വാർത്താ പ്രഭാതം

 

*സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം*

?️സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷ വർധിപ്പിച്ച് രാജ്യം. ചെങ്കോട്ടയിൽ മെയ്തെയ് – കുക്കി വിഭാഗക്കാരുടെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കിയത്. പ്രധാന നഗരങ്ങളിലെല്ലാം പരിശോധന ശക്തമാണ്.

വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം നടത്തുന്നുണ്ട്. നഗരത്തിലെങ്ങും പരിശോധന, തന്ത്രപ്രധാന മേഖലകളിലെല്ലാം ത്രിതല സുരക്ഷാ വിന്യാസം തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്.

 

*താനെ മുൻസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം*

?️മഹാരാഷ്ട്രയിലെ താനെയിൽ മുനിസിപ്പൽ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം. 24 മണിക്കൂറിനുള്ളിൽ പതിനെട്ടോളം രോഗികൾ മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സാമനമായ കൂട്ടമരണങ്ങളുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ താനെ മുനിസിപ്പൽ കോർപ്പറേഷൻ അന്വേഷണം പ്രഖ്യാപിക്കുകയും, മഹാരാഷ്ട്ര സർക്കാർ ഉന്നത തല സമിതിയെ നിയോഗിക്കുകയും ചെയ്തു.

 

*’ഹർ ഘർ തിരംഗ’ ആചരണം*

?️സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ‘ഹർ ഘർ തിരംഗ’ ആചരിക്കുന്നതിന്‍റെ ഭാഗമായി സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ പതാകയാക്കാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് (ട്വിറ്റർ) പ്രധാനമന്ത്രിയുടെ ആഹ്വാനം.ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് ‘ഹർ ഘർ തിരംഗ’ ആചരിക്കുന്നത്. രാജ്യത്തെ എല്ലാം ജനങ്ങളും ‘ഹർ ഘർ തിരംഗ’ യുടെ ഭാഗമാവണമെന്ന് വെള്ളിയാഴ്ച് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

 

 

 

*മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്*

?️പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പു പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ 24 ന് എത്തും. അയർകുന്നത്തും പുതുപ്പള്ളിയിലും നടക്കുന്ന എൽഡിഎഫ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കും. 31 ന് ശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തുമെന്നാണ് വിവരം. ആദ്യഘട്ട പ്രചരണത്തിന് മറ്റുമന്ത്രിമാർ പങ്കെടുക്കില്ല.

 

*ഇനി കേരളത്തിൽ നിന്ന് വിയറ്റ്‌നാമിലേക്ക് വിമാനത്തിൽ!*

?️കേരളത്തിൽ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സർവീസ് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ആരംഭിച്ചു. വിയറ്റ്നാമിലെ ഹോ ചിമിൻ സിറ്റിയിലേക്ക് ആഴ്‌ചയിൽ നാലു ദിവസം നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് തുടങ്ങിയതോടെ കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് 45 പ്രതിവാര വിമാന സർവീസുകളായെന്ന് മന്ത്രി പി രാജീവ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

 

 

*പ്രിയങ്കാ ഗാന്ധിക്കെതിരേ കേസ്*

?️കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരേ കേസ്. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ ഇന്‍ഡോര്‍ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരാണെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണത്തിലാണ് കേസ് .50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാരിനെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തൂത്തെറിയുമെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിരുന്നു.

പ്രിയങ്കയുടെ പോസ്റ്റിനെതിരേ ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ നിമേഷ് പതക്ക് ആണ് പൊലീസില്‍ പരാതി നല്‍കിയത്.

 

*ആനന്ദപുരം-നെല്ലായി റോഡ് നിർമ്മാണത്തിന്10 കോടി രൂപ*

?️ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആനന്ദപുരം-നെല്ലായി റോഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ സാങ്കേതിക അനുമതി ലഭിച്ചു. സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള പ്രവൃത്തിക്കുള്ള സാങ്കേതിക അനുമതി നൽകിയത്. ബജറ്റിൽ 10 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരുന്നത്.

 

*മണിപ്പൂർ സംഘർഷം: 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കും*

?️മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട 9 കേസുകൾ കൂടി സിബിഐ ഏറ്റെടുക്കും. ഇതു വരെ സംഘർഷവുമായി ബന്ധപ്പെട്ട് 8 കേസുകളാണ് സിബിഐ ഏറ്റെടുത്തിരുന്നത്. ഇതോടെ സിബിഐ അന്വേഷിക്കുന്ന കേസുകളുടെ എണ്ണം 17 ആകും. ചുരാചന്ദ്പുരിലെ ലൈംഗികാക്രമണ ആരോപണവുമായി ബന്ധപ്പെട്ട കേസും സിബിഐ ഏറ്റെടുക്കാൻ സാധ്യതയുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ കേസുകളിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും അധികൃതർ പറയുന്നു.

 

*3 ജില്ലകളിലെ പിഎഫ്ഐ പ്രവർത്തകരുടെ വീടുകളിൽ എൻഐഎ റെയ്ഡ്*

?️നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രവർത്തകരായിരുന്നവരുടെ വീടുകളിൽ വീണ്ടും എൻഐഎ റെയ്ഡ്. മലപ്പുറം, കണ്ണൂർ, കൊല്ലം ജില്ലകളിലെ പ്രവർത്തരുടെ വീടുകളിലാണ് പുലർച്ചെയോടെ എൻഐഎ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയത്. നേരത്തെ നടന്ന പരിശോധനകളുടെ തുടർച്ചയാണ് ഈ റെയ്ഡും. പോപ്പുലർ ഫ്രണ്ടിനായി നടന്ന സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ചില രേഖകൾ കണ്ടെടുത്തതായുള്ള വിവരങ്ങൾ പുറത്തു വരുന്നുണ്ട്.

 

*35 ഡിഗ്രി ചൂടില്‍ കര്‍ക്കടകം*

?️തിരിമുറിയാതെ പെയ്യേണ്ട തിരുവാതിര ഞാറ്റുവേലയിലും കര്‍ക്കടകത്തിലും പ്രവചനങ്ങള്‍ തെറ്റിച്ച്‌ കനത്തചൂട് ഉയര്‍ന്നതിനു പിറകെ തുലാവര്‍ഷത്തിലും മഴ കുറഞ്ഞാല്‍ കടുത്ത വരള്‍ച്ചയ്ക്കും വൻകൃഷിനാശത്തിനും വഴിയൊരുങ്ങുമെന്ന് വിദഗ്ദ്ധര്‍. അതേസമയം, ഇത്തരം അസാധാരണ സാഹചര്യങ്ങളില്‍ രക്ഷയാകാറുള്ള ഇന്ത്യൻ ഓഷ്യൻ ഡൈപ്പോള്‍ എന്ന അനുകൂല പ്രതിഭാസമാണ് പ്രതീക്ഷ.

 

*തിരുവനന്തപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു*

?️കഠിനംകുളം ശാന്തിപുരത്ത് ബന്ധുവിന്റെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു. ശാന്തിപുരം റീനു ഹൗസിൽ റീച്ചാർഡ് (52) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റിച്ചാർഡിന്റെ സഹോദരീ മകൻ ശാന്തിപുരം അർത്തിയിൽ പുരയിടത്തിൽ സനിലിനെ (36) പൊലീസ് അറസ്റ്റ് ചെയ്‌തു. ഞായർ വൈകിട്ട് നാലോടെയാണ് സംഭവം.

 

*പുതുപ്പള്ളിയിൽ ലിജിൻ ലാൽ എൻഡിഎ സ്ഥാനാർഥിയായേക്കും*

?️പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി അറിയേണ്ടത് എൻഡിഎയുടെ സ്ഥാനാർഥിയെയാണ്. സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിൽ 2 പേരുകളാണ് ഉള്ളതെന്നാണ് സൂചന. കോട്ടയം ജില്ലാ പ്രസിഡന്‍റ് ലിജിൻ ലാൽ, പുതുപ്പള്ളി മണ്ഡലം ബിജെപി പ്രസിഡന്‍റ് മഞ്ജു പ്രദീപ് എന്നിവരാണ് പരിഗണനയിലുള്ളത്.

 

*പുരാവസ്തു തട്ടിപ്പു കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു*

?️പുരാവസ്തു തട്ടിപ്പിലെ കളളപ്പണ ഇടപാടിൽ ഇഡി അന്വേഷണം തുടങ്ങി. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും ഐജി ലക്ഷ്മണക്കും മുൻ കമ്മീഷണർ സുരേന്ദ്രനും നോട്ടീസ് അയച്ചു. സുധാകരന് ഈ മാസം 18 ന് ഹാജരാകാനാണ് നോട്ടീസ്. ലക്ഷ്മണയ്ക്ക് തിങ്കളാഴ്ചയുംസുരേന്ദ്രൻ 16 നും ഹാജരാകാനാണ് നിർദേശം.

 

*നടൻ ടൊവീനോയുടെ പരാതിയിൽ കേസ്*

?️സമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന നടൻ ടൊവീനോ തോമസിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ്. എറണാകുളം പനങ്ങാട് പൊലീസ് ആണ് നടന്‍റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഡിസിപ്പിക്കാണ് പരാതി നൽകിയത്.

 

*സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും*

?️സിപിഎം സംസ്ഥാന സമിതി ഇന്നും നാളെയും തിരുവനന്തപുരത്ത് ചേരും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ പാർട്ടി പിന്തുണ പ്രഖ്യാപിച്ചതിനാൽ കൂടുതൽ ചർച്ചകളിലേക്കോ വിമർശനങ്ങളിലേക്കോ കടക്കില്ലെന്നാണ് വിലയിരുത്തൽ.

 

 

*തിരുവല്ലയിൽ കണ്ടെത്തിയ മൃതദേഹം ആറുമാസം പ്രായമായ പെൺകുട്ടിയുടേത്‌*

?️തിരുവല്ല പുളിക്കിഴ് ജങ്‌‌ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച കുഞ്ഞിന്റെ മൃതദേഹം പെൺകുട്ടിയുടേതെന്ന് തിരിച്ചറിഞ്ഞു. ഞായർ രാത്രി 12 മണിയോടെ ഫോറൻസിക് സംഘം എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ് ചതുപ്പ് നിലത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തോളം പഴക്കം വരുമെന്ന് പുളിക്കീഴ് പൊലീസ് പറഞ്ഞു.

 

*ഫ്രീഡം ഫെസ്റ്റ് 2023*

?️സാങ്കേതിക വിദ്യയുടെ അതിനൂതന്മായ ആശയങ്ങൾ ചർച്ച ചെയ്യാനും പരിചയപ്പെടാനും സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് 2023ന്റെ വേദിയിൽ ശ്രദ്ധേയമായി വിക്കി സംഗമോത്സവം. മലയാളം വിക്കിപീഡിയ സമൂഹവും വിക്കിമീഡിയൻസ് ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ കൈറ്റ് സിഇഒ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്‌തു.

 

 

*ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കേരളം ഓവറോൾ ചാമ്പ്യൻ*

?️ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം സമാപിച്ചപ്പോൾ 397 പോയിന്റ് നേടി കേരളം ഒന്നാമത്‌. 45 പോയിന്റ് നേടി ഉത്തർപ്രദേശ് രണ്ടാം സ്ഥാനം നേടി. 43 പോയിന്റ് വീതം നേടി ഹരിയാനയും കർണാടകവും മൂന്നാം സ്ഥാനം പങ്കിട്ടു. ഏഴിനത്തിലായി എഴുന്നൂറിലധികം പേർ പങ്കെടുത്തു.

 

*ഡ്യുറൻഡ് കപ്പ്*

?️ഡ്യുറൻഡ് കപ്പ് ഗ്രൂപ്പ് ‘സി’യിൽ കേരള ബ്ലാസ്‌റ്റേഴ്‌‌സിനെ ഞെട്ടിച്ച് ഗോകുലം കേരള എഫ്‌‌സിയ്‌ക്ക് മിന്നും ജയം. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലം ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത്. അമിനൗ ബൗബ, ശ്രീകുട്ടൻ, അഭിജിത്ത്, അലക്സ് സാഞ്ചസ് എന്നിവർ ഗോകുലത്തിനായി ഗോളുകൾ നേടി.ആദ്യ പകുതിയിൽ 3-1ന് തകർന്ന ബ്ലാസ്‌റ്റേഴ്‌സിന് കരകയറാനായില്ല. ഇമ്മാനുവൽ ജസ്റ്റിൻ, പ്രബീർ ദാസ്, അഡ്രിയാൻ ലൂണ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഗോൾ നേടിയത്.

 

*ഇന്ത്യക്ക് ഏഷ്യൻ കിരീടം*

?️പൊരുതിക്കളിച്ച മലേഷ്യയെ കീഴടക്കി ഇന്ത്യൻ ഹോക്കി ടീമിന്‌ ഏഷ്യൻ കിരീടം. ചാമ്പ്യൻസ്‌ ട്രോഫി ഫൈനലിൽ മലേഷ്യയെ 4–-3ന്‌ പരാജയപ്പെടുത്തി. അവസാന 15 മിനിറ്റ്‌വരെ 1–-3ന്‌ പിറകിലായിരുന്ന ഇന്ത്യ മൂന്ന്‌ ഗോളടിച്ചാണ്‌ തിരിച്ചുവന്നത്‌. നാലാംതവണയാണ്‌ ഇന്ത്യ ജേതാക്കളാകുന്നത്‌. ഒറ്റക്കളിയും തോൽക്കാതെയാണ്‌ കിരീടനേട്ടം.

വിജയം കുറിച്ച നാലാംഗോൾ ആകാശ്‌ദീപ്‌ സിങ്ങിന്റേതായിരുന്നു. ജുഗ്‌രാജ്‌ സിങ്, ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്, ഗുർജന്റ്‌ സിങ് എന്നിവരും ഗോളടിച്ചു. മലേഷ്യയുടെ ഗോളുകൾ അബു കമൽ അസ്‌റായ്‌, റാസി റഹീം, അമിനുദീൻ മുഹമ്മദ്‌ എന്നിവർ നേടി.

 

*ജയമൊരുക്കി ജയ്‌സ്വാൾ–ഗിൽ*

?️ബാറ്റിങ്‌ കരുത്തുകാട്ടി യുവ ഇന്ത്യ. വെസ്‌റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി 20 ക്രിക്കറ്റ്‌ മത്സരത്തിൽ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളിന്റെയും (51 പന്തിൽ 84*) ശുഭ്‌മാൻ ഗില്ലിന്റെയും (47 പന്തിൽ 77) വെടിക്കെട്ട്‌ പ്രകടനം ഇന്ത്യക്ക്‌ ഒമ്പത്‌ വിക്കറ്റ്‌ ജയമൊരുക്കി. വെസ്‌റ്റിൻഡീസ്‌ ഉയർത്തിയ 179 റൺ ലക്ഷ്യം മൂന്നോവർ ശേഷിക്കെയാണ്‌ ഇന്ത്യ മറികടന്നത്‌. വിൻഡീസ്‌ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തിൽ 178 റണ്ണെടുത്തു. ഇതോടെ പരമ്പര 2–-2 എന്ന നിലയിലായി.