ഒരു കോടി രൂപ സമ്മാനം മീൻ വില്പനക്കാരന്

മീൻ വിൽപ്പനക്കാരന് കേരള ലോട്ടറിയുടെ ഫിഫ്റ്റി ഫിഫ്റ്റിയിൽ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം. അയിലൂർ തിരുവഴിയാട് ചിറപ്പുറം വീട്ടിൽ സുലൈമാന്റെ മകൻ മജീദിനാണ് സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. മീൻ വിൽപ്പനക്കാരനായ മജീദ് പതിവുപോലെ വില്പനയ്ക്ക് പോകുന്നതിന് മുൻപായി 10 രൂപ മാത്രം അഡ്വാൻസ് നൽകി ഒരേ സീരിയൽ നമ്പറിൽ ഉള്ള 5 ലോട്ടറി ടിക്കറ്റുകളാണ് വാങ്ങിയത്. ബാക്കി 240 രൂപ മീൻ വില്പന കഴിഞ്ഞ് മടങ്ങി വരുമ്പോൾ നൽകാമെന്ന് കരാറിലായിരുന്നു ടിക്കറ്റ് വാങ്ങിയത്. എഫ്. എക്സ്.492775 നമ്പറിലുള്ള ടിക്കറ്റിന് ഒന്നാം സമ്മാനവും ഇതോടൊപ്പം എടുത്ത ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചതോടെ എടുത്ത അഞ്ചു ടിക്കറ്റുകൾക്കും മജീദിന് സമ്മാനം ലഭിച്ചു. കഴിഞ്ഞ നാലു വർഷമായി മീൻ കച്ചവടം നടത്തുന്ന മജീദ് 20 വർഷമായി ലോട്ടറി എടുക്കുന്ന ശീലമുണ്ട്. സ്ഥിരമായി വരുമാനത്തിന്റെ മുക്കാൽ ഭാഗവും ലോട്ടറി എടുക്കാറുള്ള മജീദിന് ചെറിയ തുകയുടെ സമ്മാനങ്ങൾ ലഭിക്കാറുണ്ടെങ്കിലും വലിയ തുക സമ്മാനമായി ലഭിക്കുന്നത് ആദ്യമായാണ്. ഭാര്യ: ലൈല, മക്കൾ: വിദ്യാർത്ഥികളായ ജെസീന, റിയാസ്, ജംസീന. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്നതിനെ കുറിച്ച് തീരുമാനമായില്ല. സമ്മാനർഹമായ ലോട്ടറി ബാങ്കിൽ സമർപ്പിക്കും. ബൈക്കിൽ യാത്ര ചെയ്തു ലോട്ടറി വിൽപ്പന നടത്തുന്ന കരിങ്കുളത്തെ ആർ. ചെന്താമരയുടെ കയ്യിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് നെന്മാറയിലുള്ള ലോട്ടറി ഏജൻസി വിളിച്ചു പറഞ്ഞത് പ്രകാരമാണ് ചെന്താമര വില്പന നടത്തിയ ടിക്കറ്റ് സമ്മാനം കിട്ടിയ വിവരം ചെന്താമരയും ടിക്കറ്റ് എടുത്ത മജീദും വിവരം അറിയുന്നത്.