നിത്യസമൃദ്ധമായിരുന്നു ഒ.എൻ.വി. കുറുപ്പിൻ്റെ കാവ്യജീവിതം. കവിതകളായും നാടകഗാനങ്ങളായും ചലച്ചിത്രഗാനങ്ങളായും അദ്ദേഹം പകര്‍ത്തിയ നിസ്തുല ജീവിതനിമിഷങ്ങള്‍ മലയാളികളുടെ ഹൃദയം കവര്‍ന്നു. മലയാളത്തിലും സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധജ്ഞാനമുണ്ടായിരുന്ന ഒ.എന്‍.വി. ക്ക് പാണ്ഡിത്യത്തെ ജനകീയമാക്കാനുള്ള അനിതരസാധാരണമായ വൈദഗ്ധ്യമുണ്ടായിരുന്നു.
“പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ
ആ മരത്തിൻ പൂന്തണലില് വാടി നിൽക്കുന്നോളേ”
എന്നെഴുതിയ കവി തന്നെയാണ്
“നൃത്യധൂര്‍ജ്ജടി ഹസ്തമാര്‍ന്ന
തുടി തന്നുത്താള ഡും ഡും രവം”
എന്നും എഴുതിയത്.
ജന്മനാട്ടിലെ വയലേലകളെയും കര്‍ഷകത്തൊഴിലാളികളേയും തൊണ്ടുചീയുന്ന മണമുള്ള കായലോരങ്ങളെയും ആവിഷ്കരിച്ച കവി ഉത്തുംഗ ഹിമാലയശൃംഗങ്ങളേറി കാളിദാസഭാവനയിലെ യക്ഷ കിന്നര ഗന്ധര്വ്വന്മാരെയും അപ്സര സ്ത്രീകളെയും വര്‍ണ്ണിച്ചു. അതികാല്പനികതയിലൂടെയും അസ്തിത്വവ്യഥയിലൂടെയും ഉഴന്നു നടന്ന കവി ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ “ഭൂമിക്കൊരു ചരമഗീത”വും “സൂര്യഗീത”വും എഴുതി ഭാവുകത്വപരിണാമത്തിൻ്റെ പുതിയ ദിശകളിലൂടെ സഞ്ചരിച്ചു. “ഉജ്ജയിനി”യിലൂടെ കാളിദാസ കാവ്യസമുദ്രത്തിൻ്റെ ആഴങ്ങളില്‍ നിന്ന് അമൂല്യരത്നങ്ങൾ വാരിയെടുത്ത് വലിയൊരു ഭാഷാപാരമ്പര്യത്തിൻ്റെ തുടര്‍ച്ചയായി.
ഒ.എന്‍.വി. യുടെ കവിതകളും ഗാനങ്ങളും തലമുറകള്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു. മലയാളവും മലയാളിത്തവും കേരളവും ആ വരികളില്‍ പൂത്തുലയുന്നു. ഭാസ്കരന് മാസ്റ്റര്‍ക്കും വയലാറിനും ശ്രീകുമാരന്‍ തമ്പിക്കും ഇടയില്‍ വേറിട്ടൊരു കാവ്യരഥ്യയിലൂടെയായിരുന്നു ഒ.എന്‍.വി. യുടെ സഞ്ചാരം.
“ഞാൻ” എന്ന കവിതയില്‍
“സൃഷ്ടി തന് വേദനയാരറിയുന്നു”
എന്ന് കവി എഴുതിയത് നിറം മങ്ങിയ ഒരു കാലത്തിൻ്റെ കല്‍പ്പടവുകളിലിരുന്നാണ്.
“നൂറു സഹോദരരെക്കൊന്നു ഞാന്‍
അഞ്ചു പേര് കുരുക്ഷേത്രം ജയിക്കാന്‍”
എന്നും
“ഭൂമിതന്‍ കന്യയെ കാട്ടിലെറിഞ്ഞു ഞാന്‍
ഭൂപാലധര്‍മ്മം പുലര്‍ത്താന്‍”
എന്നും ആ കവിതയില്‍ അദ്ദേഹം എഴുതി.
“ദീപങ്ങളൊക്കെ കെടുത്തി ഞാന്‍ പ്രാര്‍ത്ഥിച്ചു
ദീപമേ നീ നയിച്ചാലും”
എന്നെഴുതുമ്പോള്‍ ആ കാലഘട്ടത്തെ ചൂഴ്ന്നു നിന്ന ആശയക്കുഴപ്പങ്ങളുടെ ഇരുട്ട് കവിയെ അസ്വസ്ഥനാക്കിയിട്ടുണ്ടാകാം.
ഒ.എന്‍.വി. യുടെ വരികള്‍ക്ക് ബാബുരാജ് ഈണം പകര്‍ന്ന അപൂര്‍വ്വം ഗാനങ്ങളിലൊന്നായി ഈ കവിത കെ.ടി. മുഹമ്മദ് സംവിധാനം ചെയ്ത “സൃഷ്ടി” എന്ന സിനിമയില്‍ ഇടം പിടിക്കുകയും ചെയ്തു. ബാബുരാജ് ഈണം പകർന്ന തൻ്റെ സൃഷ്ടികളിൽ ഏറ്റവും പ്രിയം ഈ ഗാനത്തോടാണെന്ന് കവി ഒരിക്കൽ പറയുകയും ചെയ്തിട്ടുണ്ട്.
നന്നേ ചെറുപ്പത്തിലാരംഭിച്ച് പതിറ്റാണ്ടുകളോളം നമ്മുടെ സാംസ്കാരിക ജീവിതത്തോട് വളരെയേറെ അടുത്തു നിന്ന കവി വിട പറഞ്ഞിട്ട് ഇന്ന് എട്ടു വർഷം തികയുന്നു. 1931 മെയ് 27 ന് കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ജനനം. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്നാണ് പൂർണ്ണനാമം.
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ വേരുകൾ ആഴത്തിലുറപ്പിക്കാൻ മുന്നിട്ടിറങ്ങിയ കെ.പി.എ.സി. അടക്കമുള്ള നാടകപ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു ഒ.എൻ.വി. അദ്ദേഹം രചിച്ച ചില നാടകഗാനങ്ങൾ കേരളത്തിൻ്റെ സമൃദ്ധമായ ഫോക് ലോർ പാരമ്പര്യത്തിൻ്റെ തന്നെ ഭാഗമായി മാറി.
ആധുനിക മനുഷ്യന് നട്ടു നനച്ചു വളര്‍ത്തുന്ന രാഷ്ട്രീയവും അല്ലാത്തതുമായ തത്വശാസ്ത്രങ്ങളുടെ വ്യര്‍ത്ഥതയെക്കുറിച്ചോര്‍ത്താണോ, അവയുടെ പ്രയോഗത്തിലുണ്ടാകുന്ന മര്ക്കടസമാനമായ അപ്രായോഗികതയില്‍ മനം നൊന്തിട്ടാണോ എന്നറിയില്ല, “ഞാൻ” എന്ന കവിതയുടെ അവസാന വരികളില്‍ ഒ.എന്‍.വി. ഇങ്ങനെ എഴുതി:
“ഒരു തത്ത്വശാസ്ത്രത്തിന് തൈ നട്ടു ഞാന്‍
എന്നും പിഴുതു നോക്കുന്നു വേരെണ്ണാൻ..”
ഇതിലേറെ സൂക്ഷ്മമായി ഒരു കെട്ട കാലത്തെ എങ്ങനെ അടയാളപ്പെടുത്തും?