നെല്ല് സംഭരണം; കർഷകന് പണം അനുവദിച്ചില്ല! കർഷകന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി.

സർക്കാർ അളന്ന നെല്ലിന്റെ പണം അക്കൗണ്ടിൽ ഉണ്ടായിട്ടും അനുവദിക്കാത്തതിനെത്തുടർന്നു നെൽക്കർഷകന് 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധിച്ചു. കേരള ബാങ്കും കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനും ചേർന്നു കർഷകന് 20,000 നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ കോടതി ഉത്തരവിറക്കിയത്. മാത്തൂർ ആലംകുളങ്ങര പൂവക്കോട് ജി.ശിവരാജനെയാണ് പണം കൊടുക്കാൻ കോടതി വിധിച്ചത്. തുക 45 ദിവസത്തിനകം നൽകിയില്ലെങ്കിൽ മാസം തോറും അഞ്ഞൂറ് രൂപ പിഴയായി നൽകണം. 2022-23 ലെ ഒന്നാം വിളയുടെ നെല്ല് അളന്നതിന്റെ പണം ശിവരാജന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നിട്ടും ബാങ്ക് തുക അനുവദിച്ചിരുന്നില്ല. 171 ചാക്കിലായി 9420 കിലോ നെല്ലാണ് അളന്നത്. ഇതിന്റെ പണം അക്കൗണ്ടിൽ എത്തിയതറിഞ്ഞ ശിവരാജൻ 1.35 ലക്ഷം രൂപയുടെ ചെക്ക് ബാങ്കിൽ നൽകിയിരുന്നു. എന്നാൽ തുക അനുവദിക്കാനാവില്ലെന്നും അടുത്ത ദിവസം വരാനും ശിവരാജനോട് ബാങ്ക് അധികൃതർ നിർദേശിച്ചു. അതുപ്രകാരം ബാങ്കിലെത്തിയപ്പോൾ ‘ബാങ്ക് വായ്പ അപേക്ഷ’കളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. ഒപ്പിടാൻ വിസമ്മതിച്ച ശിവരാജന് തുക നൽകിയില്ല. തുടർന്ന് സപ്ലൈകോ ക്രെഡിറ്റ് ചെയ്ത തുക പിൻവലിക്കുകയും ചെയ്തതോടെ ശിവരാജൻ പ്രതിസന്ധിയിലായി. വീണ്ടും ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും നിരാശനായി മടങ്ങേണ്ടി വന്നതോടെയാണ് കോടതിയെ സമീപിച്ചത്. ശിവരാജനു വേണ്ടി അഡ്വ.വി.രവികുമാർ ഹാജരായി.