വാഷിങ്‌ടൺ
മലിനീകരണം കുറവുള്ള ഊർജ സ്രോതസുകൾ കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിൽ ഒരു ഘട്ടം കൂടി പിന്നിട്ട് കലിഫോർണിയ ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറി. ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള പരീക്ഷണത്തിൽ കഴിഞ്ഞ ഡിസംബറിൽ ലഭിച്ചതിനേക്കാൾ ഊർജം ലഭ്യമായതായി ലാബ് അറിയിച്ചു. യൂറോപ്യൻ യൂണിയൻ, ചൈന, റഷ്യ, യുഎസ്, ഇന്ത്യ, ജപ്പാൻ, കൊറിയ തുടങ്ങിയവ സഹകരിച്ചുള്ള പരീക്ഷണമാണ് നടത്തിയത്.
സൂര്യനടക്കമുള്ള നക്ഷത്രങ്ങൾക്കുള്ളിൽ നടക്കുന്നതുപോലെയുള്ള ഊർജോൽപ്പാദനം ഭൂമിയിൽ സാധ്യമാകുമോ എന്നതാണ് പരീക്ഷണം. രണ്ടോ അതിൽ കൂടുതലോ അണുകേന്ദ്രങ്ങൾ (ന്യൂക്ലിയസുകൾ) സംയോജിപ്പിച്ച് വ്യത്യസ്ത അണുകേന്ദ്രങ്ങളും ഉപഅണുകണങ്ങളും രൂപപ്പെടുന്ന പ്രതിപ്രവർത്തനമാണ് ന്യൂക്ലിയർ ഫ്യൂഷൻ. ഇത്രയും വലിയ ആണവ പ്രവർത്തനത്തെ നിയന്ത്രിച്ച് വരുതിയിലാക്കി ആവശ്യമായ തോതിൽ ഊർജം ഉത്‌പാദിപ്പിക്കുകയാണ് ലക്ഷ്യം.