പുതുപ്പള്ളി: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചതോടെ പുതുപ്പള്ളിയിൽ ഇനി നിശബ്ദ പ്രചാരണം. മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശത്തോടെ വൈകീട്ട് ആറിനാണ് പ്രചാരണം അവസാനിച്ചത്. പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിന് ആവേശം പകരാൻ എല്ലാ പാർട്ടികളുടെയും പ്രമുഖ നേതാക്കളും എംഎൽഎമാരും അടക്കമുള്ളവർ എത്തിയിരുന്നു. സ്ഥാനാർഥികളെല്ലാം മണ്ഡല പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബർ അഞ്ചിനാണ് തിരഞ്ഞെടുപ്പ്.
വോട്ടർമാരല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ മണ്ഡലം വിടണം
കോട്ടയം: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ച സാഹചര്യത്തിൽ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ വോട്ടർമാർ അല്ലാത്ത രാഷ്ട്രീയകക്ഷി പ്രവർത്തകർ ഞായറാഴ്ച (സെപ്റ്റംബർ 3) വൈകിട്ട് ആറിനുശേഷം പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിന്റെ പരിധിയിൽ നിന്നു വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഇതുറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ജില്ലാ പോലീസ് മേധാവിക്കും നിർദേശം നൽകി. വോട്ടെടുപ്പ് അവസാനിക്കുന്നതിനു 48 മണിക്കൂർ മുമ്പ് പരസ്യപ്രചാരണം നിയന്ത്രിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 126-ാം വകുപ്പ് പ്രകാരവും തിരഞ്ഞെടുപ്പു കമ്മിഷന്റെ നിലവിലുള്ള നിർദേശങ്ങൾ പ്രകാരവുമാണ് നടപടി.