നെന്മാറ പഞ്ചായത്തിലെ കൽമുക്കിലുള്ള മാലിന്യശേഖരണ കേന്ദ്രം (മിനി ഫില്ല് ) തീയിട്ടു നശിപ്പിച്ച പ്രതിയെ കണ്ടെത്തി പിഴ ചുമത്തി. നെന്മാറ കണിമംഗലം സ്വദേശി ശിവദാസനെതിരെയാണ് പഞ്ചായത്ത് പിഴ ചുമത്തിയത്. 50000 രൂപ പിഴച്ചുമത്തുകയും,തീയിട്ട് നശിപ്പിച്ച ഇരുമ്പു കൊണ്ടുണ്ടാക്കിയ യൂണിറ്റ് പൂർവസ്ഥിതിയിലാക്കാൻ പഞ്ചായത്ത് അധികൃതർ നിർദ്ദേശിച്ചു. പൊതുമരാമത്ത് റോഡരികിൽ ഇരുമ്പ് തൂണുകളിലായി ഇരുമ്പു വല കൊണ്ട് നിർമ്മിച്ച യൂണിറ്റാണ് തീയിട്ട് നശിപ്പിച്ചത്. ഇരുമ്പ് ചട്ടക്കൂടുള്ള യൂണിറ്റ് മറിച്ചിട്ടതിനു ശേഷം കത്തിക്കുകയായിരുന്നു. ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്ന് സംഭരിച്ച് താൽക്കാലികമായി സൂക്ഷിക്കുകയും പിന്നീട് വാഹനവുമായി എത്തി സ്ഥിരം കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതുവരെ താൽക്കാലികമായി സംഭരിച്ചു വെക്കുന്ന യൂണിറ്റാണിത്. കൽമുക്ക് ഗ്യാസ് ഗോഡൗണിനു സമീപമായി സ്ഥാപിച്ച യൂണിറ്റാണ് കഴിഞ്ഞദിവസം തീയിട്ട് നശിപ്പിച്ചത്.