നെന്മാറ : അയിലൂർ സ്വദേശിനി സന്ധ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബം രംഗത്ത്. സന്ധ്യയുടെ മരണത്തില്‍ ഭര്‍ത്താവ് രഘുനാഥന് പങ്കുണ്ടെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ രഘുനാഥ് സന്ധ്യയെ ശാരീരിക ഉപദ്രവും ഏല്‍പ്പിച്ചതായും കുടുംബത്തിന്റെ ആരോപണങ്ങളുണ്ട്. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സന്ധ്യയുടെ കുടുംബം പഴയന്നൂര്‍ പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു.
ഇക്കഴിഞ്ഞ തിരുവോണ ദിവസമാണ് നെന്മാറ അയിലൂര്‍ സ്വദേശിനി സന്ധ്യയെ തിരുവില്ലാമലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യ തൂങ്ങിമരിച്ചതാണെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ വ്യക്തമാക്കി. തിരുവോണത്തിന് സ്വന്തം വീട്ടിലേക്ക് മടങ്ങി വരുമെന്നാണ് സന്ധ്യ അമ്മയോട് പറഞ്ഞത്. മൂന്നു വയസ്സുള്ള കുഞ്ഞിനെ തനിച്ചാക്കി മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് സന്ധ്യയുടെ അമ്മ വ്യക്തമാക്കി. 20 പവൻ സ്വര്‍ണം സന്ധ്യയ്ക്ക് സ്ത്രീധനമായി നല്‍കിയിരുന്നു. ഇത് പോരാതെ പല തവണകളിലായി രഘുനാഥ് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയിരുന്നുവെന്നും സന്ധ്യയുടെ അച്ഛൻ പറഞ്ഞു. സ്വര്‍ണത്തിന്റെയും പണത്തിന്റെയും പേരില്‍ രഘുനാഥ് മകളെ ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും അച്ഛൻ ആരോപിച്ചു. ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നുവെന്ന് കാണിച്ച് സന്ധ്യ സുഹൃത്തുക്കള്‍ക്ക് അയച്ച മെസേജുകള്‍ സന്ധ്യയുടെ ഫോണില്‍ നിന്ന് മരണ ശേഷം ഭര്‍ത്താവ് ഡിലീറ്റ് ചെയ്തതായും ആരോപണമുണ്ട്. മകളുടെ മരണത്തില്‍ നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് സന്ധ്യയുടെ കുടുംബം പറഞ്ഞു.