ഉമ്മൻ ചാണ്ടിയെയും വക്കം പുരുഷോത്തമനേയും അനുസ്മരിച്ച് സഭ
?️പതിനഞ്ചാം കേരള നിയമ സഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കമായി. മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻ സ്പീക്കറും മുന്‍ മന്ത്രിയും മുൻ ഗവർണറുമായ വക്കം പുരുഷോത്തമനും സമ്മേളനം ചരമോപചാരം അര്‍പ്പിച്ചു. കേരള രാഷ്ടീയത്തിലെ സുപ്രധാന ഏട് അവസാനിച്ചെന്ന് ഉമ്മൻചാണ്ടിയുടെ വിയോഗത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ആൾക്കൂട്ടത്തെ ഊർജമാക്കി ആറ് പതിറ്റാണ്ട് കേരള രാഷ്ട്രിയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് സ്പീക്കർ അനുസ്മരിച്ചു.
*മണിപ്പൂർ സംഘർഷം: ഇടപെട്ട് സുപ്രീംകോടതി*
?️മണിപ്പൂരിൽ കത്തിപ്പടരുന്ന സംഘർഷങ്ങളുടെ സാഹചര്യത്തിൽ കർശനമായി ഇടപെട്ട് സുപ്രീം കോടതി. സംസ്ഥാനത്ത് വിപുലമായ അന്വേഷണം വേണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകിയ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ സംഘർഷത്തിന് ഇരകളായവരുടെ ദുരിതാശ്വാസം, പുനരധിവാസം എന്നിവയിൽ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ജഡ്ജിമാരായിരുന്ന വനിതകൾ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിച്ചു.
*സംവിധായകന്‍ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ*
?️ചലചിത്ര സംവിധായകന്‍ സിദ്ദിഖ് ഗുരുതരാവസ്ഥയിൽ. ന്യുമോണിയയും കരൾ രോഗബാധയെയും തുടർന്നു കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലാണ് സിദ്ദിഖ്. ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരം മൂന്നോടെ അദ്ദേഹത്തിനു ഹൃദയാഘാതവും ഉണ്ടായി. നിലിവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
*ക്യാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കും*
?️ക്യാന്‍സര്‍ മരുന്നുകള്‍ പരമാവധി വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആര്‍സിസിയില്‍ ഹൈടെക് ഉപകരണങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്‌ല എംആര്‍ഐ യൂണിറ്റിന്‍റെയും 3 ഡി ഡിജിറ്റല്‍ മാമോഗ്രാഫി യൂണിറ്റിന്‍റെയും ഉദ്ഘാടനം വീണാ ജോര്‍ജും, അനെര്‍ട്ടിന്‍റെ സഹായത്തോടെ സജ്ജീകരിച്ച സൗരോര്‍ജ ശീതീകരണ സംഭരണി, ജല ശുദ്ധീകരണി എന്നിവയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുമാണ് നിര്‍വഹിച്ചത്.
*കോഴിക്കോടിന്റെ പാർടി ചുമതല*
?️ കോഴിക്കോടിന്റെ പാർടി ചുമതല ലഭിച്ചത് അഖിലേന്ത്യാ നേതൃത്വത്തിന്റെ പിന്തുണയോടെയെന്ന് ശോഭാ സുരേന്ദ്രൻ. കോഴിക്കോട്ട് വാർത്താലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. കഴിഞ്ഞ ഒന്നരവർഷത്തിനിടെ എട്ട് സംസ്ഥാനങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. അംഗത്വ ക്യാമ്പയിന്റെ കോർ കൺവീനറായിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലയുടെ ചുമതല നൽകിയതിൽ പുതുമകാണുന്നില്ല.
*വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ്*
?️വിനോദ സഞ്ചാര മേഖലയായ വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് അനുവദിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. വർക്കല ടൂറിസം മേഖല സന്ദർശിച്ചശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വർക്കലയുടെ സമഗ്ര ടൂറിസം വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റിഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറസ്റ്റ് കേന്ദ്രമായി മാറുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
*കൊല്ലം കലക്‌ടറേറ്റ് ബോംബ് സ്‌ഫോടനക്കേസ്*
?️കൊല്ലം കലക്‌ടറേറ്റ് ബോംബ് സ്‌ഫോടനക്കേസിലെ പ്രതികൾ കോടതിയിൽ അക്രമാസക്തരായി. സാക്ഷിവിസ്‌താരം കഴിഞ്ഞശേഷം ജഡ്‌ജിയെക്കണ്ട് സംസാരിക്കണമെന്ന ആവശ്യം നിരാകരിച്ചതോടെ കൈവിലങ്ങുകൊണ്ട് ജില്ലാ കോടതിയുടെ ജനൽചില്ല് തകർത്തു. ആന്ധ്ര, കേരള പൊലീസ് സംഘത്തിന്റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു അക്രമം.
*പെരുമ്പാവൂരിൽ മൊബൈൽ ക്രഷ് ആരംഭിച്ചു*
?️അതിഥിത്തൊഴിലാളികളു ടെ മക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം പെരുമ്പാവൂരിനുസമീപം വെങ്ങോലയിൽ മൊബൈൽ ക്രഷ് ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണസംവിധാനത്തിന്റെ ആഭിമുഖ്യത്തിൽ ഇത്തരം സംരംഭം.സമീപനാളിൽ വെങ്ങോലയ്ക്കുസമീപത്തെ പ്ലൈവുഡ് കമ്പനിയിലെ മാലിന്യക്കുഴിയിൽ വീണ് അതിഥിത്തൊഴിലാളിയുടെ കുട്ടി മരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ജോലിക്ക് പോകുന്ന അതിഥിത്തൊഴിലാളികളുടെ മക്കളെ സംരക്ഷിക്കാൻ ഡേ കെയർ സംവിധാനം ആരംഭിക്കാൻ ജില്ലാ ഭരണസംവിധാനം തീരുമാനിച്ചത്.
*സംസ്ഥാനത്തെ അക്ഷയകേന്ദ്രങ്ങൾ ബുധനാഴ്ച പണിമുടക്കുന്നു*
?️സർക്കാർ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ അക്ഷയകേന്ദ്രങ്ങളും ബുധനാഴ്ച പണിമുടക്കുമെന്നു സ്റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. അബ്ദുൽ നാസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
*ചിങ്ങം ഒന്നിന് കരിദിനം ആചരിക്കും*
?️ചിങ്ങം ഒന്നിന് കരിദിനം ആചരിക്കുമെന്ന് കർഷകർ. കർഷക ദിനം കരിദിനമായി ആചരിക്കരുതെന്നാവശ്യപ്പെട്ട് പ്രിൻസിപ്പൽ കൃഷി ഓഫീസർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് നെല്ല് കർഷകരുടെ പ്രഖ്യാപനം.സംഭരണവിലയുമായി ബന്ധപ്പെട്ട് ഉറപ്പ് ലഭിക്കാത്തതിനാൽ കർഷകദിനം ബഹിഷ്കരിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് കൃഷി ഓഫീസറെ അറിയിക്കുകയായിരുന്നു. പാലക്കാട് 30000 കർഷകർക്കാണ് രണ്ടാം വിള നെല്ലിന്‍റെ സംഭരണ തുക ലഭിക്കാനുള്ളത്.
*കോട്ടയത്ത് ധനകാര്യ സ്ഥാപനത്തിൽ വൻ കവർച്ച*
?️കുറിച്ചി മന്ദിരം കവലയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിന്‍റെ ഷട്ടർ തകർത്ത് ഒരു കോടി രൂപയ്ക്ക് മുകളിലുളള സ്വർണവും 8 ലക്ഷം രൂപയും കവർന്നു. കുഴിമറ്റം പാറപ്പുറം ഭാഗത്ത് താമസിക്കുന്ന എ.ആർ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലുള്ള സുധാ ഫിനാൻസിലാണ് മോഷണം നടന്നത്സ്ഥാപനത്തിന്‍റെ ഷട്ടർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച ശേഷമായിരുന്നു മോഷണം. കുറിച്ചി മന്ദിരം കവലയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മോഷണം നടന്നത്. ഷട്ടർ പാതി ഉയർത്തി വച്ച ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചതിനാൽ പുറത്തു നിന്നുള്ളവർക്ക് മോഷണശ്രമം അറിയാൻ സാധിച്ചില്ല. അർധരാത്രിക്ക് ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന.
*ഡൽഹി എയിംസിൽ തീപിടിത്തം*
?️ഡൽഹി എയിംസിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെ എൻഡോസ്കോപ്പി വിഭാഗത്തിനാണ് തീപിടിച്ചത്. തുടർന്ന് രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ആറു ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീയണച്ചു.
*സെന്തിൽ ബാലാജിക്ക് വീണ്ടും തിരിച്ചടി*
?️പണം തട്ടിപ്പു കേസിൽ തനിക്കേതിരെയുള്ള മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ തമിഴ്നാട് മന്ത്രി വി. സെന്തിൽ ബാലാജിയും ഭാര്യ മേഖലയും സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്മാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്.
*ആർട്ടിസ്റ്റ് പി.സി മാമ്മന് വരയാദരം*
?️ചിത്രകാരനും കലാധ്യാപകനും ലളിതകലാ അക്കാദമി പുരസ്കാര ജേതാവുമായ ആർട്ടിസ്റ്റ് പി.സി മാമ്മന്‍റെ എൺപതാം പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 13ന് ഉച്ചക്ക് 2 മുതൽ കോട്ടയം സി.എം.എസ് കോളെജിൽ ചിത്രകാരന്മാരും ശില്പികളും വരയാദരം നടത്തും.
*മകളെ ശല്യം ചെയ്തത് വിലക്കിയ അച്ഛനെ കൊല്ലാന്‍ വീട്ടിലേക്ക് പാമ്പിനെ കടത്തി വിട്ടു;പ്രതി പിടിയിൽ*
?️മകളെ ശല്യം ചെയ്തതു തടഞ്ഞ പിതാവിനെ കൊല്ലാന്‍ വീടിനുള്ളിലേക്ക് പാമ്പിനെ കടത്തിവിട്ട പ്രതി പിടിയിൽ. കേസുമായി ബന്ധപ്പെട്ട് കോടന്നൂർ സ്വദേശി കിച്ചു (30) വിനെ പൊലീസ് പിടികൂടി. അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രന്‍റെ വീടിനുള്ളിലേക്കാണ് പാമ്പിനെ കടത്തിവിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മകളെ ശല്യം ചെയ്തത് വിലക്കിയതിനുള്ള പ്രതികാരമായിട്ടായിരുന്നു പാമ്പിനെ വിട്ട് കടുപ്പിച്ച് കൊല്ലാന്‍ ശ്രമം നടത്തിയത്.
*കെഎസ്ഇബിയുടെ വാഴവെട്ടൽ*
?️വാരപ്പെട്ടിയിൽ കുലയ്ക്കാറായ വാഴ കെഎസ്ഇബി ജീവനക്കാര്‍ വെട്ടി മാറ്റിയതിൽ ഉചിതമായ സഹായം നൽകാൻ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശം നൽകി. പരാതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്റ്ററോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ട്
*സംസ്ഥാന മനുഷ്യവകാശ കമ്മീഷനു പുതിയ ചെയർമാൻ*
?️ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ചെയർമാനാകും. പ്രതിപക്ഷ നേതാവിന്‍റെ വിയോജിപ്പോടെയായിരുന്നു നിയമനം. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെട്ട സമിതിയാണ് മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയോഗിക്കുന്നത്.
*ഉയർന്ന തിര, കടലാക്രമണം; കേരള തീരത്ത് ജാഗ്രത നിർദേശം*
?️കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ രാത്രി 11.30 വരെ 2.4 മുതൽ 2.7 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം.
*പുനലൂരില്‍ നിര്‍മിച്ച സബ്സ്റ്റേഷന്‍ കമ്മീഷൻ ചെയ്തു*
?️കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ വൈദ്യുതീകരണത്തിനായി പുനലൂരില്‍ നിര്‍മിച്ച ട്രാൻസ്മിഷൻ സബ്സ്റ്റേഷൻ ശനിയാഴ്ച വിജയകരമായി കമ്മീഷൻ ചെയ്തു.കൊല്ലം പെരിനാട് സബ്സ്റ്റേഷനില്‍നിന്ന് വൈദ്യുതി എത്തിച്ച് 25 കെ.വി സപ്ലേ ആക്കി വൈദ്യുതി ലൈനിലേക്ക് കടത്തിവിട്ടാണ് സബ് സ്റ്റേഷൻ കമ്മീഷൻ ചെയ്തത്. കെ.എസ്.ഇ.ബിയില്‍നിന്നും 110 കെ.വി വൈദ്യുതി എത്തിച്ച് 25 കെ.വി സപ്ലേ ആക്കിയാണ് ഭാവിയില്‍ ലൈനില്‍ ബന്ധിപ്പിക്കേണ്ടത്.
*മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം*
?️മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന 4 പേരും നീന്തി രക്ഷപെടുകയായിരുന്നു. കരയിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തല കീഴായി മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ തുടർച്ചയായി അപകടങ്ങൾ ഉണ്ടാവുകയാണ്.
*അങ്കമാലിയിൽ കാറിനുള്ളിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി*
?️അങ്കമാലിയിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം കുത്തുകല്ലിങ്ങൽ ഗംഗാധരന്‍റെ മകൻ അനൂപിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ജനസേവാ കേന്ദ്രത്തിനു മുന്നിലാണ് കാർ നിർത്തിയിട്ടിരുന്നത്. ഇന്നലെ മുതൽ കാർ പ്രദേശത്ത് നിർത്തിയിട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
*കന്നഡ നടി സ്പന്ദന അന്തരിച്ചു*
?️ഹൃദയാഘാതത്തെത്തുടർന്ന് കന്നഡ നടി സ്പന്ദന അന്തരിച്ചു. നടൻ വിജയരാഘവേന്ദ്രയുടെ ഭാര്യയാണ്. അവധിക്കാലം ചെലവഴിക്കാനായി ബാങ്കോങ്ങിലെത്തിയതിനിടെയാണ് നടിക്ക് ഹൃദയാഘാതമുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
*ചന്ദ്രയാൻ 3 പകർത്തിയ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്റോ*
?️ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തിയ ചന്ദ്രയാൻ 3 പകർത്തിയ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്റോ. ശനിയാഴ്ച്ച വൈകിട്ടോടെയാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.
*ക്രിക്കറ്റ് ലോകകപ്പിന്റെ ടിക്കറ്റ് വിൽപന 10ന് ആരംഭിച്ചേക്കും*
?️ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഓൺലൈൻ ടിക്കറ്റ് വിൽപന 10ന് ആരംഭിച്ചേക്കും. മത്സരങ്ങൾക്കുള്ള ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സംസ്ഥാന ക്രിക്കറ്റ് ബോർഡുകൾക്ക് നൽകിയ സമയം കഴിഞ്ഞ മാസം 31ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ടിക്കറ്റ് വിൽപന ആരംഭിക്കാൻ ബിസിസിഐ തീരുമാനിച്ചത്.
*താരങ്ങളെ വിട്ടുനൽകാൻ ക്ലബ്ബുകളോട് അഭ്യർഥിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ*
?️ഏഷ്യൻ ഗെയിംസ്, എഎഫ്സി അണ്ടർ 23 ഫുട്ബോൾ, ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ എന്നിവയ്ക്ക് ഒരുങ്ങാൻ ദേശീയ ടീം ക്യാംപിലേക്കു താരങ്ങളെ വിട്ടുനൽകണമെന്ന് ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് ഐഎസ്എൽ ക്ലബ്ബുകളോട് അഭ്യർഥിച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സ്റ്റിമാച്ച് ഐഎസ്എൽ ക്ലബ്ബുകളോട് പരസ്യമായ അഭ്യർഥന നടത്തിയത്