‘ഗോഡ്‌ഫാദര്‍’ ക്ക് വിട നല്‍കി ജന്മനാട്; സിദ്ദിഖിന്റെ മൃതദേഹം ഖബറടക്കി

കൊച്ചി> മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ക്ക് യാത്രാമൊഴിയേകി ജന്മനാട്.  സിദ്ദിഖിന്റെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

പള്ളിയില്‍ ഔദ്യോഗിക ബഹുമതി നല്‍കിയ ശേഷം നിസ്‌കാര ചടങ്ങുകള്‍ക്ക് പിന്നാലെ ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നു.  വീട്ടില്‍ വച്ച് പൊലീസ് ബഹുമതി നല്‍കി. തുടര്‍ന്ന് വിലാപയാത്രയായി എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇന്ന് രാവിലെ എട്ടരയോടെയാണ് പളളിക്കരയിലെ വീട്ടില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി എറണാകുളം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. മലയാള സിനിമാ ലോകവും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഇവിടേക്കെത്തി. ചേതനയറ്റ പ്രിയ സുഹൃത്തിനെക്കണ്ട്  നടനും സംവിധായകനുമായ ലാല്‍ വിങ്ങിപ്പൊട്ടി.

മമ്മൂട്ടി, ദിലീപ്, ഫാസില്‍, ലാല്‍, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, കമല്‍, ജയസൂര്യ, സിബി മലയില്‍,ജയറാം, ജയസൂര്യ, ജനാര്‍ദ്ദനന്‍, സായി കുമാര്‍, ബിന്ദു പണിക്കര്‍, നമ്പി നാരായണന്‍, എം കെ സാനു,  ജില്ലാ കളക്ടര്‍, അടക്കം സാമൂഹ്യ -സാംസ്‌കാരിക- സിനിമാ രംഗത്തെ പ്രമുഖരും അന്ത്യോപചാരമര്‍പ്പിച്ചു.