
നെന്മാറ കൈതച്ചിറയില്‍ ലോറി ജലസേചന കനാലിലേക്ക് മറിഞ്ഞു. ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ ഒന്നര മണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തു. അയിലൂര്‍ കൈതച്ചിറ അങ്കണവാടിയ്ക്ക് സമീപമാണ് ശനിയാഴ്ച രാത്രി 7.30 ഓടെ സംഭവം. ലോറി ഡ്രൈവര്‍ തമിഴ്‌നാട് ഈറോഡ് സ്വദേശിയായ പൂവ്വരശ്ശനെയാണ് (40) പരിക്കുകളോടെ പുറത്തെടുത്തു.
തമിഴ്‌നാട്ടില്‍ നിന്ന് കൊയ്ത്ത് യന്ത്രവുമായി വന്നലോറിയാണ് അപകടത്തില്‍പ്പെട്ടത്. കൊയത്ത് യന്ത്രം വാഹനത്തില്‍ കയറ്റുന്നതിനായി വരുന്നതിനിടെയാണ് ജലസേചന കനാലിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. കനാലിനുള്ളിലേക്ക് ലോറി വീണതോടെ ഡ്രൈവര്‍ കുടുങ്ങുകയായിരുന്നു. നെന്മാറ പോലീസും, ആലത്തൂരില്‍ നിന്നുള്ള അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും പുറത്തെടുക്കാനായില്ല. തുടര്‍ന്ന് മണ്ണുമാന്തി യന്ത്രം എത്തിച്ച് വടം ഉപയോഗിച്ച് വലിച്ചുകയറ്റുകയായിരുന്നു. ഈ സമയമൊക്കെ ക്യാമ്പിനില്‍ ഡ്രൈവര്‍ കുടുങ്ങിക്കിടക്കുകയായിന്നു. കാലിന് പരിക്കേറ്റ ഡ്രൈവറെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ല ആശുപത്രിയിലേക്കും മാറ്റി.
