നെന്മാറ, അയിലൂർ പഞ്ചായത്തിലൂടെ ഒലിപ്പാറ, കയറാടി, നെന്മാറ വഴി കോട്ടയത്തേക്കുള്ള സർവീസ് പുനരാരംഭിച്ചില്ല. വിവിധ തലത്തിലുള്ള ജനപ്രതിനിധികളും പൊതുജനങ്ങളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഒലിപ്പാറ-കയറാടി-കോട്ടയം സർവീസ് മാത്രമാണ് കോവിഡ് കാലത്തിനു ശേഷം പുനരാരംഭിക്കാത്തത്. മലയോര കുടിയേറ്റ മേഖലയായ ഒലിപ്പാറയിൽ നിന്ന് രാവിലെ ആറിന് സർവീസ് ആരംഭിച്ച് രാത്രി 8:30ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു സർവീസ്. മേഖലയിലുള്ളവരുടെ വ്യാപാര, ചികിത്സ തുടങ്ങി നാട്ടിലുള്ള ബന്ധുക്കളെ വരെ സന്ദർശിക്കാനും അതിരാവിലെ തൃശ്ശൂർ എറണാകുളം ഭാഗത്തേക്ക് ജോലിക്ക് പോകുന്നവർക്കും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം ഇന്റർസിറ്റി ട്രെയിൻ കണക്ഷനും ഏറെ സഹായകരമായിരുന്നു ഈ സർവീസ്. നെന്മാറ, കയറാടി, ഒലിപ്പാറ റൂട്ടിൽ അൺലിമിറ്റഡ് ഫാസ്റ്റ് പാസഞ്ചർ ആയും ശേഷിക്കുന്ന റൂട്ടിൽ ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചറായുമാണ് സർവീസ് നടത്തിയിരുന്നത്. കെഎസ്ആർടിസിക്ക് മികച്ച വരുമാനം ലഭിക്കുന്നതുമായ സർവീസാണ് കെഎസ്ആർടിസി പുനരാരംഭിക്കാത്തത്. ഈ റൂട്ടിലൂടെ കെഎസ്ആർടിസി സർവീസ് ഒന്നും തന്നെ ഇല്ലെന്നതാണ് ഏറെ ദുഃഖകരം. വകുപ്പ് അധികാരികൾ വേണ്ടുന്ന നടപടികൾ സ്വീകരിച്ച് ഈ റൂട്ടിലൂടെ കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണമെന്നതാണ് ജനങ്ങളുടെ ആവശ്യം.