സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു
?️സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. ചികിത്സയിലുള്ള രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചെന്നും മന്ത്രി പറഞ്ഞു. ആകെ നാല് പേര്‍ക്കാണ് രോഗം. നിപ സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ തേടുകയാണെന്നും മന്ത്രി പറഞ്ഞു. ആകെ ഏഴ് പേരാണ് ചികിത്സയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
നിപയെന്ന് കേന്ദ്രം; പുനെയിലെ പരിശോധനാ ഫലം വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
?️കോഴിക്കോട് പനിബാധിച്ച് മരിച്ചവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യം പ്രതികരിച്ചിരുന്നു. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം പുറത്തു വന്നിട്ടില്ല പരിശോധന നടക്കുന്നതേ ഉള്ളു എന്നും മന്ത്രി പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരും സ്വീകരിക്കേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ആദ്യം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
ധനസഹായം നൽകുന്നതു സംബന്ധിച്ച് ഉടൻ തീരുമാനം
?️മാനന്തവാടി കണ്ണോത്ത്മലയിൽ ജീപ്പ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം നൽകുന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം കലക്ടർ അനുവദിച്ചിട്ടുണ്ട്. മറ്റു ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ച കലക്ടറുടെ ശുപാർശ സർക്കാരിൽ ലഭ്യമായിട്ടുണ്ട്. അത് പരിശോധിച്ച് വൈകാതെ തീരുമാനമെടുക്കുമെന്നും ഒ ആർ കേളുവിന്റെ സബ്‌മിഷന് മുഖ്യമന്ത്രി മറുപടി നൽകി.
കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു
?️വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു. വെള്ളമുണ്ട പുളിഞ്ഞാൽ നെല്ലിയാനിക്കോട്ട് തങ്കച്ചൻ (53) ആണ് മരിച്ചത്. ചൊവ്വ പകൽ 10.30ഓടെ വെള്ളമുണ്ട ഫോറസ്‌റ്റ് സ്‌റ്റേഷൻ പരിധിയിലെ ചിറപ്പുല്ല് തവളപ്പാറ ഭാഗത്തായിരുന്നു കാട്ടാനയുടെ ആക്രമണം.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിൽ
?️കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവെ ആൻഡ് സേഫ്റ്റി ഏരിയ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി നന്ദകുമാറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പള്ളിക്കൽ, നെടിയിരിപ്പ് വില്ലേജുകളിലെ 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് നിലവിലെ മാനദണ്ഡപ്രകാരമുള്ള 4,60,000/- രൂപയ്ക്ക് പുറമെ പ്രത്യേക പുനരധിവാസ പാക്കേജായി 5,40,000/ രൂപയും ഉൾപ്പെടുത്തി ഓരോ കുടുംബത്തിനും ആകെ 10 ലക്ഷം രൂപ വീതം അനുവദിക്കാൻ ഉത്തരവായിട്ടുണ്ട് – മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര നിര്‍ദേശം തള്ളി സുപ്രീം കോടതി
?️ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. ഹര്‍ജികള്‍ അഞ്ച് അംഗങ്ങളില്‍ കുറയാത്ത ഭരണഘടനാ ബെഞ്ച് പരിഗണിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര നിര്‍ദേശം തള്ളിയാണ് നടപടി.
ശിക്ഷാ നിയമം പൊളിച്ചെഴുതിക്കൊണ്ടിരിക്കുകയാണെന്നും പാര്‍ലമെന്റ് ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിലേക്കു വിടാതെ മാറ്റിവയ്ക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇതു പരിഗണിച്ചില്ല.
മനുഷ്യാവകാശ പ്രശ്‌നങ്ങൾ ഉന്നയിച്ചുവെന്ന് ബൈഡൻ
?️ജി20 ഉച്ചകോടി അവസാനിച്ച് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെട്ടിലാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വെള്ളി രാത്രി മോദിയുടെ വസതിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും ഉന്നയിച്ചുവെന്ന് ബൈഡൻ വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കണമെന്ന് ഓർമിപ്പിച്ചതിന് പുറമേ ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിൽ സിവിൽ സമൂഹത്തിനും സ്വതന്ത്ര മാധ്യമത്തിനുമുള്ള സുപ്രധാന പങ്കും മോദിയോട് ഉയർത്തിയെന്നായിരുന്നു ബൈഡന്റെ പ്രതികരണം. ചർച്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണാനുള്ള ബൈഡന്റെ നീക്കത്തിന് കേന്ദ്ര സർക്കാർ തടയിട്ടതോടെ വിയറ്റ്‌നാമിൽ വച്ചാണ് അമേരിക്കൻ പ്രസിഡന്റിന് മാധ്യമങ്ങളെ കാണാനായത്. വൈറ്റ് ഹൗസ് ഇതിൽ പരസ്യമായി എതിർപ്പും പ്രകടിപ്പിച്ചിരുന്നു.
ചെളിയിൽ പെൺകുഞ്ഞിന്റെ ജഡം
?️ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ നിന്നും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ അമ്മയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു.
ആവേശം നിലനിർത്തി മുന്നോട്ടു പോവണമെന്ന് കെപിസിസി
?️പുതുപ്പള്ളി വിജയത്തിന്‍റെ ആവേശം നിലനിർത്തി മുന്നോട്ടു പോവാനാവണമെന്ന് കെപിസിസി നേതൃയോഗത്തിൽ തീരുമാനം. പുതുപ്പള്ളിയിൽ ആഞ്ഞടിച്ചത് ഭരണ വിരുദ്ധ വികാരമാണെന്നും യോഗം വിലയിരുത്തി. മണ്ഡലം പുന:സംഘടന ഈ മാസം 20 അകം തീർക്കാനും തീരുമാനമായി. ഇത് സംബന്ധിച്ച് പട്ടിക നൽകാൻ ഡിസിസികൾക്ക് അന്ത്യശാസനം നൽകി.
പരിശോധന പൂർത്തിയായി
?️ഇടുക്കി ചെറുതോണി അണക്കെട്ടിൽ ഡാം സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധന പൂർത്തിയായി. ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ചതിനു പിന്നാലെയാണ് ഡാം സേഫ്റ്റി ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തിയത്. ഷട്ടർ റോപ്പിൽ ദ്രാവകം ഒഴിച്ച സംഭവത്തിൽ റോപ്പിന് കോടു പാടുകൾ പറ്റിയിട്ടില്ലെന്ന് ഡപ്യൂട്ടി ചീഫ് എൻജീനിയർ പി.എൻ ബിജു വ്യക്തമാക്കി.
എം പിമാരിൽ 40% ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ
?️പാർലമെന്‍റിന്‍റെ ഇരുസഭകളിലുമായുള്ള 763 അംഗങ്ങളിൽ 40% ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികൾ. 73% ശതമാനം എംപിമാരും പ്രതികളായ കേരളമാണ് ഇക്കാര്യത്തിലും നമ്പർ വൺ! തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് നൽകുന്ന സത്യവാങ്മൂലത്തിലെ വിവരങ്ങളനുസരിച്ച് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്സ് റിഫോംസ് (ADR), നാഷണൽ ഇലക്ഷൻ വാച്ച് (NEW) എന്നീ സംഘടനകൾ ചേർന്നാണ് ഇതു സംബന്ധിച്ച പട്ടിക തയാറാക്കിയത്.
കോഴക്കേസിൽ ഹാജരാവാൻ കെ. സുരേന്ദ്രന് കർശന നിർദേശം
?️മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനടക്കം മുഴുവൻ പ്രതികളും കോടതിയിൽ ഹാജരാവാൻ കർശന നിർദേശം. ഈ മാസം 21 ന് കാസർഗോഡ് ജില്ലാ സെക്ഷൻസ് കോടതിയിൽ ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലാത്ത സാഹചര്യത്തിലാണ് കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്.
5 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ 16 മുതൽ
?️ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണയുടെ പ്രാരംഭ നടപടികൾ ചൊവ്വാഴ്ച ആരംഭിച്ചു. എറണാകുളം പോക്സോ കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്‍റെ വിചാരണ ഈ മാസം 16ന് ആരംഭിക്കും.
ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റി
?️എസ്.എന്‍.സി ലാവലിന്‍ കേസ് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇൾപ്പെടുള്ളവര കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ നൽകി ഹർജിയാണ് വീണ്ടും മാറ്റിവച്ചത്. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് മാറ്റിവച്ചത്. മറ്റൊരു കേസിന്‍റെ തിരക്കിലാണെന്ന് സിബിഐ കോടതിയെ അറിയിക്കുകയാരുന്നു. തുടർച്ചയായ 35-ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.
തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമം
?️കേരളത്തിൽ ഐഎസ് മോഡൽ തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും ഇതു തകർത്തെന്നും എന്‍ഐഎ വെളിപ്പെടുത്തൽ.
“പെറ്റ് ലവേഴ്സ്” എന്ന പേരിൽ ഐഎസ് മോഡൽ സംഘടന ടെലിഗ്രാം ഗ്രൂപ്പ് വരെ ആരംഭിച്ചിരുന്നു എന്നാണ് വിവരം. ചെന്നൈയിൽ നിന്നു പിടിയിലായ തൃശൂർ മൊഡ്യൂൾ നേതാവ് സയീദ് നബീൽ അഹമ്മദിൽനിന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.
മഴ ശക്തമാകാന്‍ സാധ്യത
?️സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. മധ്യ- തെക്കന്‍ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഇതേ തുടർന്ന് എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലൊ അലർട്ട് പ്രഖ്യാപിച്ചു.
യുപി ലക്ഷ്യം വെച്ച് കോൺഗ്രസ്
?️ഇന്ത്യ ഭരിക്കാൻ യുപി പിടിക്കണമെന്നൊരു രാഷ്‌ട്രീയ പഴമൊഴിയുണ്ട് രാജ്യത്ത്. ഉത്തർ പ്രദേശ് കൈവിട്ടതോടെയാണ് പാർലമെന്‍റിലും കോൺഗ്രസിന്‍റെ അടിത്തറയിളകിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ പരമാവധി സീറ്റ് നേടി പാർലമെന്‍റിൽ ആധിപത്യമുറപ്പിക്കാനുള്ള നീക്കത്തിലാണിപ്പോൾ പാർട്ടി. ഇതിന്‍റെ ഭാഗമായി ദേശീയ പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ചില പ്രധാന നേതാക്കളെ സംസ്ഥാനത്തുനിന്ന് പാർലമെന്‍റിലേക്കു മത്സരിപ്പിക്കാൻ ആലോചന നടക്കുന്നു എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
മണിപ്പൂരിലെ വെടിവയ്പ്പിൽ 3 മരണം
?️മണിപ്പൂരിലെ കാങ്പോക്പിയിൽ ഇന്നലെ രാവിലെ ഉണ്ടായ വെടിവയ്പ്പിൽ 3 മരണം. കുകി വിഭാഗക്കാരായ മൂന്നു പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സംഘർഷത്തിനു പിന്നിൽ മെയ്തെയ് വിഭാഗക്കാരാണെന്ന് കുകി സംഘടനകൾ ആരോപിക്കുന്നു. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
യൂണിഫോമിലും താമര
?️രാജ്യത്ത് പുതിയ രാഷ്‌ട്രീയ വിവാദത്തിനു വഴിതെളിച്ചുകൊണ്ട് പാർലമെന്‍റ് ജീവനക്കാരുടെ പുതിയ യൂണിഫോം ഡിസൈൻ. ലെജിസ്ലേറ്റീവ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് ക്രീം നിറത്തിലുള്ള ഷർട്ടിൽ പിങ്ക് നിറത്തിലുള്ള താമരയുടെ ആകൃതയിലുള്ള ഡിസൈനാണ് നൽകിയിരിക്കുന്നത്. ഇതിനൊപ്പം കാക്കി പാന്‍റ്സും ക്രീം കളർ ജാക്കറ്റും. ഇന്ത്യയുടെ ദേശീയപുഷ്പം എന്ന നിലയിലാണ് ഡിസൈൻ എങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് താമര എന്നത് പ്രതിപക്ഷത്തെ അസ്വസ്ഥമാക്കും. പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18ന് പുതിയ മന്ദിരത്തിൽ ചേരുമ്പോൾ ഈ യൂണിഫോമിലായിരിക്കും ജീവനക്കാർ. സ്ത്രീകൾക്ക് സമാനമായ സാരിയും നൽകും.
ഇന്ത്യക്ക് കൂറ്റൻ ജയം
?️മഴക്കളിയിൽ വെടിക്കെട്ട് നടത്തിയ ഇന്ത്യക്ക് കൂറ്റൻ ജയം. ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർഫോറിൽ പാകിസ്ഥാനെ 228 റണ്ണിന് തരിപ്പണമാക്കി. എട്ട് ഓവറിൽ 25 റൺ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത സ്‌പിന്നർ കുൽദീപ് യാദവാണ് അയൽക്കാരുടെ കഥ കഴിച്ചത്. റണ്ണിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനെതിരെ നേടുന്ന വലിയ വിജയമാണ്.
സ്‌കോർ: ഇന്ത്യ 2–-356 (50 ഓവർ), പാകിസ്ഥാൻ 128 (32)
മഴമൂലം രണ്ടുദിവസമായി നടന്ന കളിയിൽ ബാറ്റിലും പന്തിലും ഇന്ത്യക്കായിരുന്നു നിയന്ത്രണം.
ഗോൾഡ് റേറ്റ്
ഗ്രാമിന് 5484 രൂപ
പവന്റെ വില 43872 രൂപ