വാര്‍ത്തകള്‍ ചുരുക്കത്തില്‍

?മോദി പരാമര്‍ശത്തിന് അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനെന്ന സൂററ്റ് സിജെഎം കോടതിയുടേയും ഗുജറാത്ത് ഹൈക്കോടതിയുടേയും ഉത്തരവുകള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. രണ്ടു വര്‍ഷത്തെ തടവുശിക്ഷ സ്റ്റേ ചെയ്തതോടെ രാഹുല്‍ ഗാന്ധിക്ക് വയനാട് എംപിയായി തുടരാന്‍ വഴിയൊരുങ്ങി. പരമാവധി ശിക്ഷ നല്‍കാനുള്ളത്രയും ഗുരുതരമായ കുറ്റം വിചാരണകോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്ന് സുപ്രീം കോടതി ജസ്റ്റീസ് ബി.ആര്‍. ഗവായ് ഉത്തരവില്‍ പറഞ്ഞു. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിക്കുവേണ്ടി വാദിച്ച മനു അഭിഷേക് സിംഗ്വി പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള വിരോധംമൂലം ഒരു സമുദായത്തെ മുഴുവനായി അധിക്ഷേപിച്ചെന്ന് പരാതിക്കാരനു വേണ്ടി ഹാജരായ മഹേഷ് ജത് മലാനി ആരോപിച്ചു.

?സിപിഎം നേതാവും പോലീസ് ഡിവൈഎസ്പിയും ഒത്തുകളിച്ച് കോഴിക്കോട് മുക്കത്തെ പോക്‌സോ കേസ് പ്രതിയെ മാറ്റിയെന്ന് ആരോപണം. പ്രവാസി വ്യവസായിയെ രക്ഷിച്ചതിനു ഡിവൈഎസ്പിക്ക് റിസോര്‍ട്ട് സമ്മാനമായി നല്‍കിയെന്ന് പീഡനത്തിനിരയായ കുഞ്ഞിന്റെ രണ്ടാനച്ഛന്റെ ശബ്ദരേഖയില്‍ പറയുന്നു. സിപിഎം അച്ചടക്ക നടപടിയെടുത്ത മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസാണ് ഒത്താശകള്‍ ചെയ്തതെന്നാണ് ആരോപണം. തനിക്കു വലിയ വീട് വാഗ്ദാനം ചെയ്‌തെന്നും കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള രണ്ടാനച്ഛന്‍ പരോളില്‍ പുറത്തിറങ്ങി സുഹൃത്തിനോടു ഫോണില്‍ സംസാരിച്ച ശബ്ദരേഖയാണു പുറത്തായത്.
?ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എഎന്‍ ഷംസീറോ പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അള്ളാഹുവും ഗണപതിയും വിശ്വാസങ്ങളുടെ ഭാഗമാണ്. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമന്‍ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.

?മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍എസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയതിനു കേസെടുത്തിനെതിരേ എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചു. സ്പീക്കറുടെ മിത്ത് പരാമര്‍ശത്തിനെതിരേയും നിയമ നടപടി സ്വീകരിക്കാനും എന്‍എസ്എസ് നിയമോപദേശം തേടി.

?മിത്ത് വിവാദം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് സംശയിക്കണമെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമം. വര്‍ഗീയവാദികള്‍ക്ക് ആയുധം കൊടുക്കുന്ന നിലപാടാണു സിപിഎമ്മിന്റേത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തിരുത്തിയതുപോലെ സ്പീക്കറും തിരുത്തിയാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ. പ്രതിപക്ഷ നേതാവ് പറഞ്ഞു.

?മിത്ത് പരാമര്‍ശം വിശ്വാസികളെ വേദനിപ്പിച്ചെന്ന് ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. സ്പീക്കര്‍ ഖേദം പ്രകടിപ്പിക്കണം. ആവശ്യമെങ്കില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും കേരളത്തെ കലുഷിതമാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

?മിത്ത് പരാമര്‍ശത്തില്‍ എം.വി ഗോവിന്ദന്‍ നിലപാടു തിരുത്തിയതുപോലെ സ്പീക്കര്‍ ഷംസീറും തിരുത്തണമെന്ന് രമേശ് ചെന്നിത്തല. ഗണപതി മിത്താണെന്ന് ഗോവിന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇന്നു ഡല്‍ഹിയില്‍ ഗോവിന്ദന്‍ അതു തിരുത്തി. മിത്താണെന്നു പറഞ്ഞിട്ടില്ലെന്നു തിരുത്തയതുപോലെ സ്പീക്കറും തിരുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

?നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് 31 വരെ സാവാകശം അനുവദിച്ച് സുപ്രീം കോടതി. വിചാരണകോടതി ജഡ്ജിയുടെ ആവശ്യം അംഗീകരിച്ചാണ് സാവകാശം അനുവദിച്ചത്. ഇതേസമയം, കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതിയുടെ പരിഗണനയിലുണ്ട്.

?ബ്രഹ്മപുരം മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ പട്ടാളപുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് എത്രയും വേഗം അനുമതി നല്‍കി നടപ്പാക്കണമെന്നു ഹൈക്കോടതി. ബ്രഹ്മപുരത്തെ കെട്ടികിടക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനായി വിളിച്ച പുതിയ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനും അതിന്റെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കോടതിക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

?ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്‌സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്‌ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്‌സ്‌ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

?സംസ്ഥാനത്തെ ഭൂപതിവു ചട്ട ഭേദഗതി ബില്‍ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിലും അവതരിപ്പിക്കില്ല. നിയമസഭയുടെ പരിഗണനയ്ക്കു വച്ച 19 ബില്ലുകളില്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്ല് ഇല്ല. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ആവര്‍ത്തിച്ചു വാഗ്ദാനം ചെയ്യാറുണ്ട്.

?ധനവകുപ്പ് സപ്ലൈക്കോയ്ക്ക് 250 കോടി രൂപ അനുവദിച്ചെങ്കിലും വിപണി ഇടപെടലിന് ചെലവഴിക്കാനാകുന്നത് 70 കോടി രൂപ മാത്രം. 180 കോടി രൂപ നെല്ല് സംഭരണ കുടിശിക തീര്‍ക്കാനുള്ളതാണ്. ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്കും അവശ വിഭാഗങ്ങള്‍ക്കുമായി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ്.

?കോട്ടയം സിഎംഎസ് കോളജില്‍ എസ് എഫ് ഐ -കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ എറ്റുമുട്ടി എട്ടു പേര്‍ക്ക് പരിക്കേറ്റു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ ക്യാമ്പസില്‍ ഒരുക്കിയ കലാപരിപാടികളെച്ചൊല്ലിയാണ് അടിപിടി ഉണ്ടായത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ വീണ്ടും ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദ്ദിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം അജയന്റെ നേതൃത്വത്തിലാണ് അടിയുണ്ടാക്കിയതെന്ന് കെ എസ് യു ആരോപിച്ചു.

?തിരുവനന്തപുരം: തുമ്പയില്‍ യുവാവിനെക്കൊണ്ട് കാലില്‍ പിടിപ്പിച്ച സംഭവത്തില്‍ ഗുണ്ടാനേതാവ് വലിയതുറ സ്വദേശി ഡാനിക്കെതിരെ കേസ്. ഒരാഴ്ച മുമ്പ് നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് കേസെടുത്തത്.

?ഡല്‍ഹിയിലെ നവീകരിച്ച ട്രാവന്‍കൂര്‍ പാലസിന്റെ ഇന്നു നടക്കുന്ന ഉദ്ഘാടന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. സാമ്പത്തിക പ്രതിസന്ധിക്കിടയിലും 40 ലക്ഷം രൂപയാണ് ട്രാവന്‍കൂര്‍ പാലസിന്റെ നവീകരണത്തിനു സര്‍ക്കാര്‍ ചെലവിട്ടത്. സര്‍ക്കാരിന്റെ നിത്യചെലവുകള്‍ക്കു പോലും പണമില്ലാതെ കോടികളുടെ കടമെടുപ്പ് തുടരുമ്പോഴാണ് ഈ പാഴ്‌ചെലവ്. സുധാകരന്‍ കുറ്റപ്പെടുത്തി.

?വിരമിച്ച എസ്‌ഐയുടെ വീടിനുനേരെ ഗുണ്ടാ ആക്രമണം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമരവിള സ്വദേശി അനില്‍കുമാറിന്റെ വീട്ടിലാണ് മൂന്ന് ബൈക്കുകളിലായെത്തിയ ഗുണ്ടാ സംഘം അക്രമം നടത്തിയത്. ജനല്‍ ചില്ലുകളും കാറും ബൈക്കുകളും അടിച്ചു തകര്‍ത്തു. ധനുവച്ചപുരം കോളജില്‍ പഠിക്കുന്ന മകള്‍ എബിവിപി പ്രവര്‍ത്തകര്‍ക്കു സംഭാവന നല്‍കാത്തതിനുള്ള വൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തിനു കാരണമെന്ന് അനില്‍കുമാര്‍ ആരോപിച്ചു.

?അട്ടപ്പാടിയില്‍ ഒറ്റയാന്‍ റോഡില്‍ കാര്‍ തടഞ്ഞ് ആക്രമിച്ചു. ബോണറ്റില്‍ കൊമ്പുകോര്‍ത്ത് കാര്‍ മൂന്നു തവണ ഉയര്‍ത്തി നിലത്തിട്ടു. കാറിലുണ്ടായിരുന്ന വയോധികയും രണ്ടു കുട്ടികളും അടക്കമുള്ള അഞ്ചു പേര്‍ കൂട്ടനിലവിളി മുഴക്കി. അല്‍പനേരത്തിനുശേഷം ആന പിന്മാറി.

?വിഴിഞ്ഞത്ത് കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ കുടുങ്ങി യുവാവിന്റ കൈ അറ്റു. അറ്റുതൂങ്ങിയ കൈ ഡോക്ടറെ എത്തിച്ച് മുറിച്ച് മാറ്റി യുവാവിനെ ആശുപത്രിയില്‍ പ്രവേശിച്ചു. നെയ്യാറ്റിന്‍കര പഴയകട സ്വദേശി മനു എന്ന് വിളിക്കുന അരുണ്‍ (31) എന്ന തൊഴിലാളിയുടെ വലത് കൈ ആണ് കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ കുടുങ്ങി അറ്റുപോയത്.

?മണിപ്പൂരില്‍ ഒരു പൊലീസുകാരന്‍ കൂടി കൊല്ലപ്പെട്ടു. വെടിയേറ്റ് ചികിത്സയിലായിരുന്നയാളാണ് മരിച്ചത്. ഇന്നലെ ഇംഫാല്‍ വെസ്റ്റിലെ സെന്‍ജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം. 27 പേര്‍ക്ക് ഇന്നലെ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റു. ഇതേസമയം, മെയ്‌തെയ് വംശജരുടെ കൂട്ടക്കുരുതിയില്‍നിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടാളക്കാരന്റെ കാലില്‍ വീണു കുക്കി സ്ത്രീകള്‍ അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നു. കാംഗ്‌പോക്പി മേഖലയില്‍നിന്നു സൈന്യത്തെ പിന്‍വലിച്ചതിനെതിരേയാണ് കുക്കി സ്ത്രീകളുടെ കൂട്ടക്കരച്ചില്‍.

?പ്രതിപക്ഷാംഗങ്ങള്‍ മിണ്ടാതിരുന്നില്ലെങ്കില്‍ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡ് നടത്തുമെന്നു പാര്‍ലമെന്റില്‍ ഭീഷണിയുമായി കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഇന്നലെ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ഈ വര്‍ഷം ചൈനയ്ക്കു പുറത്ത് ചെലവഴിച്ചത് രണ്ടു ദിവസം മാത്രം. പ്രതിസന്ധി നേരിടുന്ന ചൈനീസ് സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാനും അഴിമതിയടക്കമുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ ഇല്ലാതാക്കാനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഷി ജിന്‍ പിങ് വിദേശയാത്ര ഒഴിവാക്കിയത്. മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സന്ദര്‍ശിക്കാന്‍ മാത്രമാണ് ഷി ജിന്‍ പിങ് വിദേശ യാത്ര നടത്തിയത്.

?2020 ലെ യുഎസ് പ്രസിഡന്റു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന കേസില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റു ചെയ്തു വിട്ടയച്ചു. കുറ്റങ്ങളെല്ലാം ട്രംപ് കോടതിയില്‍ നിഷേധിച്ചു. ഈ മാസം 28 നു കേസ് വീണ്ടും പരിഗണിക്കും.

?ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കിന്റെ റിച്ച്മണ്ടിലുള്ള ബംഗ്ലാവിനെ കറുപ്പണിയിച്ച് പ്രതിഷേധക്കാര്‍. സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ കടലിലെ എണ്ണ, വാതക വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധിച്ച ഗ്രീന്‍പീസ് എന്ന പരിസ്ഥിതി സംഘടനയിലെ അംഗങ്ങളാണ് മാളികയ്ക്കു മുകളില്‍ കറുത്ത തുണി പുതച്ചത്.