നെല്ലിയാമ്പതിയിൽ കെ. എഫ്. ഡി. സി. സഫാരി ജീപ്പ് റോഡിൽ നിന്ന് തെന്നിമാറി. വിനോദസഞ്ചാരികളുമായി സഫാരി യാത്ര നടത്തിയ കെ. എഫ്. ഡി. സി. ജീപ്പ് ചളിയിൽ റോഡരികിലേക്ക് തെന്നി മാറി. നെല്ലിയാമ്പതി പകുതി പാലം കേരള വന വികസന കോർപ്പറേഷന്റെ റിസോർട്ടിൽ നിന്നും റോസറി ഭാഗത്തേക്ക് വിനോദസഞ്ചാരികളുമായി പോയ സഫാരി ജീപ്പ് ആണ് കഴിഞ്ഞദിവസം റോഡിൽ നിന്ന് തെന്നിമാറി ഒരു വശത്തേക്ക് ചരിഞ്ഞത്. മേഖലയിൽ കനത്ത മഴ പെയ്തതിനാൽ റോഡിലെ ചളിയിൽ കുടുങ്ങിയാണ് ജീപ്പ് തെന്നി മാറിയത്. യാത്രക്കാരെ വാഹനത്തിൽ നിന്ന് ഇറക്കി ജീപ്പ് ഓടിച്ചു കയറ്റാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും ചളിയിൽ കൂടുതൽ ആഴ്ന്നു പോവുകയാണ് ഉണ്ടായത്. ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. നൂറടിയിൽ നിന്നും വേറെ ജീപ്പ് എത്തിച്ച് കയർ കെട്ടി ജീപ്പ് വലിച്ചു കയറ്റിയാണ് യാത്രക്കാരെ റിസോർട്ടിൽ തിരികെ എത്തിച്ചത്. നെല്ലിയാമ്പതി മേഖലയിലെ കെ എഫ് ഡി സി, റോസറി, തുത്തൻപാറ ഭാഗങ്ങളിലേക്കുള്ള റോഡ് വർഷങ്ങളായി വനം വകുപ്പ് മറ്റു ബന്ധപ്പെട്ട അധികാരികളോ റോഡ് നന്നാക്കാത്തതിനാൽ ആണ് മേഖലയിലെ തോട്ടങ്ങളിലും കെ എഫ് ഡി സി റിസോർട്ടുകളിലും വരുന്ന വാഹനങ്ങൾ ഏറെ ബുദ്ധിമുട്ടിയാണ് യാത്ര ചെയ്യുന്നത്. നെല്ലിയാമ്പതി തോട്ടം മേഖലകളിൽ അത്യാവശ്യഘട്ടങ്ങളിൽ പോലും വാഹനങ്ങൾ എത്താൻ പറ്റാത്ത സ്ഥിതിയിലാണ് മിക്ക റോഡുകളും.