നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ വിവിധ പാടശേഖരങ്ങളിൽ കൊയ്ത്ത് പൂർത്തിയായിട്ടും നെല്ല് സംഭരണ നടപടി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. കൊയ്ത്തു കഴിഞ്ഞ് ആഴ്ചകൾ കഴിഞ്ഞിട്ടും പാടശേഖര സമിതികൾക്ക് മില്ലുകൾ അനുവദിച്ച് സപ്ലൈകോ ഉത്തരവിറക്കാത്തതാണ് കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. മഴയൊഴിഞ്ഞ ഇടവേളകളിൽ തൊഴിലാളി ക്ഷാമത്തിനിടയിലും തിരക്കിട്ട് ഉണക്കിയെടുത്ത നെല്ല് ചാക്കുകളിലാക്കി വീടിനകത്തും കളപ്പുരകളിലും സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും സപ്ലൈകോയുടെ നടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. മഴമുലം കൊയ്ത്ത് കഴിഞ്ഞ നെല്ല് നനയാതെ സൂക്ഷിക്കാനും കർഷകർക്ക് കടുത്ത ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കളപ്പുരകൾ ഇല്ലാത്തതും വീടുകളിൽ സൗകര്യങ്ങൾ ഇല്ലാത്തതും പ്രതിസന്ധിയിലാണ്. ഈർപ്പം കൂടിയാൽ മില്ലുകാർ നെല്ല് എടുക്കില്ല. പിന്നെ വീണ്ടും തൊഴിലാളികളെ ഉപയോഗിച്ച് ഉണക്കണം, ഇത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും കർഷകർ പറയുന്നു. പല കർഷകരും നെല്ല് ചാക്കുകളിലാക്കി ടാർ പോളിൻ ഉപയോഗിച്ച് കെട്ടിവെച്ചിരിക്കുകയാണ്. രണ്ടു പഞ്ചായത്തുകളിലുമായി അറുപതോളം സമിതികൾ ഉണ്ടായിട്ടും 15ൽ താഴെ സമിതികൾക്കാണ് നാളിതുവരെ നെല്ലു സംഭരണത്തിന് മില്ലുകൾ അനുവദിച്ചത്. പ്രദേശങ്ങളിലെ കൊയ്ത്ത് കഴിഞ്ഞ വിവരം പാടശേഖരസമിതി ഭാരവാഹികളും കർഷകരും കൃഷിഭവൻ മുഖേന അറിയിച്ചിട്ടും യാതൊരു നടപടിയുമായിട്ടില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി. സപ്ലൈകോയുടെ പ്രതിനിധി കർഷകരുടെ നെല്ല് പരിശോധിച്ച് സപ്ലൈകോ ജില്ലാ ഓഫീസി ലേക്ക് റിപ്പോർട്ട് കൊടുക്കാത്തതാണ് സംഭരണം നീളാനും മില്ലുകൾ അനുവദിക്കാത്തതിനും കാരണമെന്ന് കർഷകർ ചുണ്ടിക്കാട്ടുന്നു. കർഷകരുടെ നെല്ല് പരിശോധിച്ച് അളവ് രേഖപ്പെടുത്തി നൽകാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണെന്ന് സപ്ലൈകോ അധികൃതരും കാരണമായി പറയുന്നു.
പടം.. അയിലൂർ ഇടിയം പൊറ്റയിൽ മുരളീധരന്റെ കളത്തിലെ നെല്ല് ചാക്കിലാക്കി ടാർപോളിൻ ഉപയോഗിച്ച് മൂടിവെക്കാൻ തയ്യാറാക്കിയിരിക്കുന്നു.