വാർത്താ പ്രഭാതം

ഇന്ത്യന്‍ മുദ്ര ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു.ചന്ദ്രയാൻ – 3 ലാൻഡറിന്‍റെ വാതിൽ തുറന്ന് പ്രഗ്യാൻ റോവർ ചന്ദ്രനിലിറങ്ങി.ചന്ദ്രയാൻ 3 ലാൻഡറിൽ നിന്നും പ്രഗ്യാൻ റോവർ വേർ‌പ്പെട്ടു. ഇനി വരുന്ന 14 ദിവസങ്ങളാണ് റോവർ ചന്ദ്രനിൽ പഠനം നടത്തുക. ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് അഭിനന്ദനവുമായി എക്സ് പ്ലാറ്റ്ഫോമിലൂടെ വാർത്ത പങ്കുവച്ചത്. ലാൻഡിംഗ് നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് റോവർ പുറത്തിറങ്ങിയത്.ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ ചന്ദ്രയാന്‍ പതിപ്പിച്ചു. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്‍റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ പേരും പതിഞ്ഞത്.ലാൻഡർ ഇറങ്ങിയതിനാൽ പ്രതലത്തിലാകെ പൊടി നിറഞ്ഞിരിക്കുകയായിരുന്നു. തുടർന്ന് പൊടി മാറിയതിന് ശേഷമാണ് റോവർ പുറത്തേക്ക് ഇറങ്ങിയത്. ഒരു ചാന്ദ്ര ദിനം മാത്രമാണ് ലാൻഡറിന്‍റേയും റോവറിന്‍റേയും ആയുസ്. ഭൂമിയിലെ കണക്കു പ്രകാരം ഇത് 14 ദിവസമാണ്. സെക്കൻഡിൽ ഒരു സെന്‍റീമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്‍റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ചന്ദ്രന്‍റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ 14 ദിവസങ്ങൾക്ക് ശേഷം പ്രവർത്തനരഹിതമാകാനുള്ള കാരണം.?റഷ്യയിൽ അട്ടിമറിക്കു ശ്രമിച്ച കൂലിപ്പട്ടാള മേധാവി യിവ്ജെനി പ്രിഗോഷിൻ കൊല്ലപ്പെട്ടു.വാഗ്നർ ഗ്രൂപ്പ് മേധാവി വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക വിവരം. പ്രിഗോഷിൻ ഉൾപ്പെടെ പത്തു പേർ വിമാനാപകടത്തിൽ മരിച്ചെന്നാണ് റിപ്പോർട്ട്. കലാപ ശ്രമത്തിനു ശേഷം പ്രിഗോഷിനു റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ മാപ്പ് കൊടുത്തെങ്കിലും, പ്രിഗോഷിൻ ഇനി അധിക കാലം ജീവിച്ചിരിക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ തുറന്നടിച്ചിരുന്നു. മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്‍റെ പ്രവചനം സത്യമാകുകയും ചെയ്തു.?അമേരിക്കയിലെ കാലിഫോർണിയയിൽ ഓറഞ്ച് കൗണ്ടി ബൈക്കേഴ്‌സ് ബാറിലുണ്ടായ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുക്‌സ് കോർണർ ബാറിലാണ് വെടിവെപ്പുണ്ടായത്. വിരമിച്ച നിയമ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനാണ് വെടിയുതിർത്തതെന്ന് പോലീസ് അറിയിച്ചു. രണ്ട് സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.?ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാൻ 3ന് ചെലവ് 620 കോടി രൂപ. ബഹിരാകാശയാത്രികരുടെ കഥപറയുന്ന ക്രിസ്റ്റഫർ നോളന്‍റെ ശാസ്ത്ര ചിത്രം ഇന്‍റർസ്റ്റെല്ലാറിനു ചെലവ് 1,320 കോടി രൂപ. ചന്ദ്രയാൻ 3 വാർത്തകളിൽ നിറയുമ്പോൾ ഇതുസംബന്ധിച്ച പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത് ശതകോടീശ്വരനായ വ്യവസായി ഇലോൺ മസ്ക്. ഇന്ത്യയുടെ നന്മയ്ക്ക് എന്ന കുറിപ്പോടെയാണു മസ്ക് ഇക്കാര്യം എക്സിൽ (ട്വിറ്റർ) പങ്കുവച്ചത്.?69 -ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അർജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു (പുഷ്‌പ). ആലിയ ഭട്ടും (ഗംഗുബായ്‌ കത്യവാടി), കൃതി സനോണും (മിമി) മികച്ച നടിക്കുള്ള അവാർഡ്‌ പങ്കിട്ടു. ദാദാസാഹേബ്‌ ഫാൽക്കേ അവാർഡ്‌ പിന്നീട്‌ പ്രഖ്യാപിക്കും. 28 ഭാഷകളിൽ നിന്നായി 280 സിനിമകളാണ്‌ പുരസ്‌കാരത്തിനായി പരിഗണിച്ചത്‌.നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം ‘മേപ്പടിയാൻ’ ചിത്രത്തിലൂടെ വിഷ്‌ണു മോഹൻ സ്വന്തമാക്കി. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്‌ത ‘ഹോം’ ആണ്.?തെലങ്കാനയിൽ 8 വയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖർ ആണ് അറസ്റ്റിലായത്. ബ്ലേഡ് ഉപയോഗിച്ചാണ് കുഞ്ഞിന്‍റെ കഴുത്ത് മുറിച്ചത്. ഭാവി ജീവിതത്തിൽ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെന്ന് ജാതകത്തിൽ പറഞ്ഞിരിന്നത് വിശ്വതിച്ചാണ് ചന്ദ്രശേഖർ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.?മാഹിയിൽ വെച്ച് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി സൈബീസാണ്(32) അറസ്റ്റിലായത്. പ്രതിയെ തലശ്ശേരി കോടതിയിൽ ഹാജരാക്കി. ഇയാളെ ആർപിഎഫ് കൂടുതൽ ചോദ്യം ചെയ്യും. ഓഗസ്റ്റ് 16ന് മാഹിക്കും തലശ്ശേരിക്കും ഇടയിൽ വെച്ചായിരുന്നു വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ?ഗുജറാത്തിൽ വാതക ചോർച്ച. ബറൂച്ച് ജില്ലയിലെ ജംബുസാറിനടുത്തുള്ള കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. വിഷവാതകം ശ്വസിച്ച് 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സരോദ് ഗ്രാമത്തിലെ പിഐ ഇൻഡസ്ട്രീസിലാണ് വാതക ചോർച്ചയുണ്ടായത്. ഫാക്ടറിയിലെ ഒരു ടാങ്കിന് തീപിടിച്ചതിനെ തുടർന്ന് ബ്രോമിൻ വാതകം ചോരുകയായിരുന്നു. ?സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റ് ജില്ലകളിൽ ഇന്ന് വിതരണം തുടങ്ങുകയുള്ളു. കിറ്റിൽ കശുവണ്ടി, പായസം മിക്‌സ് എന്നിവ എത്തിയിട്ടില്ല.?സംസ്ഥാനത്തിന്‍റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1300 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം 29ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.?മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്ണിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.?കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ 9 കെട്ടിടങ്ങൾ കൂടി തകർന്നു വീണു. കുളു അന്നി പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. കെട്ടിടങ്ങൾ തകരുകയും നൂറോളം വാഹനങ്ങൾ നിലം പതിക്കുകയും ചെയ്തു. അരും അപകടത്തിൽ പെട്ടിട്ടില്ലെന്നാണ് പ്രാധമിക നിഗമനം.?ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉടൻ വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ വണ്ടി ഓടിച്ചിരുന്ന സ്ത്രീ പരുക്കുകളില്ലാതെ രക്ഷപെട്ടു. കണിച്ചുകുളങ്ങര – ചെത്തി റോഡിലാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്‍റെ കാറാണ് കത്തിനശിച്ചത്.വണ്ടിയോടിച്ചിരുന്ന ഇന്ദിര (64) കാറിന്‍റെ മുൻ വശത്തു നിന്നും പുറ ഉയരുന്നതു കണ്ട് ഉടൻ പുറത്തേക്കിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിക്കത്തികാർ പൂർണമായും കത്തി നശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ചേർത്തലയിൽനിന്ന് അഗ്നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.?കണ്ണൂർ പട്ടുവം മുതുകുട എൽപി സ്‌കൂളിന് സമീപം അപകടത്തിൽപ്പെട്ട മിനി ലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപറേറ്റർ മരിച്ചു. ക്രെയിൻ ഓപറേറ്റർ മുസ്തഫയാണ് മരിച്ചത്. ഫയർ ഫോഴ്‌സ് എത്തിയാണ് ക്രെയിനിനുള്ളിൽ കുടുങ്ങിയ മുസ്തഫയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.?ആലപ്പുഴയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ ഹൗസ് സർജൻ മരിച്ചു. ആലപ്പുഴ കൈചൂണ്ടിമുക്ക് അൽ നൂറിൽ ഷാനവാസിന്റെ മകൻ ഡോ. അനസ്(24) ആണ് മരിച്ചത്. പുന്നപ്ര കുറവൻ തോടിന് മസീപം പുലർച്ചെയാണ് അപകടം നടന്നത്.?അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ ഗർഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന- വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ബുധനാഴ്ച രാത്രിയോടെയാണ് മരണം.കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ഓപ്പറേഷൻ ചെയ്ത് പുറത്തെടുക്കുകയായിരുന്നു. ശുശുവിന് തൂക്കകുറവ് ഇല്ലെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല.?കോടതി നിർദേശം ലംഘിച്ച് ഇടുക്കി ശാന്തൻപാറയിൽ പാർട്ടി ഏരിയ കമ്മിറ്റി ഓഫിസിന്‍റെ നിർമാണം നടത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തു.?മാസപ്പടി, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കെ ഫോൺ അടക്കം സമീപകാലത്ത് ഉയർന്നു വിവാദങ്ങളിൽ പിണറായി വിജയൻ സർക്കാരിനെതിരേ കടുത്ത് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത്തരം വിവാദങ്ങൾ ഇടതു സർക്കാരിനു സിപിഎമ്മിനും എതിരേ ഉള്ളതിനാലാണ് ഇവയൊന്നും അന്വേഷിക്കാതെ പോവുന്നതെന്നും അദ്ദേഹം വിമർശിച്ചു.?ശൈലജയുടെ ആത്മകഥ മാത്രമല്ല, പി. ജയരാജന്റെ ആത്മകഥയും പഠിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എന്തൊരു ഗതികേടാണ് കേരളത്തിലെന്ന് അദ്ദേഹം പരിഹസിച്ചു.?മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. മൈ ലൈഫ് അസ് എ കോമ്രേഡ് എന്ന പുസ്തകമാണ് എംഎ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്.?കണ്ണൂരിൽ എഎസ്‌ഐ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു. മയ്യിൽ സ്റ്റേഷനിലെ എഎസ്‌ഐ ആയ ദിനേശനാണ് സുഹൃത്ത് സജീവിനെ തലയ്ക്കടിച്ച് കൊന്നത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ പഴയ പണമിടപാടിന്റെ കാര്യം പറഞ്ഞ് തർക്കം തുടങ്ങുകയായിരുന്നു. തർക്കം മുറുകിയതോടെ ദിനേശൻ വിറക് കഷ്ണമെടുത്ത് സജീവിന്റെ തലയ്ക്കടിച്ചു. സജീവൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു?കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് മുൻ മന്ത്രിയും എംഎൽഎയുമായ എ.സി. മൊയ്തീന്‍റെ നിർദേശപ്രകാരമാണെന്ന് ഇഡി കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടുപാടുകൾ നടത്തുകയായിരുന്നെന്നും ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവടക്കം കൂട്ടു നിന്നിരുന്നെന്നും ഇഡി വ്യക്തമാക്കി.?തുവ്വൂരിൽ കൃഷിഭവനിലെ താത്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. സുജിതയുടെ കഴുത്തിൽ ആദ്യം കയർ കുരുക്കി ശ്വാസംമുട്ടിച്ചെന്നും പിന്നീട് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.?വീടിന് സമീപം സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ നഴ്സറി വിദ്യാർത്ഥിനി ഇതേ വാഹനം ഇടിച്ച് മരിച്ചു. കാസർഗോഡ് പെരിയഡുക്കത്താണ് അപകടമുണ്ടായത്. നെല്ലിക്കുന്ന് തണൽ ഉപ്പാപ്പ നഴ്സറി സ്കൂളിലെ എൽകെജി വിദ്യാർത്ഥിനി ആയിഷ സോയ (4) ആണ് മരിച്ചത്.?പേട്ടയിൽ ഹെൽമെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിടുകയും പൊലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറിയ സിപിഎം പ്രവർത്തകർക്കരെ തടയുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടിയിൽ വ്യാപക പ്രതിഷേധം. ഓടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. സ്റ്റേഷൻ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് എസ്ഐ അഭിലാഷിനെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചത്.?റിയല്‍ എസ്റ്റേറ്റ് പ്രൊജക്റ്റ് വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തുമ്പോള്‍ പ്രൊജക്റ്റിന്‍റെ വിശദാംശങ്ങളിലേക്കുള്ള ക്യു ആര്‍ കോഡ് ഇനി മുതല്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. സെ‌പ്റ്റംബര്‍ ഒന്നു മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) പുറത്തിറക്കി.?കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. സർക്കാർ ആവശ്യമായ സഹായം കെഎസ്ആർടിസിക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഹർജി തീർപ്പാക്കുകയായിരുന്നു ഹൈക്കോടതി.?കഞ്ചാവും ഹാഷിഷ് ഓയിലും കടത്താന്‍ ശ്രമിച്ച യുവാവിന് 14 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ കരിമണ്ണൂര്‍ സ്വദേശി ഹാരിസ് നാസറിനാണ് തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷ വിധിച്ചത്.?സീറോ പ്ലസ് എന്റർടൈം ബാനറിൽ ജോഷി ജോൺ സംവിധാനം ചെയ്ത കുരുവിപ്പാപ്പ കേരളമാകെ പറക്കുവാൻ ഒരുങ്ങുന്നു.ഖാലിദ് കെ കെ ബഷീർ കെ കെ ജാസിം സൈനുൽ അബ്ദുൽ റഹീം എന്നിവർ നിർമ്മിച്ച കുരുവിപ്പാപ്പയിൽ വിനീത് ലാൽ ജോസ് കൈലാഷ് മുക്ത എന്നിവർ പ്രധാന കഥാപാത്രം അവതരിപ്പിച്ചു.?തൊട്ടില്‍പ്പാലത്തുനിന്ന് കാണാതായ കോളേജ് വിദ്യാര്‍ഥിനിയെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ടനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായത്. കണ്ടെത്തുമ്പോൾ വിവസ്ത്രയാക്കി കാലുകള്‍ കെട്ടിയിട്ട നിലയിലായിരുന്നു. ഈ വീട്ടില്‍നിന്ന് എംഡിഎംഎ ലഹരിമരുന്നും കണ്ടെടുത്തിട്ടുണ്ട്.കോളേജിലേക്ക് പോയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് പ്രാഥമിക വിവരം.?യുട്യൂബ് ലൈവ് സ്ട്രീമിങ്ങിലും റെക്കോഡ് കുറിച്ച് ചന്ദ്രയാൻ 3. ഏറ്റവുമധികം പേർ കണ്ട ലൈവ് സ്ട്രീമിങ് എന്ന വിശേഷണമാണ് ഐഎസ്ആർഒയുടെ ചന്ദ്രയാൻ 3 ലാൻഡിങ് നേടിയെടുത്തിരിക്കുന്നത്.?മുക്കത്തും പരിസരപ്രദേശങ്ങളും പരിഭ്രാന്തി പരത്തി 15 ലേറെ പേരെ കടച്ച തെരുവുനായക്ക് പേ വിഷ ബാധ സ്ഥിരീകരിച്ചു. വയനാട് പൂക്കോട് വെറ്റിനറി കോളെജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് പേ വിഷ ബാധ കണ്ടെത്തിയത്. 4 കുട്ടികൾക്കുൾപ്പടെ നായയുടെ അക്രമണത്തിൽ കടിയേറ്റിരുന്നു.?താൻ മരിച്ചതായുള്ള വാർത്തകൾ ഏറെ വേദനിപ്പിച്ചെന്ന് സിംബാബ്‌വെ മുൻ ക്രിക്കറ്റ് താരം ഹീത്ത് സ്ട്രീക്ക്. ആളുകൾ വിവരം അന്വേഷിക്കാൻ വിളിച്ചു തുടങ്ങിയതോടെ ഭയം തോന്നിയെന്നും സ്ട്രീക്ക് പറഞ്ഞു. കാൻസർ ബാധിതനായ സ്ട്രീക്ക് ഏറെക്കാലമായി ചികിത്സയിലാണ്. ഇന്നലെ രാവിലെ മുതലാണ് ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന വാർത്ത പ്രചരിച്ചത്. ?ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം യുനറ്റൈഡ് വേൾഡ് റസ്ലിംഗ് സസ്‌പെൻഡ് ചെയ്തു. യഥാസമയം തെരഞ്ഞെടുപ്പ് നടത്തിയില്ലെന്ന കാരണത്താലാണ് സസ്‌പെൻഷൻ. ഇതോടെ ലോകവേദികളിൽ ഇന്ത്യൻ താരങ്ങൾക്ക് ഇന്ത്യൻ പതാകയ്ക്ക് കീഴിൽ മത്സരിക്കാനാകില്ല. സ്വതന്ത്ര അത്‌ലറ്റുകളായി വേണമെങ്കിൽ മത്സരിക്കാം. ?എഎഫ്‌സി ചാംപ്യൻസ് ലീഗിൽ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനു വേണ്ടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇന്ത്യയിൽ പന്തു തട്ടും. നറുക്കെടുപ്പിൽ മുംബൈ സിറ്റി എഫ്‌സിയുടെ അതേ ഗ്രൂപ്പിലാണ് അൽ ഹിലാൽ എത്തിയിരിക്കുന്നത്. ഇതോടെയാണ് നെയ്മറുടെ ഇന്ത്യ സന്ദർശനം ഉറപ്പായത്.?ഇന്ത്യക്കാരുടെയാകെ പ്രതീക്ഷകൾ തകർത്തുകൊണ്ട് കൗമാര പ്രതിഭ ആർ. പ്രജ്ഞാനന്ദ ലോക ചെസ് ചാംപ്യൻഷിപ്പ് ഫൈനലിൽ നോർവീജിയൻ ഇതിഹാസം മാഗ്നസ് കാൾസനോടു തോറ്റു.?സൂപ്പർസ്റ്റാർ രജിനികാന്തിന്‍റെ ഹിറ്റ് ചിത്രം “ജയിലർ” ഒടിടിയിൽ എത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. തമിഴ്നാട്, തെലങ്കാന, കർണാടക, കേരളം എന്നിങ്ങനെ ദക്ഷിണേന്ത്യ ഒന്നാകെ ഹിറ്റായി മാറിയ ജയിലർ‌ സെപ്റ്റംബർ 7ന് നെറ്റഫ്ളിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് സൂചന. 100 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സ് ജയിലറിന്‍റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.?മഞ്ജു വാരിയര്‍ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘മിസ്റ്റര്‍ എക്സി’ലൂടെയാണ് മഞ്ജു വീണ്ടും തമിഴകത്തെത്തുന്നത്. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യയും ഗൗതം കാര്‍ത്തിക്കുമാണ് നായകന്മാര്‍. പ്രിന്‍സ് പിക്ചേഴ്സ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ശരത്കുമാര്‍, അനഘ എന്നിവരാണ് മറ്റ് താരങ്ങള്‍.?നവാഗതനായ സാന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛനൊരു വാഴ വെച്ചു’ എന്ന സിനിമയുടെ പ്രൊമോ ഗാനം ശ്രദ്ധ നേടുന്നു. ഈ ഓണക്കാലത്ത് റിലീസിനൊരുങ്ങുന്ന ചിത്രത്തിന് ഓണം ഫീലിലുള്ള പ്രൊമോ ഗാനമാണ് ഒരുക്കിയിരിക്കുന്നത്. ‘അമ്പലപ്പൊയ്കയില്‍ പോവാം അന്തിയാവട്ടെ’ എന്ന ഗാനം പ്രണയാതുരമായ ഓണക്കാലത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടു പോകുന്നത്.?ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏറെ അപ്രതീക്ഷിതമായത് മികച്ച നടനായി അല്ലു ‌അർജുൻ തെരഞ്ഞെടുക്കപ്പെട്ടത്. പുഷ്പ എന്ന തെലുങ്ക് ചിത്രത്തിലെ മാസ് ആക്ഷൻ കഥാപാത്രമാണ് അല്ലുവിനു ദേശീയ പുരസ്കാരം നേടിക്കൊടുത്തിരിക്കുന്നത്.