ജോജി തോമസ്
നെന്മാറ ബ്ലോക്കിൽ ഒന്നാം വിള നെല്ല് സംഭരണം ആരംഭിച്ചു. നെന്മാറ പഞ്ചായത്തിലെ കണിമംഗലം പാടശേഖരത്തിൽ നിന്നാണ് മേഖലയിലെ ആദ്യ ലോഡ് നെല്ല് കയറ്റി പോയത്. നെല്ല് സംഭരണത്തിന്റെ പ്രാദേശിക ഉദ്ഘാടനം സപ്ലൈകോ പാടി മാർക്കറ്റിംഗ് ഓഫീസർ ബി. ജഗന്നാഥ് നിർവഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പാടശേഖരങ്ങളിൽ നിന്ന് നെല്ല് സംഭരിക്കുമെന്ന് പാടി മാർക്കറ്റിംഗ് ഓഫീസർ അറിയിച്ചു. സംഭരിച്ച നെല്ലിന്റെ പി.ആർ.എസ്. കർഷകർക്ക് മില്ലുകളിൽ നിന്നുള്ള തൂക്കചീട്ട് കർഷകസമിതികൾ അംഗീകരിക്കുന്ന മുറയ്ക്ക് കൈമാറാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് പി.എം.ഒ. അറിയിച്ചു. നെന്മാറ കൃഷി ഓഫീസർ വി. അരുണിമ , അസിസ്റ്റൻ്റ് കൃഷി ഓഫീസർ സി.സന്തോഷ്, കെ . പ്രകാശ്, വി .ലിഖിത സപ്ലൈ കൊ ഫീൽഡ് അസിസ്റ്റൻ്റുമാരായ കെ.എ. രങ്കൻ, എൻ . അതുല്യാ സംയുക്ത പാടശേഖര സമിതി പ്രസിഡൻ്റ് എം. രാമൻകുട്ടി പാടശേഖര സമിതി സെക്രട്ടറിമാരായ കെ.ശിവപ്രസാദ്, വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. മേഖലയിലെ പകുതിയോളം പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയായെങ്കിലും നെല്ല് സംഭരണം ആരംഭിക്കാത്തതിൽ കർഷകർആശങ്കാകുലരായിരുന്നു. ഇടയ്ക്കിടെ ഉണ്ടാവുന്ന മഴ കൊയ്ത്തിനു തടസ്സമായെങ്കിലും നെല്ലുസംഭരണം ആരംഭിച്ചതിൽ കർഷകർ സന്തോഷത്തിലാണ്.