നെന്മാറ പോത്തുണ്ടി റോഡരികിൽ അപകട ഭീഷണി ഉയർത്തി ഉണക്ക മരം; നടപടി എടുക്കാതെ അധികൃതർ.

അപകട ഭീഷണി ഉയർത്തി നിൽക്കുന്ന ഉണക്ക മരം വെട്ടി മാറ്റണം. നെന്മാറ പോത്തുണ്ടി റോഡരികിൽ കൽനാടിൽ റോഡിന് സമീപമാണ് അപകട ഭീഷണി ഉയർത്തി ഉണങ്ങിയ ആൽമരം നിൽക്കുന്നത്. കഴിഞ്ഞ ദിവസത്തെ വേനൽ മഴയിൽ ചെറു ചില്ലകൾ പൊട്ടി റോഡിൽ വീണിരുന്നു. പ്രദേശവാസികൾ എടുത്തുമാറ്റിയാണ് അപകട സാധ്യത ഒഴിവാക്കിയത്. നെല്ലിയാമ്പതി, പോത്തുണ്ടി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന പ്രധാന പാതയോരത്താണ് അപകട ഭീഷണി ഉയർത്തി 30 അടിയോളം ഉയരത്തിൽ കൂറ്റൻ ഉണക്ക മരം നിൽക്കുന്നത്. പ്രദേശവാസികൾ മാസങ്ങൾക്കുമുൻമ്പ് പൊതുമരാമത്ത് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ല. മരത്തിനു താഴെ കൂടി പോകുന്ന വൈദ്യുത ലൈനിനും സമീപത്തെ വീടുകൾക്കും ഉണങ്ങിയ മരം ഭീഷണിയാണ്. ഉണങ്ങിയ മരത്തിന്റെ ചുവടു വശം ചിതൽ മൂലം ദ്രവിച്ചു തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴയിൽ നിലം പൊത്താൻ സാധ്യതയുള്ളതിനാൽ സമീപവാസികളും ജാഗ്രതയിലാണ്. 35 അടിയിലേറെ പൊക്കമുള്ള ഉണങ്ങിയ ആൽമരം മഴക്കാലത്തിനു മുമ്പ് വെട്ടി മാറ്റി അപകട ഭീഷണി ഒഴിവാക്കണം എന്നാണ് വഴിയാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.
അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടി മാറ്റുന്നതിന് പഞ്ചായത്തുകൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ പൊതുമരാമത്തിന്റെ മരം ലേലം ചെയ്ത് വിൽക്കാൻ പഞ്ചായത്തിന് അധികാരം ഇല്ലാത്തതിനാൽ പൊതുമരാമത്ത് തന്നെ നടപടി സ്വീകരിക്കട്ടെ എന്ന നിലപാടിലാണ് പഞ്ചായത്തുകാരും. പഞ്ചായത്തുകൾക്ക് ഒരു മരം വെട്ടി മാറ്റുന്നതിന് നിശ്ചിത തുക മാത്രമേ ചെലവഴിക്കാൻ അധികാരം ഉള്ളൂ എന്നും വെട്ടി മാറ്റാൻ ചെലവായ തുക കണ്ടെത്താൻ പൊതുമരാമത്ത് വകുപ്പിന്റെ മരം ലേലം ചെയ്യാൻ പഞ്ചായത്തിന് അധികാരം ഇല്ലാത്തതും പ്രശ്നമാണെന്ന് അധികൃതർ പറയുന്നു.