ജോജി തോമസ്
നെന്മാറ : അളുവശ്ശേരി നെല്ലിച്ചോട് റോഡ് തകർന്നു. പോത്തുണ്ടി ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും എലവഞ്ചേരി, പല്ലാവൂർ ജലസംഭരണികളിലേക്ക് വെള്ളം കൊണ്ടുപോകുന്നതിനായും വിതരണ കുഴലുകൾ സ്ഥാപിക്കുന്നതിനുമായാണ് റോഡിന്റെ ഇരുവശങ്ങളിലും ആഴത്തിൽ ചാലുകീറി കുഴലുകൾ സ്ഥാപിച്ചത്. ഇതോടെ റോഡിന്റെ മധ്യഭാഗത്ത് മാത്രം ടർ ശേഷിക്കുന്ന സ്ഥിതിയായി. പോത്തുണ്ടി അണക്കെട്ടിൽ നിന്നുള്ള വലതുകര കനാലിനോട് ചേർന്നുള്ള റോഡിലാണ് ഈ ദുർഗതി. അളുവശ്ശേരിയിൽ നിന്നും ചേരുംകാട്, കൊടുവാൾ പാറ, അയ്യർ പള്ളം, അരിമ്പൂർ പതി, തിരുത്തം പാടം, നെല്ലിച്ചോട് പ്രദേശങ്ങളിലുള്ളവരുടെ നെന്മാറയുമായി ബന്ധപ്പെടാനുള്ള 6 കിലോമീറ്റർ ദൂരം വരുന്ന പോത്തുണ്ടി ബോയൻ കോളനി വരെയുള്ള റോഡാണ് തകർന്നത്. റോഡ് തകർച്ചയെ തുടർന്ന് ഇതുവഴി സർവീസ് നടത്തിയിരുന്ന രണ്ടു ബസ്സുകളിൽ ഒരു ബസ് സർവീസ് നിർത്തിവെച്ചു. സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും ഈ റൂട്ടിലേക്ക് വരുന്നില്ല. കാർഷിക ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാൻ ഭാരവാഹനങ്ങളും വരാതായതോടെ ദുരിതത്തിലായി പ്രദേശവാസികൾ. ഇരുചക്രവാഹനങ്ങളും ഫോർവീൽ ജീപ്പുകളും മാത്രമാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് തകർന്ന റോഡിലെ ചില ഭാഗങ്ങളിൽ കരിങ്കൽ ക്വാറി വേസ്റ്റ് വിതറി താൽക്കാലിക പരിഹാരശ്രമം നടത്തിയിട്ടുണ്ടെങ്കിലും മഴപെയ്തതോടെ മിക്ക സ്ഥലങ്ങളും വീണ്ടും ചളി കുളമായി. റോഡ് പുനർ നിർമ്മാണത്തിനുള്ള തുക മുൻകൂറായി പഞ്ചായത്തിന് നൽകി അനുമതി വാങ്ങിച്ച ശേഷം മാത്രമാണ് റോഡ് പൊളിച്ച് കുഴൽ സ്ഥാപിച്ചത് എന്ന ജലജീവൻ മിഷൻ അധികൃതർ പറയുന്നു. റോഡ് പുനർനിർമ്മാണത്തിനുള്ള ചുമതല പഞ്ചായത്തിൽ ആണെന്നും പഞ്ചായത്ത് തുക വക മാറി ചെലവഴിച്ചതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയതെന്ന് പറയുന്നു. നിരവധി തവണ ജനപ്രതിനിധികളോടും പഞ്ചായത്തിലും പരാതിപ്പെട്ടിട്ടും റോഡ് നേരെയാക്കാൻ അധികൃതർ ശ്രമിക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിന് ഒരുങ്ങാൻ തയ്യാറാവുകയാണ് പ്രദേശവാസികൾ.