ആലപ്പുഴ> അവസാനം വരേയും ആവേശം നിറഞ്ഞുനിന്ന 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന്‍ ജേതാക്കളായി. അഞ്ച് ഹീറ്റ്‌സിലായി മികച്ച സമയം കുറിച്ച മറ്റ് നാലുചുണ്ടന്‍ വള്ളങ്ങളെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തിയത്.
തുടക്കം മുതല്‍ വ്യക്തമായ മുന്നേറ്റവുമായാണ് വീയപുരം കുതിച്ചത്. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്ത്. നടുഭാഗം മൂന്നാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍മാരായ കാട്ടില്‍തെക്കേതില്‍ നാലാം സ്ഥാനത്തും എത്തി.ഹീറ്റ്‌സ് മത്സരങ്ങളില്‍ മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. ഹീറ്റ്‌സ് മത്സരങ്ങളില്‍, ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ നടുഭാഗം ചുണ്ടന്‍ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്‌സില്‍ കാട്ടില്‍ തെക്കേതില്‍, (കെപിബിസി കേരള) നാലാം ഹീറ്റ്‌സില്‍ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്‌സില്‍ നിരണം എന്‍സിഡിസി എന്നിവരായിരുന്നു ഒന്നാമതെത്തിയത്.
വീയപുരം 4.18 മിനിറ്റിലും നടുഭാഗം 4.24 മിനിറ്റിലും ചമ്പക്കുളം 4.26 മിനിറ്റിലും മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ 4.27 മിനിറ്റിലുമായിരുന്നു ഹീറ്റ്‌സ് പൂര്‍ത്തിയാക്കിയത്.ഹീറ്റ്‌സില്‍ 4.18.80 സമയത്തിലാണ് വീയപുരം ഫിനിഷ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഫൈനലിലെ അവരുടെ മുന്നേറ്റം.
കഴിഞ്ഞ തവണ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ മൂന്നാമതായിരുന്നു. പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടര്‍ച്ചയായ നാലാം വിജയമാണ്. കഴിഞ്ഞ തവണ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് തികച്ചത്