെ പരമാവധി പ്രയോജനപ്പെടുത്തി അധിക വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ എന്ന് നിസംശയം പറയാം പാവലിൽ കർഷകർക്ക് പ്രിയം മായയോടാണെങ്കിലും പ്രീതിയും പ്രിയങ്കയും കൃഷിചെയ്യുന്നുണ്ട് പയറിലാണെങ്കിൽ അർക്ക മംഗളയും പടവലത്തിൽ വൈറ്റ് ആൻഡ് ഷോർട്ട് മാത്രം ഈ വിള പരിക്രമണ പരീക്ഷണത്തിൽ മണ്ണിന് ശുദ്ധി വരുത്താനാണ് മൂന്നാം വിള നെൽകൃഷി ചെയ്യുന്നതെന്നാണ് കർഷകരുടെ പക്ഷം തന്മൂലം മണ്ണിന്റെ സന്തുലിതാവസ്ഥയിൽ മാറ്റം വരാതെ ഫലപുഷ്ടി വർദ്ധിക്കുന്നത് മൂലം സാധാരണ വിളവിനേക്കാളും മുപ്പതു മുതൽ നാൽപ്പത് ശതമാനം വരെ നെല്ലിന് അധിക വിളവ് ലഭിക്കുന്നു.