ഡിസംബറിൽ 9 ജലമെട്രോ ബോട്ടുകൾകൂടി

ജോജി തോമസ് കുറ്റിക്കാടന്‍

ജലമെട്രോയ്‌ക്ക്‌ കൊച്ചി കപ്പൽശാല നിർമിച്ചുനൽകാൻ ശേഷിക്കുന്ന 14 ഹൈബ്രിഡ്‌ ബോട്ടുകളിൽ ഒമ്പതെണ്ണം ഡിസംബറോടെ കൈമാറിയേക്കും. ഒന്നാംഘട്ടത്തിലുൾപ്പെട്ട 23 ബോട്ടുകളും ഈ വർഷം ഒക്‌ടോബറിനുള്ളിൽ നിർമിച്ചുകൈമാറണമെന്നായിരുന്നു കപ്പൽശാലയുണ്ടാക്കിയ കരാർ. ഇതുവരെ ഒമ്പതെണ്ണം മാത്രമാണ്‌ കൈമാറിയത്‌. മുഴുവൻ ബോട്ടുകളും അടുത്തവർഷം ആദ്യം കൈമാറാനായേക്കും. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധികൾമൂലം ബോട്ട്‌ നിർമാണം തടസ്സപ്പെട്ടതാണ്‌ നിർമാണം വൈകാനിടയാക്കിയതെന്നാണ്‌ കപ്പൽശാലയുടെ വിശദീകരണം.

ജലമെട്രോ ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങളുടെ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ പ്രധാന തടസ്സമായത്‌. നിർമാണത്തിന്‌ ആവശ്യമായ സാധനസാമഗ്രികളുടെ ലഭ്യതക്കുറവാണ്‌ കരാറുകാരെ പ്രതിസന്ധിയിലാക്കിയത്‌. തുടർന്നുണ്ടാക്കിയ ധാരണയുടെ ഭാഗമായി നിർമാണം പുനരാരംഭിച്ചെങ്കിലും ഒക്‌ടോബറിൽ മുഴുവൻ ബോട്ടുകളും കൈമാറാനാകില്ലെന്നാണ്‌ കപ്പൽശാല അറിയിച്ചിട്ടുള്ളത്‌. അടുത്തവർഷം മാർച്ചോടെ മുഴുവൻ ബോട്ടുകളും കൈമാറണമെന്നാണ്‌ ജലമെട്രോ ആവശ്യപ്പെട്ടിട്ടുള്ളത്‌. 2019 ഒക്‌ടോബർ 29നാണ്‌ ബോട്ട്‌ നിർമാണത്തിനുള്ള കരാർ കപ്പൽശാലയുമായി ഒപ്പിട്ടത്‌.

ബോട്ടുകൾ എത്താൻ വൈകുന്നതിനാൽ പുതിയ റൂട്ടുകളിൽ സർവീസ്‌ തുടങ്ങാൻ ജലമെട്രോയ്‌ക്കാകുന്നില്ല. ഇപ്പോഴുള്ള രണ്ട്‌ റൂട്ടുകളിൽ കൈവശമുള്ള ബോട്ടുകൾ തികയാത്തസ്ഥിതിയാണ്‌. വൈപ്പിൻ–-ഹൈക്കോടതി, വൈറ്റില–-കാക്കനാട്‌ റൂട്ടുകൾ വൻ വിജയമായതോടെ പുതിയ റൂട്ടുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്‌. ഡിസംബറിൽ കൂടുതൽ ബോട്ടുകൾ എത്തിയാൽ ഫോർട്ട്‌ കൊച്ചിയിലേക്ക്‌ സർവീസ്‌ തുടങ്ങാനാണ്‌ ജലമെട്രോ ആലോചിക്കുന്നത്‌. ഫോർട്ട്‌ കൊച്ചി ടെർമിനലിന്റെ നിർമാണം പൂർത്തീകരണഘട്ടത്തിലാണ്‌. ഇതോടൊപ്പം സൗത്ത്‌ ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, ബോൾഗാട്ടി  എന്നിവിടങ്ങളിലേക്കും സർവീസ്‌ തുടങ്ങാനാകും. നാലിടത്തെയും ടെർമിനലുകളുടെ നിർമാണം മാസങ്ങൾമുമ്പെ പൂർത്തിയായതാണ്‌. ഇതിനിടെ, ടെർമിനലുകളിൽ ഫ്ലോട്ടിങ് ജെട്ടികൾ നിർമിച്ചുനൽകിയ ഫിൻലൻഡിലെ മറൈൻടെക്‌ എന്ന സ്ഥാപനവുമായുള്ള കരാറിൽനിന്ന്‌ ജലമെട്രോ പിൻവാങ്ങി. ഫ്ലോട്ടിങ് ജെട്ടികളുടെ നിർമാണത്തിന്‌ പുതിയ ടെൻഡർ ക്ഷണിക്കാനുള്ള നടപടികളായതായി ജലമെട്രോയുടെ ചീഫ്‌ ഓപ്പറേറ്റിങ് ഓഫീസർ സാജൻ പി ജോൺ പറഞ്ഞു.

ആദ്യഘട്ടത്തിൽ ആകെയുള്ള 38 ടെർമിനലുകളിൽ 16 എണ്ണം പൂർത്തിയാക്കി 41 കിലോമീറ്ററിൽ സർവീസ്‌ ആരംഭിക്കാനാണ്‌ ജലമെട്രോ ലക്ഷ്യമിടുന്നത്‌. പദ്ധതി പൂർത്തിയാകുമ്പോൾ കൊച്ചിയിലെ ദ്വീപുകളെ ബന്ധിപ്പിച്ച്‌ 76 കിലോമീറ്ററിൽ 15 റൂട്ടുകളാണുണ്ടാകുക. കഴിഞ്ഞ ഏപ്രിലിലാണ്‌ ആദ്യസർവീസ്‌ തുടങ്ങിയത്‌.