മണിപ്പുരിനെ മോദി രാജ്യത്തിന്റെ ഭാഗമായി കണ്ടില്ല; കൊല്ലപ്പെടുന്നത് ഇന്ത്യയെന്ന് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി> മണിപ്പുർ കലാപവിഷയത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പുരിൽ ജനങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കൊല്ലപ്പെടുന്നത് ഇന്ത്യയാണെന്നും മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്നും അദ്ദേഹം പറഞ്ഞു.

‘പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിനെ കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല. ഒരു രാത്രി മുഴുവൻ മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പം കഴിഞ്ഞു, ഞാൻ നിങ്ങളെ പോലെ കള്ളം പറയുകയല്ല. അവിടെയുള്ള ദുരിതം നേരിട്ട് കണ്ടിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വേദന കണ്ടു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാത്തത് ഇന്ത്യയുടെ ഭാഗമായി ആ നാടിനെ കണക്കാക്കാത്തതുകൊണ്ടാണ്. മണിപ്പുരിൽ അവർ ഇന്ത്യയെ കൊന്നു. അവരുടെ രാഷ്ട്രീയം മണിപ്പുരിനെ മാത്രമല്ല ഇല്ലാതാക്കിയത്, ഇന്ത്യയെ തന്നെയാണ്. ഇന്ത്യൻ സൈന്യത്തിന് മണിപ്പൂരിൽ ഒരു ദിവസം കൊണ്ട് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയും. എന്നാൽ സർക്കാർ അവരുടെ സേവനം ഉപയോഗിക്കുന്നില്ല. നിങ്ങൾ രാജ്യസ്നേഹികളല്ല, രാജ്യദ്രോഹികളാണ്’- രാഹുൽ പറഞ്ഞു.