നെന്മാറ ചേരുംകാട് ഉരുൾപൊട്ടലിന് ആറാം വയസ്. മഴ കനത്താൽ ഇന്നും ചങ്കുപിടച്ച് പ്രദേശവാസികൾ

നെന്മാറ: അളുവശ്ശേരി ചേരുംകാട് ഉരുൾപൊട്ടലിന് ഇന്നലേക്ക് ആറ് വയസ് പൂർത്തിയായി.
പെയ്തു കൊണ്ടിരിന്ന മഴയില്‍ ഒരു വലിയ ശബ്ദത്തോടെയാണ് 2018 ഓഗസ്റ്റ് 16 ന് ചേരുംകാട്ടിലെ 40 ലധികം കുടുംബങ്ങള്‍ ഉണര്‍ന്നത്. നെല്ലിയാമ്പതി മലയോട് ചേര്‍ന്നുള്ള ആതനാട് കുന്നില്‍ അളുവശ്ശേരിക്കടുത്ത് ചേരുംകാട്ടില്‍ ഉരുള്‍പൊട്ടിയ വലിയ ശബ്ദമായിരുന്നു അത്.
അന്ന് പൊലിഞ്ഞത് 10 ജീവനുകൾ.

കുത്തിയൊലിച്ചു വന്ന പാറക്കല്ലുകളും, മണ്ണും, വെളളവും മൂന്ന് വീടുകളെ തകര്‍ത്തെറിഞ്ഞ് പിഞ്ചു കുഞ്ഞടക്കം 10 ജീവന്‍ നഷ്ടപ്പെടുത്തി ഗ്രാമത്തിനെയാകെ കണ്ണീരിലാഴ്ത്തിയത്. മൂന്നു ദിവസത്തെ രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മൂന്നു കുടുംബങ്ങളിലായി നഷ്ടപ്പെട്ടുപോയ 10 മൃത ശരീരങ്ങള്‍ കണ്ടെടുക്കാനായത്.
കുന്നിന്‍ മുകളില്‍ നിന്ന് പൊട്ടിയൊലിച്ചുവന്ന പാറക്കല്ലും, മണ്ണും വെള്ളവും, മരങ്ങളും ആദ്യം ഉണ്ണികൃഷ്ണന്റെ ഓടിട്ട വീടിനെയാണ് തകര്‍ത്തെറിഞ്ഞത്. പിന്നീട് താഴെയുള്ള ഗംഗാധരന്റ ഇരുനില വീട്ടിലേക്ക് കുതിച്ചെത്തുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ ഇരു വീടും പൂര്‍ണ്ണമായും തകര്‍ന്ന് മണ്ണിനടിയിലായി. മറ്റൊരു ഭാഗത്തുകൂടിയുള്ള വെള്ളപ്പാച്ചിലില്‍ മണികണ്ഠന്റെ വീടും തകര്‍ന്നു.
അളുവശ്ശേരി ചേരുകാട് വീട്ടില്‍ ഗംഗാധരന്‍(60) ഭാര്യ സുഭദ്ര(55) മക്കളായ ആതിര(28), ആര്യ (17), അരവിന്ദ്(17) ആതിരയുടെ 15 ദിവസം പ്രായമായ മകള്‍, പരേതനായ ഉണ്ണികൃഷ്ണന്റെ മകളായ അനിത(28) അഭിജിത്ത്(22), അനിതയുടെ മൂന്നര വയസ്സായ മകള്‍ ആത്മിക, സുന്ദരന്റെ മകന്‍ സുധിന്‍ (20) എന്നിവർക്കായിരുന്നു ദാരുണാന്ത്യം.