ഒന്നാം വിള നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചിട്ട് മാസങ്ങളായി. നെല്ല് സംഭരിച്ച കർഷകർക്ക് സപ്ലൈകോ പി ആർ എസും നൽകിത്തുടങ്ങി. കർഷകർക്ക് തൂക്കവും രജിസ്ട്രേഷൻ നമ്പറും ബാങ്കിന്റെ പേരും രേഖപ്പെടുത്തിയ പി.ആർ.എസ് ഒക്ടോബറിൽ ആദ്യവാരം മുതൽ ലഭിച്ചതാണ്. സാധാരണ പി. ആർ. എസ്. ലഭിച്ച ശേഷം കർഷകർ അക്കൗണ്ട് ഉള്ള വിവിധ ബാങ്കുകളിലേക്ക് തുക നൽകാൻ സപ്ലൈകോ ബാങ്കുകളുമായി കരാറിൽ ഏർപ്പെട്ട് തുക വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. എന്നാൽ ഉപതിരഞ്ഞെടുപ്പും മറ്റും വന്നതിനെ തുടർന്ന് ഒന്നാം വിള നെല്ലു സംഭരണ വില പോലും സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. രണ്ടാം വിളക്കുള്ള നടീൽ ഉൾപ്പെടെയുള്ള കൃഷിപ്പണികൾ നടത്താൻ പൈസ ഇല്ലാതെ വലയുകയാണ് കർഷകരെന്ന് വിവിധ കർഷകസമിതി ഭാരവാഹികൾ പരാതിപ്പെടുന്നു. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ സർക്കാർ സംഭരണ വില പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും വില ഉടൻ ലഭിക്കുമെന്നുമുള്ള കർഷകരുടെ പ്രതീക്ഷ അസ്ഥാനത്തായി. ഉപതെരഞ്ഞെടുപ്പ് സമയത്ത് മന്ത്രിമാർ നെല്ലിന്റെ സംഭരണ വില ഉടൻ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കുറച്ചു വർഷങ്ങളായി സംസ്ഥാന സർക്കാർ നെല്ലിന്റെ സംഭരണ വില ഉയർത്തുന്നില്ല പകരം കേന്ദ്രസർക്കാർ വർദ്ധിപ്പിക്കുന്ന താങ്ങുവിലയുടെ തുല്യമായ തുക സംസ്ഥാന സർക്കാർ കുറക്കുകയാണ് ചെയ്യുന്നത് ഇതിനെതിരെ കർഷകർക്കിടയിൽ വ്യാപകമായ പ്രതിഷേധവും ഉണ്ടായിരുന്നു. കഴിഞ്ഞ ജൂണിൽ കേന്ദ്രസർക്കാർ 1.43 രൂപ വർദ്ധിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടാം വിള നെല്ല് സംഭരണ വിലയിൽ വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിച്ചില്ലെങ്കിലും സർക്കാർ നൽകിയില്ല. ഈ വർഷത്തെ ഒന്നാം വിള നെല്ലിന്റെ താങ്ങു വില വർദ്ധിപ്പിച്ച് പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. നിലവിലെ വില പ്രഖ്യാപനം പോലും കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിലും ഉണ്ടായില്ല.
കഴിഞ്ഞ രണ്ടാം വിളയിൽ ഒരു കിലോ നെല്ലിന് 19.40 രൂപ കേന്ദ്ര വിഹിതമായും സംസ്ഥാന വിഹിതമായി 8.80 രൂപയും ചേർത്ത് 28.20 രൂപ നിരക്കിലാണ് വില നൽകിയത്. കൂടാതെ ചാക്കിന്റെയും ചുമട്ടുതൊഴിലാളികളുടെ കയറ്റു കൂലിയുടെയും തുകയായി 12 പൈസയും നൽകിയിരുന്നു. ഒരു ചാക്കിന് 12 മുതൽ 15 രൂപ വരെ വില നൽകിയാണ് കർഷകർ നെല്ലു നിറച്ചു നൽക്കുന്നത്. പുറമേ മുപ്പത് രൂപയോളം ഒരു ചാക്കിന് കയറ്റു കൂലിയും കൊടുക്കേണ്ടതുണ്ട്. ഇത്രയും തുക ചെലവാക്കുന്നിടത്താണ് 12 പൈസ മാത്രം കൈകാര്യം ചെലവായി കർഷകന് നൽകിയത്. നേരത്തെ നെല്ലു സംഭരിക്കുന്ന മില്ലുകൾ നെല്ല് നിറയ്ക്കാനുള്ള ചാക്കുകളും കർഷകർക്ക് നൽകിയിരുന്നു. ഇത് നിർത്തലാക്കിയ ശേഷമാണ് കർഷകരോട് ചാക്ക് വാങ്ങി നെല്ലുന്നിറയ്ക്കാൻ പറഞ്ഞുതുടങ്ങിയത്. കഴിഞ്ഞ സീസണിൽ നൽകിയ കേന്ദ്രസർക്കാർ വിഹിതത്തോടൊപ്പം പുതുതായി പ്രഖ്യാപിച്ച 1.43 രൂപയുടെ അധിക താങ്ങുവിലയും നിലവിൽ നൽകിക്കൊണ്ടിരുന്ന 8.80 രൂപയും ചേർത്ത് 29.63 ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. സംസ്ഥാന സർക്കാർ വിഹിതം ഉയർത്തി 30 രൂപയാക്കി ഉയർത്തണമെന്ന് കർഷക സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ വിലനിശ്ചയിച്ചാൽ തന്നെ ഘട്ടം ഘട്ടമായി സപ്ലൈകോ ഫണ്ടുനൽകിയാൽ താങ്ങുവില പദ്ധതിയിൽ നെല്ലും നൽകിയ കർഷകർക്ക് എന്ന് വില കിട്ടും എന്നതിനെക്കുറിച്ച് സപ്ലൈകോ അധികൃതർ മൗനം പാലിക്കുന്നു.
ചില ഭരണകക്ഷി എംഎൽഎമാർ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന വില നൽകുന്നത് സംസ്ഥാനമാണ് കേരളം എന്ന ന്യായീകരണവും നൽകുന്നുണ്ട്. കഴിഞ്ഞ സീസണിൽ ഒഡീഷ സർക്കാർ 31 രൂപയ്ക്ക് കഴിഞ്ഞ സീസണിൽ നെല്ല് സംഭരിച്ചതായി കർഷക സംഘടനകളും പറയുന്നു.