ഇരട്ട കൊലപാതകത്തിൽ അനാഥരാക്കപ്പെട്ട സുധാകരന്റെ മക്കളുടെ ആവശ്യങ്ങൾ യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. മക്കളുടെ താല്പര്യവും ആവശ്യങ്ങളും അനുസരിച്ച് മറ്റു തീരുമാനങ്ങൾ എടുക്കുമെന്നും രാഹുൽ അറിയിച്ചു. കൊലപാതകങ്ങൾ നടന്നിട്ട് മൂന്നുദിവസത്തോളമായിട്ടും സർക്കാർ സംവിധാനത്തിന്റെ ഭാഗമായി യാതൊരു ഉറപ്പും ആ കുടുംബത്തിന് ലഭിക്കാതിരിക്കുന്നത് ആശ്ചര്യപ്പെടുത്തുന്നുവെന്നും എംഎൽഎ പറഞ്ഞു. പ്രതിയെ പിടികൂടി പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ സ്വാഭാവികമായി നാട്ടുകാർക്ക് ഉണ്ടായ പ്രതിഷേധത്തെ പോലീസ് കുരുമുളക് പൊടി വിതറി നേരിട്ട രീതി പ്രാകൃതവും വിവേക രഹിതവുമാണെന്നും എംഎൽഎ പറഞ്ഞു. അതുമായി ബന്ധപ്പെട്ട് നാട്ടുകാർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം എടുത്തിട്ടുള്ള കേസ് പിൻവലിക്കണമെന്നും രാഹുൽ മാങ്കൂട്ടം നെന്മാറ പോലീസ് സ്റ്റേഷനിൽ നേരിട്ട് എത്തി ആവശ്യപ്പെട്ടു. സംസ്ഥാന യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കോൺഗ്രസ് നേതാക്കളായ കെ.ജി. എൽദോ, കെ. എസ്. ജയഘോഷ്,എസ്. എം. ഷാജഹാൻ, എ. രാധാകൃഷ്ണൻ, പ്രദീപ് നെമ്മാറ, വി. പി. രാജു, കെ. വി. പ്രദീഷ്, ആർ. വേലായുധൻ, ആർ. അനൂപ്, കെ. ജി. രാഹുൽ, വിനേഷ് തലവട്ടാംപാറ, എൻ. റിജേഷ് എന്നിവരും ഉണ്ടായിരുന്നു.