വി-ഗാര്‍ഡ് അറ്റാദായത്തില്‍ 20.3 ശതമാനവും അറ്റ വരുമാനത്തില്‍ 19.3 ശതമാനവും വര്‍ധന

മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 1214.76 കോടി രൂപ സംയോജിത അറ്റ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേകാലയളവിലെ 1018.29 കോടി രൂപയില്‍ നിന്നും 19.3 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ 64.22 കോടി രൂപയുടെ സംയോജിത അറ്റാദായവും നേടി. മുന്‍വര്‍ഷത്തെ 53.37 കോടി രൂപയില്‍ നിന്നും 20.3 ശതമാനമാണ് ലാഭത്തിലുണ്ടായ വര്‍ധന.

ആദ്യ പാദത്തില്‍ ബിസിനസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എല്ലാ വിഭാഗങ്ങളിലും മികച്ച വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞെന്ന് വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. ‘പ്രതികൂല കാലാവസ്ഥ വടക്കന്‍ മേഖലയിലെ ബിസിനസിനെ സ്വാധീനിച്ചു. മറ്റു മേഖലകള്‍ കരുത്തുറ്റ പ്രകടനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ചരക്ക് വില കുറയുന്നതിന്റെ സ്വാധീനം, കഴിഞ്ഞ ഏതാനും പാദങ്ങളിലായി ക്രമാനുഗത പുരോഗതിയോടെ മൊത്ത മാര്‍ജിനുകളില്‍ പ്രതിഫലിച്ചു തുടങ്ങി. വരും പാദങ്ങളിലും കൂടുതല്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്‍വെന്ററി സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ഇത് പണമൊഴുക്ക് ശക്തിപ്പെടുത്താനും സഹായിച്ചു. വരാനിരിക്കുന്ന ഉത്സവ സീസണില്‍ നല്ല പ്രതീക്ഷയുണ്ട്. വരും പാദങ്ങളിലും ഈ വളര്‍ച്ച നിലനിര്‍ത്താനാകുമെന്ന വിശ്വാസമുണ്ട്,’- അദ്ദേഹം പറഞ്ഞു