
നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും ഓണ അവധിയുടെ തിരക്ക് അനുഭവപ്പെട്ടു. പോത്തുണ്ടി ഉദ്യാന പരിസരത്ത് ഓണാഘോഷ പരിപാടി ആസ്വദിക്കാൻ വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വൈകുന്നേരം നടന്ന ഗാനമേളയിലും ഉദ്യാനത്തിലെ ദീപാലങ്കാരങ്ങളും കാണാൻ ഏറെ പേർ എത്തി. രാവിലെ നെല്ലിയാമ്പതി സന്ദർശിച്ച വിനോദസഞ്ചാരികൾ ആയിരുന്നു ഏറെയും. മഴയില്ലാത്തതിനാൽ വിനോദസഞ്ചാരികൾക്ക് നെല്ലിയാമ്പതിയിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശിക്കാൻ സൗകര്യമായി. നെല്ലിയാമ്പതി പുലയംപാറ, സീതാർകുണ്ട് റോഡ്, കാരപ്പാറ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പോത്തുണ്ടി ചെക്ക് പോസ്റ്റിലൂടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ച മാത്രം രണ്ടായിരത്തിലേറെ വാഹനങ്ങൾ കടന്നുപോയതായി ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു. 10000ലേറെ ആൾക്കാർ ഒറ്റ ദിവസം കൊണ്ട് നെല്ലിയാമ്പതി സന്ദർശിച്ചതായതാണ് ഔദ്യോഗിക കണക്ക്. നെല്ലിയാമ്പതിയിലെ റിസോർട്ടുകൾ എല്ലാം തന്നെ മാസങ്ങൾക്ക് മുമ്പേ ബുക്കിംഗ് തീർന്നതിനാൽ ബഹുഭൂരിപക്ഷം സഞ്ചാരികളും രാവിലെ നെല്ലിയാമ്പതിയിലെത്തി വൈകിട്ട് തന്നെ മടങ്ങി. അഞ്ചുമണിക്ക് മുമ്പ് തന്നെ ചെക്ക് പോസ്റ്റിൽ തിരിച്ചെത്തണമെന്ന് വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകിയെങ്കിലും ഏഴു മണിയായിട്ടും വാഹനങ്ങൾ മടങ്ങിവരവ് തുടരുകയാണെന്ന് ചെക്ക് പോസ്റ്റ് അധികൃതർ പറഞ്ഞു.
പോത്തുണ്ടി ഉദ്യാനത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി ഗാനമേളയും ദീപാലങ്കാരങ്ങളും ഏർപ്പെടുത്തിയിരുന്നു. ഞായറാഴ്ച മാത്രം ഉദ്യാനത്തിൽ 6500 ലേറെ പേർ സന്ദർശിച്ചതായി ഡിടിപിസി അധികൃതർ പറഞ്ഞു. ഉദ്യാനത്തിന് പുറമെ നിറഞ്ഞുനിൽക്കുന്ന അണക്കെട്ട് കാണാൻ അണക്കെട്ടിനു മുകളിലേക്കും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. ഉദ്യാനത്തിന് പുറത്തും വാഹന പാർക്കിംഗ് രണ്ട് കിലോമീറ്റർ ഓളം ദൂരം നീണ്ടു.