നിപ: ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കലക്ടര്‍

സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം: ഡി.എം.ഒ

കോഴിക്കോട് നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനായുള്ള ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരിക്കുന്നു ജില്ലാ കലക്ടര്‍. അടിയന്തര ചികിത്സ ആവശ്യമായി വന്നാല്‍ പാലക്കാട് ഗവ മെഡിക്കല്‍ കോളെജ്, ജില്ലാ ആശുപത്രി, ജില്ലാ മാതൃ-ശിശു ആശുപത്രി എന്നിവിടങ്ങളില്‍ സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആശുപത്രി ജീവനക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. സ്വകാര്യ ആശുപത്രികളില്‍ രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തുന്നവരുടെ വിവരം ഡി.എം.ഒയെ അറിയിക്കണം. ഇതിനായി സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കും. വവ്വാലുകള്‍ കൂടുതലായി കാണുന്ന ടൂറിസ്റ്റ് പ്രദേശങ്ങളില്‍ ജാഗ്രത വേണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

രോഗബാധ സ്ഥിരീകരിച്ച മേഖലയിലേക്ക് യാത്ര നിയന്ത്രിക്കണം, അനാവശ്യ ആശുപത്രി സന്ദര്‍ശനം വേണ്ട: ഡി.എം.ഒ

രോഗബാധ സ്ഥിരീകരിച്ച മേഖലകളിലേക്കും കണ്ടെയ്‌മെന്റ് സോണുകളിലേക്കുമുള്ള യാത്ര പൊതുജനങ്ങള്‍ പരമാവധി നിയന്ത്രിക്കണമെന്ന് ഡി.എം.ഒ. ഡോ. കെ.പി റീത്ത അറിയിച്ചു. ഈ മേഖലകളിലേക്ക് യാത്ര ചെയ്തിട്ടുള്ള രോഗലക്ഷണമുള്ളവര്‍ ഡോക്ടറോട് യാത്രാവിവരം ആദ്യമേ നല്‍കണം. വീട്ടുമുറ്റത്തെ പഴങ്ങള്‍ കഴുകിയും തൊലി കളഞ്ഞും മാത്രം ഭക്ഷിക്കണം. നിലത്തുവീണതും പക്ഷിമൃഗാദികള്‍ കടിച്ചതുമായവ ഭക്ഷിക്കരുത്. ആരോഗ്യപ്രവര്‍ത്തകര്‍ പനി, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങള്‍ പൂര്‍ണമായും ശേഖരിക്കും. ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കും. മഴക്കാലത്ത് ആരംഭിച്ച പനി ക്ലിനിക്കുകള്‍ തുടരും.
ആരോഗ്യപ്രവര്‍ത്തകര്‍ രോഗം പകരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. രോഗികളുമായി ധാരാളം പേര്‍ സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം. ജീവനക്കാരും സന്ദര്‍ശകരും പുലര്‍ത്തേണ്ട ജാഗ്രതാനിര്‍ദേശങ്ങള്‍ ആശുപത്രികളില്‍ പ്രദര്‍ശിപ്പിക്കും. അടിയന്തര സാഹചര്യമുണ്ടായാൽ ആവശ്യമായിവരുന്ന മുന്നൊരുക്കങ്ങൾ ആശുപത്രികളിൽ സജ്ജമാക്കുമെന്നും ഡി.എം.ഒ. അറിയിച്ചു.

യോഗത്തില്‍ ഡി.എം.ഒ ഡോ. കെ.പി. റീത്ത, ഹോമിയോ-ആയുര്‍വേദ ഡി.എം.ഒമാര്‍, ജില്ലാ ആശുപത്രി സൂപ്രണ്ട്, വനിതാ ശിശു ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളെജ് ഡയറക്ടർ, സൂപ്രണ്ട്, പീഡിയാട്രിക് – ഗൈനക്കോളജി വിഭാഗം തലവന്മാർ, നഴ്‌സിങ് സൂപ്രണ്ട് പ്രതിനിധികള്‍, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രതിനിധി ഡോ. അൻവർ, തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്