നെല്ല് സംഭരണം ആരംഭിച്ചില്ല! താങ്ങുവിലയിലും അനിശ്ചിതത്വം!

കൊയ്ത നെല്ല് ഉണക്കിയെടുക്കാനും ഉണക്കിയത് സംഭരിക്കാനും കഴിയാതെ കർഷകർ ബുദ്ധിമുട്ടുന്നു. മഴയിൽ നനഞ്ഞ നെല്ല് കൊയ്തെടുക്കാൻ ബുദ്ധിമുട്ടിയതിനോടൊപ്പം ഉണക്കാനും കർഷകർ ബുദ്ധിമുട്ടുന്നു. ഇടയ്ക്കിടെ പെയ്ത മഴയാണ് നെല്ല് ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ചില കർഷകരുടെ പക്കൽ ഉണക്കാനുള്ള വിശാലമായ മുറ്റങ്ങളുടെ കുറവ് ഉണക്കലിനെ പ്രതിസന്ധിയിലാക്കുന്നു. ചിലർ റോഡരികിൽ പ്ലാസ്റ്റിക് സീറ്റുകൾ വിരിച്ചാണ് ഉണക്കിയെടുക്കുന്നത്. സപ്ലൈകോ മുഖേനയുള്ള നെല്ല് സംഭരണം എന്നു തുടങ്ങും എന്നുള്ള കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നെല്ലു സംഭരണത്തെക്കുറിച്ച് വ്യക്തതയില്ലാത്തതിനാൽ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ സ്ഥലപരിമിതി മൂലം കർഷകർ ബുദ്ധിമുട്ടുന്നു. ഈ വർഷത്തെ നെല്ലിന്റെ സംഭരണ വില കേന്ദ്രസർക്കാർ ഒരു രൂപ വർദ്ധിപ്പിച്ചതിനാൽ സംസ്ഥാന സർക്കാരും വില വർദ്ധിപ്പിക്കും എന്ന പ്രതീക്ഷയിലാണ് കർഷകർ. വിലയുടെ കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ലാത്തത് കർഷകരിൽ ആശങ്ക ഉണ്ടാക്കുന്നു. കഴിഞ്ഞവർഷം ഒന്നാം വിള കാഞ്ചന ഉൾപ്പെടെയുള്ള നെല്ലുകൾ സംഭരണ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് സ്വകാര്യമില്ലുകൾ സംഭരിച്ചിരുന്നു. ഇക്കുറി സ്വകാര്യമില്ലുകൾ ഇതുവരെയും നെല്ല് സംഭരണത്തിന് തയ്യാറാവാത്തതിനാൽ കർഷകരുടെ നെല്ല് കെട്ടിക്കിടക്കുകയാണ്. സ്വകാര്യമില്ലുകാർ സംഭരിക്കുകയാണെങ്കിൽ അത്യാവശ്യക്കാർക്ക് നെല്ല് വിൽക്കാനെങ്കിലും കഴിയുമായിരുന്നുവെന്ന് കർഷകർ പറഞ്ഞു.