നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നേത്രരോഗ വിദഗ്ധന്റെ സേവനം എല്ലാ ദിവസവും ലഭിക്കുന്നില്ലെന്ന് പരാതി. നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കണ്ണ് ഡോക്ടറെ നിയമിച്ചിട്ടില്ലാത്തതിനാൽ തിങ്കൾ ബുധൻ വെള്ളി മൂന്ന് ദിവസങ്ങളിൽ നേത്ര സംരക്ഷണ വിദഗ്ധൻ ( ഒപ്റ്റോമെട്രിസ്റ്റ് ) എത്തി രോഗികൾക്ക് കണ്ണു പരിശോധിച്ച കണ്ണട നിർദേശിക്കുന്ന നടപടിയാണ് നടന്നിരുന്നത്. കഴിഞ്ഞ കുറച്ചു നാളായി നേത്രരോഗ വിദഗ്ധൻ സേവനം നിശ്ചിത ദിവസങ്ങളിൽ ലഭ്യമല്ലാതാവുന്നു എന്നാണ് രോഗികളുടെ പരാതി. ജില്ലാ ആശുപത്രിയുടെ നേതൃത്വത്തിൽ വിവിധ ആശുപത്രികളിലായി നേത്ര ചികിത്സാ ക്യാമ്പ് നടക്കുന്നതിനാൽ നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ നേത്ര സംരക്ഷണ വിദഗ്ധന്റെയും സേവനം ക്യാമ്പിലേക്ക് വിട്ടു നൽകുന്നതിനാൽ ആശുപത്രിയിൽ എത്തുന്ന രോഗികൾ ഏറെനേരം കാത്തിരുന്ന ശേഷം മടങ്ങിപ്പോകേണ്ട സ്ഥിതിയുണ്ടാവുന്നതായാണ് പരാതി. മേൽ ജീവനക്കാർ അവധിയിലാവുന്ന ദിവസങ്ങളും രോഗികൾ നിരാശരായി മടങ്ങി പോകേണ്ട സ്ഥിതിയുണ്ട്. നേത്രരോഗ ക്യാമ്പ് നടക്കുന്ന ദിവസങ്ങളിൽ ജില്ലാ ആശുപത്രിയിൽ നിന്നോ കണ്ണ് ഡോക്ടർമാരോ ഒപ്റ്റോമെട്രിസ്റ്റ് ഉള്ള സ്ഥലങ്ങളിൽ നിന്ന് സേവനത്തിന് എടുത്താൽ നെന്മാറ ആശുപത്രിയിൽ എത്തുന്നവരുടെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് രോഗികൾ പറയുന്നു. മേൽ സാഹചര്യങ്ങളിൽ മുൻകൂട്ടി മാധ്യമങ്ങൾ വഴി പൊതുജനങ്ങളെ അറിയിക്കണമെന്നും, ആശുപത്രി അധികൃതരും വികസന സമിതിയും ഇക്കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യവും ശക്തമാണ്.