നെല്ലിയാമ്പതി ഗസ്റ്റ് ഹൗസ് വാച്ചറെ മർദ്ദിച്ചതിൽ മൂന്നുപേർക്കെതിരെ കേസെടുത്തു.

നെല്ലിയാമ്പതി ഗവ. ഓറഞ്ച് ഫാമിന്റെ ഗസ്റ്റ് ഹൗസ് നൈറ്റ് വാച്ചറെ താമസക്കാർ മർദ്ദിച്ചതായി പരാതി. നെല്ലിയാമ്പതി ഗവ. ഫാമിലെ ഗസ്റ്റ് ഹൗസിൽ താമസിക്കാൻ എത്തിയ മൂന്നു കുടുംബങ്ങൾ അടങ്ങിയവരാണ് രാത്രി 11 മണിയോടെ ഫാമിന്റെ കൃഷിസ്ഥലങ്ങൾ ചുറ്റി നടക്കാൻ പുറത്തിറങ്ങിയത് തടഞ്ഞ നൈറ്റ് വാച്ചർ കുമാരൻ (45) നെയാണ് അകാരണമായി മർദ്ദിച്ചതെന്ന് പരാതി. മർദ്ദനമേറ്റ് അവശനായ കുമാരന്റെ നിലവിളി കേട്ട പുലയമ്പാറയിലെയും ഓഫീസ് വളപ്പിലെ വാച്ചറും എത്തിയാണ് രക്ഷപ്പെടുത്തിയതെന്ന് തൊഴിലാളികൾ പറഞ്ഞു. മർദ്ദനത്തിൽ പരിക്കേറ്റ വാച്ചർ കുമാരനെ വിദഗ്ധ ചികിത്സയ്ക്കായി നെന്മാറയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊഴിലാളികളുടെ പരാതിയെ തുടർന്ന് നെല്ലിയാമ്പതി പാടഗിരി പോലീസ് കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ കേസെടുത്തതായി അറിയിച്ചു. ഫാം തൊഴിലാളിയായ വാച്ചറെ മർദ്ദിച്ചതിൽ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ഫാം കവാടത്തിന് മുന്നിൽ രാവിലെ പ്രതിഷേധയോഗം ചേർന്നു.