നെല്ലിയാമ്പതി..നിർത്തിയ കെ.എസ്.ആർ.ടി.സി. ബസുകൾ പുനരാരംഭിക്കാത്തതിനാൽ നെല്ലിയാമ്പതിയിലെ തോട്ടം മേഖലയിൽ യാത്ര ദുരിതം. തോട്ടം തൊഴിലാളികളും, നെല്ലിയാമ്പതിയിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും, വിദ്യാർഥികളും ഇതുമൂലം സ്വകാര്യ ജീപ്പുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
പാലക്കാട്ടുനിന്ന് നാലും, തൃശ്ശൂരിൽനിന്ന് ഒന്നുമുൾപ്പെടെ അഞ്ച് കെ.എസ്.ആർ.ടി.സി. ബസുകളാണ് നെല്ലിയാമ്പതിയിലേക്ക് സർവീസ് നടത്തിയിരുന്നത്. പ്രളയവും, കോവിഡും കാരണമാണ് സർവീസുകൾ നിർത്തിയത്.
കോവിഡിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ രണ്ടുബസുകളായി ചുരുങ്ങി. തൃശ്ശൂരിൽ നിന്നുള്ള സർവീസ് നിർത്തുകയും ചെയ്തു. ഉച്ചയ്ക്കുശേഷം 1.45-ന് നെന്മാറയിൽ നിന്നു കെ.എസ്.ആർ.ടി.സി. ബസ് നെല്ലിയാമ്പതിയിലേക്ക് പോയാൽ, പിന്നീട് അഞ്ചുമണിക്കുള്ള സ്വകാര്യബസ് മാത്രമാണുള്ളത്.
നെല്ലിയാമ്പതിയിൽ നിന്ന് വൈകീട്ട് നാലിന് കെ.എസ്.ആർ.ടി.സി. ബസ് തിരിച്ചിറങ്ങിയാൽ പിന്നെ നെന്മാറയിലേക്ക് വരാൻ സൗകര്യവുമില്ല. ഇതോടെ, വിവിധ ഓഫീസുകളിലെ ജീവനക്കാരുൾപ്പെടെ നാലുമണിക്കുള്ള ബസിൽ വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതരാകുകയാണ്.