നെമ്മാറ: റബറിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവിലയായ 170 രൂപ കര്‍ഷകനെ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. റബര്‍ ബോര്‍ഡ് മുഖേനയാണ് താങ്ങുവില കര്‍ഷകന് നല്കിയിരുന്നത്.
റബര്‍ ബോര്‍ഡ് അതാതു മാസം നിശ്ചയിക്കുന്ന വിപണി വിലയും സര്‍ക്കാര്‍ പ്രഖ്യാപിച്ച 170 രൂപ എന്ന താങ്ങുവിലയും തമ്മിലുള്ള വ്യത്യാസ തുക ഇൻസെന്‍റീവായി റബര്‍ കര്‍ഷകര്‍ക്ക് നല്കിയിരുന്നതായിരുന്നു രീതി. ഇപ്പോഴത്തെ വിപണി വിലയായ 142 രൂപ പ്രകാരം കര്‍ഷകര്‍ക്ക് 28 രൂപ നിരക്കില്‍ താങ്ങുവില ലഭിക്കേണ്ടതാണ്.
കര്‍ഷകര്‍ പ്രാദേശിക വിപണിയില്‍ വില്പ്പന നടത്തിയ പ്രതിമാസ ബില്ലുകളും നികുതി രസീതും മറ്റു രേഖകളും റബര്‍ ബോര്‍ഡ് സൈറ്റില്‍ ഓണ്‍ലൈനായി റബര്‍ ഉല്പാദക സംഘങ്ങള്‍ മുഖേന നല്കിയ കര്‍ഷകര്‍ക്കാണ് താങ്ങുവിലത്തുക ലഭിക്കുക. റബര്‍ ബോര്‍ഡ് ഫീല്‍ഡ് ഓഫീസര്‍മാര്‍ പരിശോധന നടത്തി ഭൂമിയുടെ അളവിനനുസരിച്ച് രണ്ടര ഹെക്ടറില്‍ താഴെയുള്ള കര്‍ഷകര്‍ക്ക് പ്രതിമാസ ഉല്പാദനം നിര്‍ണയിച്ചതു പ്രകാരമാണ് താങ്ങുവില നല്കിയിരുന്നത്.
2022 ജൂണ്‍ മുതല്‍ താങ്ങു വില കര്‍ഷകര്‍ക്ക് റബര്‍ ബോര്‍ഡില്‍ നിന്നും കുടിശ്ശികയാണ്.
ഈ തുക എന്ന് കിട്ടും എന്ന കാര്യത്തില്‍ റബര്‍ ബോര്‍ഡിന് വ്യക്തമായ മറുപടിയില്ല.
കഴിഞ്ഞ സാന്പത്തിക വര്‍ഷം റബര്‍ ബോര്‍ഡിന് ഭാഗികമായി സര്‍ക്കാര്‍ ഫണ്ട് നല്കിയിരുന്നെങ്കിലും 2021ലെ കുടിശ്ശിക തീര്‍ക്കാൻ മാത്രമേ തുക തികഞ്ഞുള്ളു എന്ന് ബോര്‍ഡ് അധികൃതര്‍ പറയുന്നു.
2022-23, 2023-24 സാന്പത്തിക വര്‍ഷത്തെ ബഡ്ജറ്റുകളിലും താങ്ങുവില 170 ആയി പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായാണ് റബര്‍ ബോര്‍ഡ് കര്‍ഷകരില്‍ നിന്നും ഓണ്‍ലൈനായി ബില്ലുകള്‍ സ്വീകരിച്ചു തുടങ്ങിയത്.
റബര്‍ വിലയിടവു മൂലം നഷ്ടം നേരിടുന്ന കര്‍ഷകര്‍ക്ക് താങ്ങു വില തുക ചെറിയ ആശ്വാസമായിരുന്നു. ഉല്പാദന ചെലവുമായി കണക്കാക്കുന്പോള്‍ റബര്‍ വില 250 രൂപയ്ക്ക് മുകളിലെത്തിയാല്‍ മാത്രമേ ലാഭകരമാകുയുള്ളു എന്ന് കര്‍ഷകര്‍ പറയുന്നു.
സംഭരണ വില ലഭിക്കാത്ത നെല്‍ക്കര്‍ഷകരുടെ പരാതികള്‍ക്കിടയില്‍ റബര്‍ കര്‍ഷകരുടെ കാര്യം കര്‍ഷക സംഘടനകളും മറന്നു പോകുന്നുവെന്ന പരാതിയും കര്‍ഷകര്‍ക്കിടയില്‍ ശക്തമാണ്.