വാർത്തകൾ ചുരുക്കത്തിൽ

 

◾കൂട്ടുകക്ഷി സര്‍ക്കാരിനുള്ള സാഹചര്യമൊരുക്കരുതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകള്‍ 25,000 കോടി രൂപ മുടക്കി നവീകരിക്കുന്ന പദ്ധതിക്കു തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു മോദി. കേരളത്തിലെ പയ്യന്നൂര്‍, കാസര്‍ഗോഡ്, വടകര, തിരൂര്‍, ഷൊര്‍ണൂര്‍ സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. പ്രതിപക്ഷം വികസനവിരോധികളാണ്. അഴിമതിയേയും കുടുംബാധ്യപത്യത്തേയും ഇന്ത്യക്കു പുറത്താക്കണം. രാജ്യത്തെ ഐക്യം തകര്‍ക്കുന്ന ശക്തികള്‍ക്കെതിരെ ജാഗ്രത വേണം. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വീടുകളില്‍ പതാക ഉയര്‍ത്തുന്ന ഹര്‍ഘര്‍ തിരംഗ ഇത്തവണയും വേണമെന്നും മോദി ആവശ്യപ്പെട്ടു.

 

◾കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന വിജിലന്‍സിന് അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാമെന്ന് ഹൈക്കോടതി. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഭവന നിര്‍മ്മാണ അഴിമതിയില്‍ പ്രതിയായ ബാങ്ക് ഉദ്യോഗസ്ഥരെ കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കിയ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കാനുള്ള അധികാരം സിബിഐക്കാണെന്നു വ്യക്തമാക്കിയാണ് വിചാരണ കോടതി പ്രതികളെ ഒഴിവാക്കിയത്.

 

◾വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിനു താഴെ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു പേര്‍ മുങ്ങി മരിച്ചു. അരയന്‍കാവ് മുണ്ടക്കല്‍ മത്തായിയുടെ മകന്‍ ജോണ്‍സണ്‍ (56), സഹോദരിയുടെ മകന്‍ വരിക്കാംകുന്ന് പൂച്ചക്കാട്ടില്‍ അലോഷി (16), സഹോദരന്റെ മകള്‍ അരയന്‍കാവ് മുണ്ടയ്ക്കല്‍ ജിസ്മോള്‍ (15) എന്നിവരാണു മരിച്ചത്. നാളെ യുകെയിലേക്കു പോകാനിരുന്ന ജിസ്മോള്‍ മുങ്ങിയപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു രണ്ടു പേര്‍ മുങ്ങി മരിച്ചത്.

 

 

◾സ്പീക്കര്‍ ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരേ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

 

◾നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അനുശോചിച്ചശേഷം നിയമസഭാ സമ്മേളനം പിരിയും. ചൊവ്വാഴ്ച മുതലാണ് സഭാ നടപടികള്‍. മിത്ത് വിവാദത്തില്‍ നിയമസഭയില്‍ എന്തു നിലപാടെടുക്കണമെന്ന് യുഡിഎഫ് നാളെ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനിക്കും.

 

◾കുട്ടികളെ പൊലീസ് സ്റ്റേഷനലേക്കു വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തരുതെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവിക്ക് കമ്മീഷന്‍ അംഗം പി.പി ശ്യാമളാ ദേവി നല്‍കിയ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം. 15 വയസിനു താഴെയുളള കുട്ടികളെ മൊഴിയെടുക്കാന്‍ പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കരുതെന്നാണ് നിര്‍ദേശം.

 

◾സ്‌കൂള്‍ പ്രവര്‍ത്തി ദിനങ്ങള്‍ 210 ല്‍ നിന്ന് 205 ആയി കുറച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രവര്‍ത്തി ദിനം കുറച്ചതിനാല്‍ സിലബസ് പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്ന് മൂവാറ്റുപുഴ എബനേസര്‍ ഹയര്‍ സെക്കന്‍ഡി സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. 10 ദിവസത്തിനകം മറുപടി നല്‍കാനാവശ്യപ്പെട്ട് സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.

 

 

 

◾ആലുവയിലെ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതി അസഫാക് ആലവുമായി പോലീസ് ആലുവാ മാര്‍ക്കറ്റില്‍ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ജനക്കൂട്ടം അക്രമാസക്തരായി. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തു. പോലീസ് ജനക്കൂട്ടത്തെ ശാന്തരാക്കി. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്.

 

◾ദേവസ്വം വരുമാനത്തെ മിത്ത് മണിയെന്നു പറയുമോയെന്നു പരിഹസിച്ച നടന്‍ സലീംകുമാര്‍ ഭക്തരുടെ സംഭാവനയെയാണു കളിയാക്കുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തരുടെ സംഭാവനയും വഴിപാടുമാണ് ദേവസ്വം വരുമാനം. അതില്‍നിന്ന് സര്‍ക്കാര്‍ ഒന്നും എടുക്കുന്നില്ല. ദേവസ്വം ബോര്‍ഡാണ് പണം ചെലവാക്കുന്നത്. എന്നാല്‍ ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു പണം ചെലവാക്കുന്നുണ്ട്. മന്ത്രി പറഞ്ഞു.

 

◾സംസ്ഥാന ഭരണത്തെയും സിപിഐഎമ്മിനെയും മന്ത്രി മുഹമ്മദ് റിയാസാണു നിയന്ത്രിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ തിരുത്തുന്ന ശക്തനായി റിയാസ് മാറി. ഗോവിന്ദന് പാര്‍ട്ടിയില്‍ ഒരു സ്ഥാനവുമില്ല. ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് ഗോവിന്ദന്‍ തിരുത്തിയപ്പോള്‍ റിയാസ് പറയുന്നു, തിരുത്തിയിട്ടില്ലെന്ന്. പാര്‍ട്ടി സെക്രട്ടറിയെ മരുമകന്‍ മന്ത്രി തിരുത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

◾കൈക്കൂലി കേസില്‍ ഫീല്‍ഡ് അസിസ്റ്റന്‍ഡ് അറസ്റ്റിലായ പാലക്കാട് പാലക്കയം വില്ലേജ് ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം. വില്ലേജ് ഓഫീസറെ കണ്ണൂരിലേക്കും വില്ലേജ് അസിസ്റ്റന്റിനെ അട്ടപ്പാടി താലൂക്കിലേക്കും ഫീല്‍ഡ് അസിസ്റ്റന്റിനെ പാലക്കാട് താലൂക്കിലേക്കുമാണ് മാറ്റിയത്. റവന്യൂവകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ബിജുവിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.

 

 

◾കേരളത്തില്‍നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ആറിരട്ടി വര്‍ധിപ്പിച്ചു. മുംബൈയില്‍നിന്ന് 20,000 രൂപയ്ക്ക് ടിക്കറ്റ് കിട്ടുമ്പോള്‍ കേരളത്തിലെ എയര്‍പോര്‍ട്ടുകളില്‍നിന്ന് 75,000 രൂപയാണ് ഈടാക്കുന്നത്. അവധി കഴിഞ്ഞ് മടങ്ങുന്നവരുടെ തിരക്കിനിടയിലാണ് ഭീമമായ നിരക്ക് വര്‍ധന.

 

◾ഇടുക്കി നെടുങ്കണ്ടത്ത് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജലാശയത്തില്‍ മരിച്ച നിലയില്‍. തൂവല്‍ വെള്ളച്ചാട്ടത്തിനു സമീപമുള്ള ജലാശയത്തിലാണ് നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയില്‍ സെബിന്‍ സജി (19), പാമ്പാടുംപാറ ആദിയാര്‍പുരം കുന്നത്തുമല അനില (16) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടത്.

 

◾ഒന്നര വര്‍ഷം മുന്‍പ് മരിച്ചയാളുടെ സ്‌കൂട്ടറിനു പിന്നിലിരുന്നയാള്‍ ഹെല്‍മെറ്റ് ധരിക്കാത്തതിനു പിഴയടയ്ക്കണമെന്ന് നോട്ടീസ്. പാലക്കാട് കാവല്‍പ്പാട് സ്വദേശി ചന്ദ്രശേഖരന്‍ 89 ാമത്തെ വയസിലാണു മരിച്ചത്. അതിനു മുമ്പ് ഏഴു മാസം കിടപ്പിലായിരുന്നു. അക്കാലം മുതല്‍ അച്ഛന്റെ സ്‌കൂട്ടര്‍ ആരും ഓടിക്കാറില്ലെന്നു മകന്‍ വിനോദ് പറയുന്നു.

 

◾പാര്‍ലമെന്റ് സമ്മേളനം കഴിയുന്ന മുറയ്ക്ക് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. അതേസമയം, രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിക്കാനുള്ള നടപടി വൈകുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. പ്രതിഷേധം പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സ്പീക്കറെ അറിയിക്കും.

 

◾ഹരിയാനയിലെ നൂഹില്‍ വര്‍ഗീയ കലാപത്തിന്റെ പേരില്‍ ഒരു വിഭാഗക്കാരുടെ കെട്ടിടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നതു തുടരുന്നു. പ്രമുഖ ഹോട്ടലായ സഹാറയും തകര്‍ത്തു. വിശ്വഹിന്ദു പരിഷത്തിന്റെ മതറാലിയിലേക്ക് ഈ ഹോട്ടലില്‍നിന്ന് കല്ലേറുണ്ടായെന്ന് ആരോപണം ഉയര്‍ന്നതിനു പിറകേയാണ് ഹോട്ടല്‍ പൊളിച്ചത്.

 

◾അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ജയ്പൂര്‍ കോര്‍പറേഷന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെ അയോഗ്യയാക്കി പിരിച്ചുവിട്ടു. ഭൂമി ഇടപാടിനു രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് ഭര്‍ത്താവ് സുശീല്‍ ഗുര്‍ജറിനെ അറസ്റ്റു ചെയ്തത്. വീട്ടില്‍നിന്ന് 40 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് കോണ്‍ഗ്രസുകാരിയായ മേയര്‍ക്കെതിരേ നടപടിയെടുത്തത്.

 

◾മണിപ്പൂരില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. അക്രമികള്‍ നിരവധി വീടുകള്‍ക്കു തീയിട്ടു. ബിഷ്ണുപൂരില്‍ സൈന്യത്തിന് നേരെയും ആക്രമണമുണ്ടായി.

 

◾പാക്കിസ്ഥാനില്‍ വീണ്ടും തെരഞ്ഞെടുപ്പിനു കളമൊരുങ്ങുന്നു. പാര്‍ലമെന്റ് ഈ മാസം ഒന്‍പതിനു പിരിച്ചുവിടുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പ്രഖ്യാപിച്ചതോടെ നവംബറിനു മുമ്പ് തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായി. ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസും സഖ്യമായി തെരഞ്ഞെടുപ്പു നേരിടും. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചതോടെ പ്രധാന പ്രതിയോഗിയുടെ ശല്യം ഉണ്ടാകില്ലെന്ന ആശ്വാസത്തിലാണ് ഭരണ മുന്നണി.

 

◾അധികമായാല്‍ കുടിവെള്ളവും വിഷമാകും. അമിതമായി വെള്ളം കുടിച്ച് യുവതി മരിച്ചു. അമേരിക്കയിലെ ഇന്ത്യാനയില്‍ ആഷ്ലി സമ്മേഴ്സ് എന്ന 35 കാരിയാണ് മരിച്ചത്. കടുത്ത ദാഹംമൂലം ഒറ്റയടിക്കു രണ്ടു ലിറ്റര്‍ വെള്ളം കുടിച്ചു. അല്‍പ സമയത്തിനകം കുഴഞ്ഞുവീണ് ആഷ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വാട്ടര്‍ ടോക്സിസിറ്റിയാണ് മരണകാരണമെന്നാണു റിപ്പോര്‍ട്ട്.

 

◾കൊച്ചി ആസ്ഥാനമായ വ്യാവസായിക കെമിക്കല്‍ അസംസ്‌കൃത വസ്തു നിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്‍ നടപ്പുവര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 28.15 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 12.96 കോടി രൂപയും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 16.77 കോടി രൂപയുമായിരുന്നു ലാഭം. അതേസമയം, മൊത്ത വരുമാനം പാദാടിസ്ഥാനത്തില്‍ 145.96 കോടി രൂപയില്‍ നിന്നും വാര്‍ഷികാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍പാദത്തിലെ 135.56 കോടി രൂപയില്‍ നിന്നും 131.28 കോടി രൂപയായി കുറഞ്ഞു. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്ന വിലയിലുണ്ടായ കുറവാണ് മൊത്ത വരുമാനം കുറഞ്ഞിട്ടും ലാഭത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ കമ്പനിക്ക് സഹായകമായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍പാദത്തില്‍ 51.3 ശതമാനവും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ചില്‍ 50 ശതമാനവുമായിരുന്ന അസംസ്‌കൃത വസ്തു വാങ്ങല്‍ച്ചെലവ് കഴിഞ്ഞപാദത്തില്‍ 35.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. നിലവില്‍ നിറ്റ ജെലാറ്റിന്റെ ജെലാറ്റിന്‍ വിഭാഗത്തിലെ കൊളാഷെന്‍ പെപ്‌റ്റൈഡ് വാര്‍ഷിക ഉത്പാദനശേഷി 450 ടണ്‍ ആണ്. 106.83 കോടി രൂപയുടെ നിക്ഷേപത്തോടെ 1000 ടണ്‍ ഉത്പാദന ശേഷി അധികമായി ചേര്‍ക്കാന്‍ കഴിഞ്ഞ നവംബറില്‍ കമ്പനി പദ്ധതിയിട്ടിരുന്നു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്.

 

◾ബഡ്ജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറക്കുന്ന ഇന്‍ഫിനിക്സിന്റെ പുതിയൊരു ഹാന്‍ഡ്സെറ്റ് കൂടി വിപണിയില്‍ എത്തി. ഇന്‍ഫിനിക്സ് ജിടി 10 പ്രോ സ്മാര്‍ട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്മാര്‍ട്ട്ഫോണ്‍ രൂപകല്‍പ്പന ചെയ്തത്. വിപുലമായ ഗെയിമിംഗ് ഫീച്ചറുകളാണ് ഹാന്‍ഡ്സെറ്റിന്റെ പ്രധാന സവിശേഷത. കുറഞ്ഞ വിലയില്‍ ഗെയിമിംഗ് സ്മാര്‍ട്ട്ഫോണുകള്‍ തിരയുന്നവര്‍ക്ക് മികച്ച ഓപ്ഷന്‍ കൂടിയാണ് ഇന്‍ഫിനിക്സ് ജിടി 10 പ്രോ. 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1080ഃ2460 പിക്സല്‍ റെസലൂഷനും, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡെമന്‍സിറ്റി 8050 എംടി 6893 ചിപ്സൈറ്റില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയാണ്. 108 മെഗാപിക്സല്‍, 2 മെഗാപിക്സല്‍, 2 മെഗാപിക്സല്‍ ട്രിപ്പിള്‍ ക്യാമറ സജ്ജീകരണമാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 32 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 8ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജില്‍ വാങ്ങാന്‍ സാധിക്കുന്ന ഇന്‍ഫിനിക്സ് ജിടി 10 പ്രോയുടെ ഇന്ത്യന്‍ വിപണി വില 19,999 രൂപയാണ്.

 

◾നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യിലെ തന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി മമ്മൂട്ടി. 45 ദിവസമാണ് സിനിമയ്ക്കു വേണ്ടി മമ്മൂട്ടി സഹകരിച്ചത്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ സിനിമയുടെ ചിത്രീകരണം മുഴുവനായും പൂര്‍ത്തിയായേക്കും ബസൂക്കയുടെ തിരക്കഥയും ഡിനോ തന്നെയാണ്. പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഹൈടെക് സാങ്കേതിക വിദ്യകളോടെയാണ് സിനിമയുടെ അവതരണം. ബസൂക്കയ്ക്കു ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ‘അബ്രഹാം ഓസ്ലര്‍’ എന്ന ജയറാം ചിത്രത്തില്‍ മമ്മൂട്ടി അതിഥിയായി എത്തുന്നു. സിനിമയിലെ നിര്‍ണായക കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. ജയറാമിനെ നായകനാക്കി ഒരുക്കുന്ന ഒരു പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് അബ്രഹാം ഓസ്ലര്‍. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം രാഹുല്‍ സദാശിവന്റെ ഹൊറര്‍ സിനിമയില്‍ മമ്മൂട്ടി നായകനായെത്തും. ‘ഭൂതകാലം’ സിനിമയിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്‍. 3000 വര്‍ഷം പ്രായമുള്ള ഒരു പ്രേതത്തിന്റെ കഥയാകും ചിത്രമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

 

◾ദിലീപ് നായകനായി ഒടുവില്‍ എത്തിയ ചിത്രമാണ് ‘വോയ്സ് ഓഫ് സത്യനാഥന്‍’. ദിലീപ് നായകനായ ചിത്രം റാഫിയാണ് സംവിധാനം ചെയ്തത്. ചിത്രത്തിലെ ‘നീ മായും’ എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചിത്രം പത്ത് കോടിയോളം കളക്ഷന്‍ നേടിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഗാനത്തില്‍ ജോജുവിന്റെ രംഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. ചിത്രം ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെന്‍ & പേപ്പര്‍ ക്രിയേഷന്‍സിന്റെയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (‘വിക്രം’ ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍, എന്നിവരും വേഷമിടുന്നു.

 

◾പഞ്ചിന്റെ സിഎന്‍ജി പതിപ്പ് ടാറ്റാ മോട്ടോഴ്സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പ്യുവര്‍, അഡ്വഞ്ചര്‍, അക്ംപ്ലിഷ്ഡ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ടാറ്റ പഞ്ച് ഐസിഎന്‍ജി എത്തുന്നത്. അഡ്വഞ്ചര്‍ വേരിയന്റ് റിഥം പാക്കിനൊപ്പം നല്‍കും. അതേസമയം അകംപ്ലിഷ്ഡ് വേരിയന്റിന് ഡാസില്‍ എസ് പാക്കും ലഭിക്കും. 7.10 ലക്ഷം രൂപയില്‍ തുടങ്ങി 9.68 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില. 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ എഞ്ചിനാണ് പഞ്ച് ഐസിഎന്‍ജിക്ക് കരുത്തേകുന്നത്. അത് പെട്രോളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പരമാവധി 84.82 ബിഎച്പി കരുത്തും 113 എന്‍എം പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സിഎന്‍ജിയില്‍, പവര്‍ ഔട്ട്പുട്ട് 72.39 ബിഎച്പി ആയി കുറയുമ്പോള്‍ ടോര്‍ക്ക് ഔട്ട്പുട്ട് 103 എന്‍എം ആയി കുറയുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 5-സ്പീഡ് എഎംടി എന്നിവയുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. സിഎന്‍ജി പവര്‍ട്രെയിനിന് 5-സ്പീഡ് എഎംടി മാത്രമേ ലഭിക്കൂ. ടാറ്റയുടെ ഐസിഎന്‍ജി ശ്രേണിയുടെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഡ്യുവല്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുടെ ഉപയോഗമാണ്.

 

◾ഗഫൂര്‍ അറയ്ക്കലിന്റെ ദ കോയ എന്ന നോവല്‍, മലയാള നോവല്‍ സാഹിത്യചരിത്രത്തിലെ ഒരു പുതിയ രാഷ്ട്രീയ ചുവടുവെപ്പാണ്. ഇന്ദുലേഖയില്‍നിന്നും ശാരദയില്‍നിന്നും മാത്രമല്ല നാലുകെട്ടില്‍നിന്നും ഖസാക്കിന്റെ ഇതിഹാസത്തില്‍നിന്നും കോയയിലേക്ക് നടന്നെത്താന്‍ വായനയില്‍ കുറച്ചധികം കിതയ്‌ക്കേണ്ടിവരും. ഇത്രയും അനാഡംബരവും സൂക്ഷ്മവും അതേസമയം സ്‌ഫോടനാത്മകവുമായൊരു രാഷ്ട്രീയനാമത്തില്‍നിന്നുതന്നെ, കോയ നോവലിന്റെ അനന്യത ആരംഭിക്കുന്നു. ഒരേസമയം സൗഹൃദവും വിദ്വേഷവുമായി വേര്‍പിരിയാനാവും വിധമുള്ള ‘കോയ’ എന്ന സംബോധനയില്‍ ഇരമ്പിമറിയുന്നത് അശാന്തസ്മരണകളാണ്. കോഴിക്കോട്ടെ പള്ളിക്കണ്ടിയെന്നൊരു ചെറിയ പ്രദേശം പോര്‍ച്ചുഗലിനുമപ്പുറമുള്ളൊരു സാംസ്‌കാരികാസ്തിത്വത്തിലേക്ക് വളരുന്നതിന്റെ നാടകീയവും ക്ഷോഭജനകവും ആര്‍ദ്രവുമായൊരാവിഷ്‌കാരമാണ് ദ കോയയില്‍ വൈരുദ്ധ്യപ്പെടുന്നത്. ഗഫൂര്‍ അറയ്ക്കലിന്റെ പുതിയ നോവല്‍. ‘ദ കോയ’. മാതൃഭൂമി ബുക്സ്. വില 340 രൂപ.

 

◾അമിതവണ്ണമുള്ളവരില്‍ പല തരത്തിലുമുള്ള ക്യാന്‍സറുള്‍ക്ക് താരതമ്യേന സാധ്യത കൂടുതലാണെന്ന് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ വരുന്ന ക്യാന്‍സര്‍ കേസുകളില്‍ എട്ട് ശതമാനവും അമിതവണ്ണത്തിന്റെ അനുബന്ധപ്രശ്നങ്ങളിലൂടെ ഉണ്ടാകുന്നതാണെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. പുകയില പോലും ഇത് കഴിഞ്ഞേ വരൂ എന്നും ഇവര്‍ പറയുന്നു. ഭൂരിഭാഗം പഠനങ്ങളും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അമിതവണ്ണം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു എന്ന് തന്നെയാണ് നിരീക്ഷിക്കുന്നത്. ശരീരത്തില്‍ കൊഴുപ്പടിയുന്നത് പല വിധത്തിലും ക്യാന്‍സര്‍ കോശങ്ങള്‍ക്ക് രൂപപ്പെടാനും, വളരാനും എല്ലാം അനുകൂലാന്തരീക്ഷം ഒരുക്കുന്നതോടെയാണ് അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുന്നത്. അമിതവണ്ണം നമ്മുടെ ശരീരത്തിന്റെ എല്ലാവിധത്തിലുള്ള ദൈനംദിന പരിപാടികളെയും സ്വാധീനിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ക്രമേണ നമുക്ക് ഭീഷണിയായി വരാമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതുണ്ടാക്കുന്നത്. ഇതിലൂടെ മാത്രം വരാവുന്ന ക്യാന്‍സറുകളുണ്ട്. സ്ത്രീകളിലാണെങ്കില്‍ ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറുകള്‍ക്കും, സ്തനാര്‍ബുദത്തിനുമെല്ലാം ഇത് കാരണമാകാം. ഇന്‍സുലിന്‍ ഹോര്‍മോണില്‍ വരുന്ന വ്യതിയാനങ്ങളും അമിതവണ്ണമുള്ളവരില്‍ ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. പലവിധത്തിലുള്ള ക്യാന്‍സറുകള്‍ക്കും അമിതവണ്ണമുള്ളവരില്‍ താരതമ്യേന സാധ്യത കൂടുതലുണ്ട്. സ്തനാര്‍ബുദം, മലാശയ അര്‍ബുദം, പാന്‍ക്രിയാസ് അര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, വൃക്കയെ ബാധിക്കുന്ന അര്‍ബുദം, കരളിനെ ബാധിക്കുന്ന അര്‍ബുദം എന്നിവയെല്ലാം ഇതില്‍ ചിലതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ ക്യാന്‍സര്‍ പോയ ശേഷം വീണ്ടും തിരികെ വരാനുള്ള സാധ്യതകളും അമിതവണ്ണമുള്ളവരില്‍ കൂടുതലുണ്ട്. കഴിയുന്നതും പ്രായത്തിനും ഉയരത്തിനും അനുസരിച്ചുള്ളവണ്ണം തന്നെ സൂക്ഷിക്കാന്‍ ഏവരും ശ്രദ്ധിക്കണം.