നെന്മാറ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസ് ഉടമസ്ഥാവകാശ തർക്കം സിപിഐക്ക് നൽകാൻ ഇടക്കാല കോടതി ഉത്തരവ്. സി.അച്യുതമേനോൻ സ്മാരക കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ ഇരുവിഭാഗക്കാരുടെയും വാദം കേട്ട ചിറ്റൂർ കോടതി സിപിഐ ഔദ്യോഗിക പക്ഷത്തിന് നൽകാൻ ഇടക്കാല ഉത്തരവിട്ടു. സിപിഐ നെന്മാറ മണ്ഡലം മുൻ സെക്രട്ടറിയായിരുന്ന എം.ആർ.നാരായണൻ നൽകിയ ഹർജിയിൽ അടിയന്തരമായി ആവശ്യപ്പെട്ട വിഷയത്തിലായിരുന്നു ചിറ്റൂർ കോടതിയുടെ ഇടക്കാല ഉത്തരവ്.എതിർ കക്ഷികളായ നിലവിലെ നെന്മാറ സിപിഐ ലോക്കൽ സെക്രട്ടറി ആർ.ചന്ദ്രൻ, ഡി.അജയൻപിള്ള, പ്രഭാകരൻ എന്നിവർ നൽകിയ എതിർ കേസിലെ വാദവും കഴിഞ്ഞയാഴ്ച കോടതി കേട്ടിരുന്നു. കഴിഞ്ഞ മാസം കെട്ടിടത്തിൽ യോഗം ചേർന്ന സിപിഐ ലോക്കൽ സെക്രട്ടറി ആർ.ചന്ദ്രനയും പ്രവർത്തകരെയും ഓഫി സിൽ നിന്നു പുറത്താക്കിയ ശേഷം എം. ആർ. നാരായണനും സംഘവും കെട്ടിടത്തിൽ കോൺഗ്രസ് പതാക സ്ഥാപിച്ചിരുന്നു. പിറ്റേന്ന് സിപിഐ ജില്ലാ സെക്രട്ടറി സുരേഷ് രാജിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പ്രകടനമായെത്തി കോൺഗ്രസ് പതാക അഴിച്ചു മാറ്റി സിപിഐ പതാക ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച് പാലക്കാട് ആർ ഡി ഒ കോടതിയിൽ നിലവിലുള്ള കേസ് ഈ മാസം 20ന് പരിഗണിക്കും. പാർട്ടിയിൽ നിന്ന് പുറത്താക്കിയ എം. ആർ. നാരായണയും സംഘത്തെയും കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചതോടെയാണ് ഓഫീസ് ഉടമസ്ഥാവകാശ തർക്കം ഉയർന്നുവന്നത്.