നെന്മാറ – മരുതഞ്ചേരി പൊതുമരാമത്ത് റോഡരികിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഴകൃഷി. കരിമ്പാറ സെന്റ് മേരീസ് ചാപ്പലിന് സമീപമുള്ള വളവിലാണ് റോഡരികിൽ വാഴകൃഷി ചെയ്യുന്നത്. രണ്ടു വളവുകളുള്ള സ്ഥലത്ത് വാഴകൾ വളർന്നതോടെ അടിപ്പെരണ്ട ഭാഗത്തേക്കും നെന്മാറ ഭാഗത്തേക്കും വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറവ് ഉണ്ടാക്കുന്ന വിധം നിൽക്കുന്ന വാഴകൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി വാഹന യാത്രക്കാർ പരാതിപ്പെട്ടു. പൊതുമരാമത്ത് റോഡിൽ ടാർ റോഡിന് സമീപത്ത് വാഴകൾ കൃഷി ചെയ്യുന്നതിനാൽ വളവിൽ പെട്ടെന്ന് മുന്നിൽ പെടുന്ന വാഹനങ്ങൾക്ക് വശം കൊടുക്കാൻ കഴിയുന്നില്ലെന്നും ഡ്രൈവർമാർ പരാതിപ്പെട്ടു. പൊതുമരാമത്ത് റോഡരുകുകളിൽ അനധികൃതമായി വാഴയും മറ്റു കൃഷികളും ചെയ്യുന്നത് വിലക്കാൻ പൊതുമരാമത്ത് നടപടി സ്വീകരിക്കണമെന്നാണ് ഇതുവഴിയുള്ള യാത്രക്കാരുടെ ആവശ്യം.