
നെന്മാറ പഞ്ചായത്തിലെ കണിമംഗലം, വീനസ്, കണിമംഗലം ഗ്രാമം, കൽമുക്ക്, പുഴക്കൽ തറ, കൈപ്പഞ്ചേരി ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങി. നെന്മാറ ഒലിപ്പാറ റോഡ് നവീകരണത്തിന്റെ ഭാഗമായി കണിമംഗലം, വീനസ് ജംഗ്ഷൻ എന്നീ രണ്ടു സ്ഥലങ്ങളിൽ റോഡിന്റെ കയറ്റം കുറയ്ക്കാൻ റോഡിന്റെ ഉപരിതലം നിലവിലെ റോഡ് നിരപ്പിൽ നിന്ന് രണ്ടടി മുതൽ ഒന്നര മീറ്റർ വരെ മണ്ണുമാറ്റി താഴ്ത്തിയതോടെയാണ് നിലവിലുള്ള കുഴലുകൾ റോഡ് നിരപ്പിന് മുകളിൽ എത്തുകയും പൈപ്പുകൾ പൊട്ടുകയും ചെയ്തത്. ഇതോടെയാണ് പ്രദേശത്തെ കുടിവെള്ള വിതരണവും തടസ്സപ്പെട്ടു. കണിമംഗലം മേഖലയിലേക്ക് കഴിഞ്ഞ ആറ് ദിവസമായി കുടിവെള്ള വിതരണം മുടങ്ങി. പ്രദേശത്തെ മൂന്നു വാർഡുകളിലായി 2500 ലേറെ കുടുംബങ്ങളുടെ കുടിവെള്ള വിതരണം പൈപ്പ് മാറ്റി സ്ഥാപിക്കാൻ നടപടിയായതോടെയാണ് മുടങ്ങിയത്. പലർക്കും സ്വന്തമായി കിണറോ മറ്റ് വെള്ള സ്രോതസ്സുകളോ ഇല്ലാത്തതിനാൽ പലരും വെള്ളക്ഷാമത്തെ തുടർന്ന് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി. ജല അതോറിറ്റിയും പൊതുമരാമത്ത് നിരത്ത് വിഭാഗവും തമ്മിലുള്ള തർക്കം ജലവിതരണം പുനസ്ഥാപിക്കാൻ വൈകി. ജല അതോറിറ്റിയുടെ പൈപ്പുകൾ ആണെന്നും അത് പൊതുമരാമത്ത് മാറ്റി സ്ഥാപിക്കേണ്ട കാര്യമില്ലെന്നുമുള്ള തർക്കത്തിനെ തുടർന്ന് മൂന്നു ദിവസം ജല അതോറിറ്റിയും പി.ഡബ്ല്യു.ഡി.യും പരസ്പരം പഴിചാരി പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച് ദുരിതത്തിലാക്കി. പ്രാദേശിക രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പഞ്ചായത്ത് അംഗങ്ങളും കഴിഞ്ഞദിവസം പ്രത്യക്ഷ സമരത്തിന് ഇറങ്ങി. കെ ബാബു എം. എൽ. എ. സംഭവം അറിഞ്ഞ് സ്ഥലത്തെത്തി ഇരു വകുപ്പ് എൻജിനീയർമാരുമായി ചർച്ച ചെയ്ത് കണിമംഗലത്ത് ഒരു താൽക്കാലിക പൊതു ടാപ്പ് സ്ഥാപിച്ചു നൽകി. ജല അതോറിറ്റി പൈപ്പ് നൽകിയാൽ സ്ഥാപിച്ചു തരാമെന്ന് പൊതുമരാമത്ത് വകുപ്പ് കരാറുകാരനും ചർച്ചയിലൂടെ സമ്മതിച്ചതോടെയാണ് പൊട്ടിയ പൈപ്പുകൾക്ക് പകരം പുതിയവ ആഴത്തിൽ മാറ്റി സ്ഥാപിക്കാൻ തീരുമാനമായത്. ഇതു സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനം ആയെങ്കിലും ജല അതോറിറ്റിയുടെ നാലിഞ്ച് വ്യാസമുള്ള പൈപ്പുകൾ ലഭിക്കാൻ വ്യാഴാഴ്ച വരെ കാത്തിരിക്കേണ്ടിവന്നു. വെള്ളിയാഴ്ച കണിമംഗലം മുതൽ വീനസ് ജംഗ്ഷന് താഴെ ഏന്തൻപാത വരെ 150 ഓളം മീറ്റർ നീളത്തിൽ പുതിയ നാലിഞ്ച് വലിപ്പമുള്ള പൈപ്പുകൾ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ചാലു കീറി പൈപ്പുകൾ സ്ഥാപിക്കാൻ നടപടി തുടങ്ങി. റോഡിന് ഒരുവശത്ത് ചാലുകീറിയതോടെ മറുവശത്തേക്ക് റോഡ് മുറിച്ചു കടക്കുന്ന പൈപ്പുകളും മാറ്റി സ്ഥാപിക്കേണ്ട സ്ഥിതി സംജാതമായി. ഈ 150 മീറ്റർ ദൂരത്തിനിടയിൽ മൂന്നു ഭാഗത്തേക്ക് റോഡ് മുറിച്ച് പൈപ്പ് ഇടേണ്ട സ്ഥിതിയും ഉണ്ടായി. ഇതോടെ കഴിഞ്ഞദിവസം താൽക്കാലികമായി കുടിവെള്ളം ലഭിച്ച മേഖലകളിലും വ്യാഴാഴ്ച വൈകീട്ട് മുതൽ കുടിവെള്ള വിതരണം പൂർണ്ണമായും നിലച്ചു. ശനി ഞായർ ദിവസങ്ങളിലായി ഭാഗികമായി കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്ന് ജലവിതരണ കുഴൽ സ്ഥാപിക്കുന്ന തൊഴിലാളികൾ പറഞ്ഞു. ജലവിതരണ കുഴലുകൾ സ്ഥാപിക്കാൻ റോഡ് മുറിച്ച് ചാലുകേറിയതോടെ കണിമംഗലം, വീനസ് ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഗതാഗതം വെള്ളിയാഴ്ച രാവിലെ മുതൽ തടസ്സപ്പെട്ടു. വീനസ് ജംഗ്ഷനിൽ വരുന്ന വാഹനങ്ങൾക്കും കണിമംഗലം ഭാഗത്തേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ല. കൽമുക്ക് ഭാഗത്തുള്ളവർ നെന്മാറ കോളേജ്, തലവെട്ടാൻപാറ, കൈപ്പഞ്ചേരി വഴി അഞ്ചു കിലോമീറ്റർ അധികം ചുറ്റി സഞ്ചരിക്കേണ്ടിവരുന്നു.