നെന്മാറയിൽ ഒന്നാം വിള ഒരുക്കം ആരംഭിച്ചു.

ഒന്നാം വിളക്കായി പൊടിയിൽ ഞാറ്റടി തയ്യാറാക്കുന്ന കർഷക തൊഴിലാളികൾ.👆

അമിതമായ വേനൽ മഴമൂലം ശരിയായ രീതിയിൽ നിലമൊരുക്കാൻ കഴിയാതെ കർഷകർ. നെന്മാറ അയിലൂർ പഞ്ചായത്തുകളിലെ നെൽകർഷകരാണ് ഏതു രീതിയിൽ വിളയിറക്കണം എന്നതിനെക്കുറിച്ച് ആശങ്കയിൽ നിൽക്കുന്നത്. പഞ്ചായത്തിലെ ഓരോ മേഖലയിലും വ്യത്യസ്ത രീതിയിലാണ് നെൽപ്പാടങ്ങളിൽ മഴയും വെള്ളവും ലഭിച്ചിരിക്കുന്നത്. ബഹുഭൂരിപക്ഷം കർഷകർക്കും രണ്ടാംവിള കൊയ്ത്തിനുശേഷം ശേഷം നെൽപ്പാടങ്ങൾ ഒഴുതുമറിച്ച് പാകപ്പെടുത്തിയെടുക്കാൻ പോലും കഴിഞ്ഞിട്ടില്ല. ആയതിനാൽ കൊഴിഞ്ഞുവീണ നെൽമണികളും കളകളും മുളച്ചു പൊന്തിയത് ഉഴുതുമറിച്ച് ഉണക്കി കളയാനോ മണ്ണിലെ ഈർപ്പം പാകപ്പെടുത്തി നിലനിർത്താനും കഴിഞ്ഞിട്ടില്ല. പൊടിയിൽ നടത്താൻ കഴിയാത്തതിനാൽ കൂടുതൽ കർഷകരും ഞാറു പാകാനുള്ള തയ്യാറെടുപ്പിലാണ്. ചിലർ പൊടിയിൽ ഞാറു പാകാനാണ് തയ്യാറെടുക്കുന്നത് ചില നെൽപ്പാടങ്ങളിൽ ചെറിയതോതിൽ വെള്ളം നിൽക്കുന്നതിനാൽ ചെളിയിൽ ഞാറു പോകാനുള്ള തയ്യാറെടുപ്പിലാണ് മലയോര മേഖലയിലെ കർഷകർ. ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാൽ ആലംബള്ളം, മരുതൻചേരി ഭാഗങ്ങളിൽ ചെളിയിൽ വിത്തുപാകാൻ കഴിയാതെ സ്ഥിതിയിലാണ്. പൊടിയിൽ വിത്തുപാകുന്നതിന് ഈർപ്പം കൂടുതലുള്ളതിനാൽ ട്രാക്ടർ ഇറങ്ങാത്ത സ്ഥിതിയുമുണ്ട്. ഇത്തരം നെൽപ്പാടങ്ങളിൽ നാലുചക്ര എൻജിൻ സംവിധാനമുള്ള ട്രാക്ടറുകളിൽ റോട്ടോവേറ്റർ ഉപയോഗിച്ച് നിലമൊരുക്കിയിട്ടുണ്ട്. മെയ് അവസാന കാലവർഷം ശക്തമാവുമെന്ന മുന്നറിയിപ്പും വന്നതോടെ ഏതു രീതിയിലുള്ള വിളയിറക്കണമെന്ന് ആശങ്കയും നിലനിൽക്കുകയാണ്. ഈർപ്പം കുറഞ്ഞു കിട്ടിയ തിരുവഴിയാട് മേഖലയിലെ നെൽപ്പാടങ്ങളിൽ അപൂർവ്വം കർഷകർ പൊടിയിൽ ഞാറു പാകിത്തുടങ്ങി. കർഷകനായ തിരുവഴിയാട് ഇടശ്ശേരി പറമ്പ് കെ. ജയരാജൻ ഉമ വിത്ത് ഉപയോഗിച്ചാണ് ഞാറ്റടി തയ്യാറാക്കാൻ പദ്ധതിയിടുന്നത്. ഇതിലേക്കായി കൃഷിഭവനുകൾ മുഖേന ഉമ ഇനം നെൽവിത്തും ലഭ്യമായിട്ടുണ്ട്.