വാർത്ത പ്രഭാതം


           
പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിൽ വിവാദ ബില്ലുകളില്ല
?️ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്, രാജ്യത്തിന്‍റെ പേരു മാറ്റം തുടങ്ങി അഭ്യൂഹങ്ങളിൽ പ്രചരിച്ച വിവാദ ബില്ലുകൾ ഒന്നുമില്ലാതെ പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിന്‍റെ അജൻഡ. നേരത്തെ, അജൻഡ പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായി പ്രത്യേക സമ്മേളനം വിളിച്ചതാണ് അഭ്യൂഹങ്ങൾക്കു വഴി തെളിച്ചത്. എന്നാൽ, കേന്ദ്ര സർക്കാർ ബുധനാഴ്ച വൈകിട്ട് പുറത്തുവിട്ട അജൻഡയിൽ, പാർലമെന്‍റിന്‍റെ 75 വർഷത്തെ യാത്ര സംബന്ധിച്ച പ്രത്യേക ചർച്ചയാണ് ആദ്യ ദിവസത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ അവതരിപ്പിക്കാനിരിക്കുന്ന ബില്ലുകളുടെ പട്ടികയും നൽകിയിട്ടുണ്ട്.

കോഴിക്കോട് ആരോഗ്യപ്രവർത്തകന് നിപ സ്ഥിരീകരിച്ചു
?️കോഴിക്കോട് ചികിത്സയിൽ കഴിഞ്ഞിരുന്ന ആരോഗ്യ പ്രവർത്തകന് നിപ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ആണ് ഒരാൾക്കു കൂടി നിപ ബാധിച്ചതായി വെളിപ്പെടുത്തിയത്. 24 വയസുള്ള ആരോഗ്യ പ്രവർത്തകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തേ തയാറാക്കിയ സമ്പർക്കപ്പട്ടികയിൽഉൾപ്പെട്ടയാളാണ് ഇയാളെന്നാണ് നിഗമനം. ഇതോടെ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചായി. മുൻപ് നിപ ബാധിച്ചവരുടേത് അടക്കം 706 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 153 പേർ ആരോഗ്യപ്രവർത്തകരാണ്. 30ന് മരിച്ച രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 13 പേർ കോഴിക്കോട് മെഡിക്കൽ കോളെജിൽ ഐസൊലേഷൻ വാർഡിലാണ്.

7 പഞ്ചായത്തുകൾ കണ്ടയിന്‍മെന്‍റ് സോൺ; തിരുവനന്തപുരത്ത് വിദ്യാർത്ഥി നിരീക്ഷണത്തിൽ
?️നാലാമതും നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. കോഴിക്കോടും സമീപ ജില്ലകളും അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. ജില്ലയിലെ 7 ഗ്രാമപഞ്ചായത്തുകളുൾപ്പെട്ട 43 വാർഡുകൾ കണ്ടയിന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടയിന്‍മെന്‍റ് സോണുകളായ പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കുന്നതല്ല. ബാങ്കുകൾ, സ്കുളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പടെയുള്ളവ അടച്ചിടാന്‍ നിർദേശം നൽകി. അതേസമയം, തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുകയാണ്. സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെത്തിയ ഡെന്‍റൽ കോളെജ് വിദ്യാർത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങൾ കൂടുതൽ പരിശേധനയ്ക്കായി പൂനെ വൈറോളജി ഇന്‍റസ്റ്റിറ്റൂട്ടിലേക്ക് അയച്ചു.

കോഴിക്കോട് ജില്ലയിൽ കടുത്ത നിയന്ത്രണം
?️കോഴിക്കോട് നിപ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലായ കൂടുതൽ ആളുകളെ കണ്ടെത്തി. മൂന്നു കേസുകളിൽ നിന്നായി 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്ക പട്ടികയിൽ 281 പേരും ചികിത്സയിലിരിക്കുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 50 പേരുമാണ് ഉള്ളത്.നിപ സ്ഥിരീകരിച്ചവരുടെ ഉൾപ്പെടെ ആകെ 7 സാമ്പിളുകളാണ് നിലവിൽ പരിശോധനയ്ക്കയച്ചത്.

2 ആരോഗ്യ പ്രവർത്തകർക്ക് നിപയെന്ന് സംശയം
?️2 ആരോഗ്യപ്രവർത്തകർക്ക് നിപ രോഗബാധയെന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെ സ്രവ സാംപിളുകൾ പൂനെയിലേക്ക് പരിശോധനയ്ക്കയച്ചു.

നിപ: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
?️സംസ്ഥാനത്ത് മരിച്ചവരുൾപ്പെടെ നാലു പേർക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച വൈകിട്ട് നാലരയ്ക്ക് ഓൺലൈനായാണ് യോഗം ചേരുക. 5 മന്ത്രിമാരാവും യോഗത്തിൽ പങ്കെടുക്കുക.ആരോഗ്യ വകുപ്പ് ഇതുവരെ സ്വീകരിച്ചുട്ടുള്ള നടപടികൾ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരിക്കും. ജില്ലയിലെ നിലവിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തും. കോഴിക്കോട് കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടു പേർക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് നിലവിൽ നിപ സ്ഥിരീകരിച്ചിരിക്കുന്നത്.

മലപ്പുറത്തും നിപ ജാഗ്രതാ നിർദേശം
?️മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിൽ തുടരുന്നത്.

നിപ ചികിത്സയ്ക്കുള്ള മരുന്നുകൾ വൈകാതെ എത്തും
?️നിപ ചികിത്സയ്ക്കായുള്ള മരുന്നുകൾ കോഴിക്കോട് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐസിഎംആറുമായി ഇത് സംബന്ധിച്ചുള്ള ചർച്ച നടത്തി. വിമാനമാർഗമാവും മരുന്നുകൾ എത്തുക. നിപ രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഓൺലൈന്‍ ക്ലാസുകൾ നടത്തും: വി. ശിവന്‍കുട്ടി
?️നിപ പശ്ചാത്തലത്തിൽ കണ്ടെയിന്‍മെന്‍റ് സോണുകളിൽ ഉൾപ്പെട്ട മുഴുവന്‍ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് അറ്റന്‍ഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈന്‍ ക്ലാസുകൾ സംഘടിപ്പാന്‍ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

നിപ: കേരളത്തിൽ നിന്നെത്തുന്നവർക്ക് പരിശോധന കർശനമാക്കി തമിഴ്നാട്
?️കേരളത്തിൽ കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തു തമിഴ്നാട്. കേരളവുമായി അതിർത്തി പങ്കിടുന്ന എല്ലാ ജില്ലകളിലും പരിശോധന കർശനമാക്കാനാണ് തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം. പനി ലക്ഷണങ്ങൾ ഉള്ളവർക്ക് ഐസൊലേഷന്‍ വാർഡിൽ ചികിത്സ നൽകാനും തീരുമാനിച്ചതായാണ് റിപ്പോർട്ട്.

ഒന്നരമാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം ചെളിയിൽ നിന്നും കണ്ടെത്തി: അമ്മ കസ്റ്റഡിയിൽ
?️ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ നിന്നും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ കുട്ടിയുടെ അമ്മയെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.അമ്മയെയും കുഞ്ഞിനെയും കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. കുട്ടിയെ ചെളിയിൽ മുക്കി കൊന്നെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കുഞ്ഞിനെ കണ്ടെത്തി ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തൃശൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
?️ചൊവ്വൂരിൽ കൊലക്കേസ് പ്രതിയുടെ വെട്ടേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരന്‍ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് പിടിയിലായത്.ആക്രമണത്തിനു ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിന്ന് ഇന്ന് പുലർച്ചെ 1 മണിയോടെ ദേശീയപാത തൃശൂർ നന്ദിക്കരയിൽ വച്ച് പിടികൂടുകയായിരുന്നു.

ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
?️മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. 46 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.2016ൽ കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളുടെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളെജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപ്പെടുത്തിയെന്നുമായിരുന്നു കേസ്.

മണിപ്പൂരിൽ സ്നൈപ്പറുടെ വെടിയേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു
?️മണിപ്പൂരിലെ ചുരാചന്ദ്പുരിൽ സ്നൈപ്പറുടെ വെടിയേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ഒങ്കോമാങ് എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. പ്രദേശത്തുണ്ടായിരുന്ന രണ്ടു പേർക്കു വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവരുടെ വിശദാംശങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല.

രാജസ്ഥാനിൽ ബസിനു പുറകിൽ ട്രക്ക് ഇടിച്ചുകയറി: 11 പേർ മരിച്ചു, 12 പേർ‌ക്ക് പരിക്ക്
?️രാജസ്ഥാനിലെ ഭരത്പൂരിൽ ദേശീയ പാതയിൽ ട്രക്ക് ബസിലേക്ക് ഇടിച്ച് 11 പേർ മരിച്ചു. 12 പേർക്ക് പരിക്ക്. രാജസ്ഥാനിലെ പുഷ്‌കറിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് പോവുകയായിരുന്ന ബസ് ഹന്‍ത്രയില്‍ ജയ്പൂര്‍- ആഗ്ര ഹൈവേയിൽവച്ച് അപകടത്തിൽപെടുകയായിരുന്നു.

ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11ന് ഹാജരാകണമെന്ന് വിചാരണക്കോടതി
?️മാധ്യമ പ്രവർത്തകനായ കെ.എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11 നു ഹാജരാകാന്‍ വിചാരണക്കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി അനില്‍കുമാറാണ് ഉത്തരവിട്ടത്. നേരത്തെ കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷന്‍ ഹര്‍ജിയുമായി ചെന്ന ശ്രീറാമിന് സുപ്രീംകോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പ്രതിയെ വിചാരണക്കായി കോടതി വിളിച്ചു വരുത്തുന്നത്.

ഉണ്ണിമുകുന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
?️സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഉണ്ണി മുകന്ദനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. കേസ് ഒത്തു തീർപ്പായെന്ന് പരാതിക്കാരി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. 2017 ൽ എറണാകുളത്തെ ഫ്ളാറ്റിൽ സിനിമയുടെ ഭാഗമായി തിരക്കഥ ചർച്ച ചെയ്യാനെത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നുമായിരുന്നു കേസ്.

യുവാവിന്‍റെ വെട്ടേറ്റ് ചികിത്സയിലിരുന്ന നഴ്സിങ് വിദ്യാർഥി മരിച്ചു
?️എറണാകുളം കുറുപ്പംപടിയിൽ യുവാവ് വീട്ടിൽ കയറി വെട്ടിയ പെൺകുട്ടി മരിച്ചു. കുറുപ്പംപടി രായമങ്കലത്ത് പാണിയാടൻ ബിനു ജേക്കബിന്‍റേയും മഞ്ചുവിന്‍റേും മകൾ അൽക്ക അന്ന ബിനുവാണ് (20) മരിച്ചത്. പെൺകുട്ടിയെ വെട്ടിയ ഇരിങ്ങോൾ മുക്കളംഞ്ചേരി ബേസിൽ (21) ആക്രമണത്തിനു പിന്നാലെ വീട്ടിൽ തൂങ്ങി മരിച്ചിരുന്നു.പ്രണയാഭ്യർഥന നിരസിച്ചതിന് സെപ്ടംബർ അഞ്ചിനായിരുന്നു ആക്രമണം.

ബിജെപി നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു
?️മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ടേക്ക് എ ബ്രേക്ക് പദ്ധതി
?️സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ശുചിമുറി സമുച്ചയങ്ങൾ ഒരുക്കുന്ന 1722 ടേക്ക് എ ബ്രേക്ക് പദ്ധതികളിൽ 1032 എണ്ണം പൂർത്തീകരിക്കുകയും 971 എണ്ണം പ്രവർത്തനം തുടങ്ങുകയും ചെയ്തെന്നും മന്ത്രി എം ബി രാജേഷ് നിയമസഭയില്‍ അറിയിച്ചു.

വാഹനങ്ങളിൽ ഓൾട്ടറേഷൻ നടത്തുന്നവർ സാക്ഷ്യപത്രം നൽകണം
?️വാഹനങ്ങളില്‍ ഓൾട്ടറേഷൻ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്കു വിധേയമാണെന്നും അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഉള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വാഹനങ്ങള്‍ അഗ്‌നിക്കിരയാവുന്നത് സംബന്ധിച്ചുള്ള അനൂപ് ജേക്കബിന്‍റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

മാർഗനിർദേശം നൽകാൻ കേന്ദ്രത്തോട് നിർദേശിച്ച് സുപ്രീം കോടതി
?️കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് മാധ്യമങ്ങൾക്ക് നൽകുന്ന വാർത്താക്കുറിപ്പ് മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്നതാകരുതെന്ന് സുപ്രീം കോടതി. മാധ്യമങ്ങൾക്കു വാർത്താക്കുറിപ്പു തയാറാക്കുന്നതിൽ മൂന്നു മാസത്തിനകം സമഗ്രമായ മാർഗനിർദേശം തയാറാക്കി നൽ‌കണമെന്നും സുപ്രീം കോടതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ പി.എസ്. നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് നിർദേശം. മാർഗനിർദേശം തയാറാക്കുന്നതിനായി എല്ലാം സംസ്ഥാനങ്ങളിലെയും ഡിജിപിമാരോട് നിർദേശങ്ങൾ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പാർലമെന്‍റ് പ്രത്യേക സമ്മേളനം: 17ന് സർവകക്ഷിയോഗം
?️പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിനു മുന്നോടിയായി സെപ്റ്റംബർ 17ന് സർവ കക്ഷിയോഗം വിളിച്ച് കേന്ദ്ര സർക്കാർ. 18നാണ് പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം തുടങ്ങുന്നത്. പാർലമെന്‍റ്കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സർവകക്ഷിയോഗത്തിനു ക്ഷണിച്ചു കൊണ്ടുള്ള കത്ത് എല്ലാ പാർട്ടി നേതാക്കൾക്കും ഇമെയിൽ വഴി അയച്ചതായി മന്ത്രി എക്സിലൂടെ അറിയിച്ചു. ഓഗസ്റ്റ് 31നാണ് അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കുന്നതായി പ്രഹ്ളാദ് ജോഷി പ്രഖ്യാപിച്ചത്.
ജാതി സെന്‍സസ്
?️കേരളത്തില്‍ ജാതി സെന്‍സസ് നടത്തുന്ന വിഷയത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നു മന്ത്രി കെ. രാധാകൃഷ്ണന്‍. പി.കെ. ബഷീറിന്‍റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസ് വിഷയം സംസ്ഥാനസര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. 2011ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സാമ്യൂഹ്യ-സാമ്പത്തിക ജാതി സെന്‍സസിന്‍റെ വിശദാംശങ്ങള്‍ കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിശദാംശങ്ങള്‍ ഒരു ഏജന്‍സിക്കും കൈമാറാനാകില്ല എന്നാണു കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന പിന്നാക്കവിഭാഗ കമ്മിഷനെ അറിയിച്ചത്

മെയ്ക്ക് ഇൻ ഇന്ത്യക്ക് പുടിന്‍റെ പ്രശംസ
?️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ അടക്കം പുകഴ്‌ത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍. ഇന്ത്യ അതിലൂടെ സ്വന്തം രാജ്യത്ത് ഉത്പന്നങ്ങള്‍ നിർമിക്കുന്നതും ഉപയോഗിക്കുന്നതും വര്‍ധിപ്പിക്കുകയാണെന്നും, അതുപോലെ റഷ്യയില്‍ റഷ്യയ്‌ക്കകത്ത് നിർമിക്കുന്ന ഉത്പന്നങ്ങളുടെ ഉപഭോഗം വര്‍ധിപ്പിക്കണമെന്നും പുടിന്‍ ചൂണ്ടിക്കാട്ടി. മോദി എപ്പോഴും ശരിയായ കാര്യങ്ങള്‍ മാത്രം ചെയ്യുന്നുവെന്നും പുടിന്‍ പ്രശംസിച്ചു.

പാക്കിസ്ഥാൻ വിദേശഭീകരരെ അയയ്ക്കുന്നു: സൈന്യം
?️ജമ്മു കശ്മീരിന്‍റെ വികസനം തടസപ്പെടുത്താൻ പാക്കിസ്ഥാൻ വിദേശ ഭീകരരെ ഇവിടേക്കു കടത്തിവിടാൻ ശ്രമിക്കുന്നെന്നു കരസേനയുടെ ഉത്തര കമാൻഡ് മേധാവി ലെഫ്റ്റനന്‍റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. രജൗറി, പൂഞ്ച് മേഖലകളിലെ നിയന്ത്രണരേഖയിൽ വിദേശ ഭീകരരെ ഇല്ലാതാക്കാൻ സൈന്യം എല്ലാ ശ്രമവും നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

നർമദാ തീരത്ത് ആദിശങ്കര പ്രതിമ പൂർത്തിയായി
?️മധ്യപ്രദേശിൽ നർമദാ നദീ തീരത്തെ ഓംകാരേശ്വറിൽ ആദി ശങ്കരാചാര്യരുടെ കൂറ്റൻ പ്രതിമ പൂർത്തിയായി. 18ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പ്രതിമ അനാവരണം ചെയ്യും. രാജ്യത്ത് ജ്യോതിർലിംഗ പ്രതിഷ്ഠയുള്ള 12 ശിവക്ഷേത്രങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമാണ് ഓംകാരേശ്വർ.

തൃണമൂൽ എംപി അഭിഷേക് ബാനർജിയെ ഇഡി ചോദ്യം ചെയ്തു
?️പശ്ചിമ ബംഗാളിലെ തൊഴിൽ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജി എൻഫോഴ്സ്മെന്‍റിനു മുന്നിൽ ഹാജരായി. ഇഡിക്കു മുന്നിൽ ഹാജരാകേണ്ടതിനാൽ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ യോഗം ബാനർജി ഒഴിവാക്കുകയായിരുന്നു.

വ്യോമസേനയ്ക്കു കരുത്തായി സി-295 വിമാനവും
?️വ്യോമസേനയുടെ നീക്കങ്ങൾക്കു കരുത്തുറ്റ പിന്തുണ നൽകാൻ ഇനി സി- 295 ട്രാൻസ്പോർട്ട് വിമാനവും. വിമാന നിർമാതാക്കളായ എയർബസുമായി 2021ൽ ഒപ്പുവച്ച കരാർ പ്രകാരമുള്ള ആദ്യ വിമാനം സ്പെയ്‌നിലെ സെവിയ വ്യോമതാവളത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ വ്യോമസേനയ്ക്കു കൈമാറി. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ പി.എസ്. നേഗി നിയന്ത്രിക്കുന്ന വിമാനം മാൾട്ട, ഈജിപ്റ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇറങ്ങിയ ശേഷം വഡോദര വ്യോമതാവളത്തിലെത്തും. ഈ മാസം അവസാനം ഹിൻഡൻ വ്യോമതാവളത്തിൽ നടക്കുന്ന ചടങ്ങിൽ വിമാനം വ്യോമസേനയുടെ ഭാഗമാകും.

ശബരി റെയിൽപാത!?️ശബരി റെയ്ൽപാതയ്ക്കായി ഭരണപ്രതിപക്ഷ ഭേദമെന്യേ കേരളത്തിലെ ജനപ്രതിനിധികൾ ഒന്നിച്ച് ശബ്ദമുയർത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.ഈ പാത വന്നാൽ തീർഥാടകർക്കു മാത്രമല്ല ഗുണം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ സാമ്പത്തികവളർച്ചയും വേഗപ്പെടുത്തും.

സ്കൂൾ പാചക തൊഴിലാളികൾക്കു പെൻഷൻ!
?️സ്കൂൾ പാചകത്തൊഴിലാളികൾക്ക് പെൻഷൻ ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കാമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. നിലവിൽ അവർക്ക് ഓണറേറിയമാണു നൽകുന്നത്. ഓണറേറിയം നൽകുന്നവർക്കു നിശ്ചിത വിരമിക്കൽ പ്രായമോ വിരമിച്ചശേഷം പെൻഷൻ നൽകുന്ന പദ്ധതിയോ ഇല്ല.500 കൂട്ടികൾക്ക് ഒരാൾ എന്ന കണക്കിൽ സംസ്ഥാനത്ത് ആകെ 13,611 സ്കൂൾ പാചകത്തൊഴിലാളികളാണുള്ളത്.

മീര നന്ദൻ വിവാഹിതയാകുന്നു?️മലയാളികളുടെ പ്രിയതാരം മീരാ നന്ദൻ വിവാഹിതയാകുന്നു. വിവാഹനിശ്ചയത്തിന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കു വച്ചു. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാണ് വരൻ. വിവാഹനിശ്ചയ ചടങ്ങിന്‍റെ ഫോട്ടോഗ്രഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഇൻസ്റ്റഗ്രാം പേജിൽ ഇരുവരും കണ്ടു മുട്ടിയതിനെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് മീരയും ശ്രീജുവു പരിചയപ്പെട്ടതെന്നാണ് കുറിപ്പിലുള്ളത്.

ഇന്ത്യൻ വിദ്യാർഥിയുടെ ജീവനു വിലയില്ലെന്ന് യുഎസ് പൊലീസ്
?️യുഎസിൽ പൊലീസ് വാഹനമിടിച്ചു കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർഥിനിയുടെ ജീവൻ വിലയില്ലാത്തതെന്ന് അമെരിക്കൻ പൊലീസ് ഉദ്യോഗസ്ഥന്‍റെ പരിഹാസം. ഒരു ചെക്ക് എഴുന്നതിൽ തീരുമെന്നും അധിക്ഷേപം. സിയാറ്റിലിൽ റോഡ് മുറിച്ചുകടക്കുമ്പോൾ പൊലീസ് വാഹനമിടിച്ചു മരിച്ച ആന്ധ്ര പ്രദേശ് സ്വദേശി ജാഹ്നവി കണ്ഡുലയുടെ മരണത്തെയാണ് യുഎസ് പൊലീസ് ഉദ്യോഗസ്ഥൻ പരിഷ്കൃത ലോകത്തിനു ഞെട്ടലുണ്ടാക്കുന്ന വിധത്തിൽ പരിഹാസച്ചിരിയോടെ അധിക്ഷേപിച്ചത്.

ഹോങ്കോങ്ങിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ
?️സൗത്ത് കൊറിയന്‍ വനിതാ വ്ലോഗർ നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ ഹിമാചൽ സ്വദേശി അറസ്റ്റിൽ. അമിത് ജാരിയാൽ (46) ആണ് ഹോങ്കോങ്ങിൽ അറസ്റ്റിലായത്. ഇയാൾ ഹോങ്കോങ്ങിലെ രാജസ്ഥാന്‍ റിഫിൾസ് എന്ന ഹോട്ടലിലെ ജീവനക്കാരനായിരുന്നു എന്ന് ആദ്യം റിപ്പോർട്ട് വന്നിരുന്നെങ്കിലും ഹോട്ടൽ അധികൃതർ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

വാർത്താക്കുറിപ്പ് മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്നതാകരുതെന്ന് സുപ്രീം കോടതി
?️കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് മാധ്യമങ്ങൾക്ക് നൽകുന്ന വാർത്താക്കുറിപ്പ് മാധ്യമ വിചാരണയ്ക്ക് വഴിയൊരുക്കുന്നതാകരുതെന്ന് സുപ്രീം കോടതി. മാധ്യമങ്ങൾക്കു വാർത്താക്കുറിപ്പു തയാറാക്കുന്നതിൽ മൂന്നു മാസത്തിനകം സമഗ്രമായ മാർഗനിർദേശം തയാറാക്കി നൽ‌കണമെന്നും സുപ്രീം കോടതി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് നിർദേശിച്ചു.

സനാതന ധർമ വിവാദം: ഇനി പ്രതികരിക്കേണ്ടെന്ന് സ്റ്റാലിൻ
?️സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ അവസാനിപ്പിക്കാൻ പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍റെ നിർദേശം. പകരം കേന്ദ്ര സർക്കാരിന്‍റെ അഴിമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്റ്റാലിൻ. മന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിന്‍റെ സനാതന ധർമ വിരുദ്ധ പ്രസ്താവന ഉയർത്തിയ വിവാദം അനുദിനം ശക്തമാകുന്നതിനിടെയാണു ഡിഎംകെ നേതാവ് അണികൾക്കായി പ്രസ്താവന പുറപ്പെടുവിച്ചത്.

ഐസിസി റാങ്കിങ്: ഗില്ലിനു മുന്നിൽ ഇനി ബാബർ മാത്രം
?️ഐസിസിയുടെ ഏകദിന ക്രിക്കറ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ യുവതാരം ശുഭ്‌മാൻ ഗിൽ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിലെത്തി. ഏഷ്യ കപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഗിൽ മൂന്നാം സ്ഥാനത്തുനിന്ന് രണ്ടാം സ്ഥാനത്തേക്കുയർന്നപ്പോൾ മുകളിൽ പാക് ക്യാപ്റ്റൻ ബാബർ അസം മാത്രം. 2019 ജനുവരിക്കു ശേഷം ആദ്യമായി മൂന്ന് ഇന്ത്യൻ ബാറ്റർമാർ ഐസിസി റാങ്കിങ്ങിന്‍റെ ടോപ് ടെന്നിലെത്തുന്നതും ഇപ്പോഴാണ്.

ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ സൂപ്പർഫോറിൽ ഇന്ത്യ ഫൈനലിൽ
?️ദുനിത്‌ വെല്ലാലഗെയുടെ പോർവീര്യത്തിൽ പതറിയെങ്കിലും ഏഷ്യാകപ്പ്‌ ഏകദിന ക്രിക്കറ്റ്‌ സൂപ്പർഫോറിൽ ഇന്ത്യ ശ്രീലങ്കയെ കീഴടക്കി. ആവേശകരമായ മത്സരത്തിൽ 41 റണ്ണിനാണ്‌ ജയം. തുടർച്ചയായ രണ്ടാംജയത്തോടെ രോഹിത്‌ ശർമയും കൂട്ടരും ഫൈനലിലെത്തി. ഞായറാഴ്‌ചയാണ്‌ ഫൈനൽ. ഏകദിനത്തിൽ തുടർച്ചയായ 13 ജയങ്ങളുമായുള്ള ലങ്കയുടെ കുതിപ്പാണ്‌ അവസാനിച്ചത്‌.

ഫൈനൽ ലക്ഷ്യമിട്ട് പാക്കിസ്ഥാനും ശ്രീലങ്കയും
?️ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയെ നേരിടുന്ന ടീമേതെന്ന് വ്യാഴാഴ്ച അറിയാം. പാക്കിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടുന്ന സൂപ്പർ ഫോർ മത്സരം സെമി ഫൈനലിനു തുല്യം. രണ്ടു കളി തോറ്റ ബംഗ്ലാദേശ് പുറത്തായിക്കഴിഞ്ഞു. പാക്കിസ്ഥാനെയും ശ്രീലങ്കയെയും തോൽപ്പിച്ച ഇന്ത്യ ഫൈനൽ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ഗോൾഡ് റേറ്റ്
ഗ്രാമിന് 5450 രൂപ
പവന് 43600 രൂപ