
നെല്ലിയാമ്പതിയിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പും പൊതുപ്രവർത്തകനെ ആദരിക്കലും നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ അഞ്ചേരിച്ചിറ യൂണിറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. നെല്ലിയാമ്പതി കർമ്മല നാഥാ ഇടവക പാരിഷ് ഹാളിൽ ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പാലക്കാടിന്റെ നേതൃത്വത്തിലായിരുന്നു നേത്രചികിത്സാ ക്യാമ്പ്. ചടങ്ങിൽ നെല്ലിയാമ്പതിയിലെ പൊതുപ്രവർത്തകനായ പി. ഒ. ജോസഫിനെയും ആദരിച്ചു. നെല്ലിയാമ്പതിയിലെ ഗതാഗത തടസ്സം ഉണ്ടാകുമ്പോൾ രാപ്പകൽ ഭേദമന്യേ മരം മുറിച്ചുമാറ്റി യാത്രക്കാർക്ക് വഴിയൊരുക്കുന്നത് പരിഗണിച്ചാണ് ആദരവ്. വ്യാപാരി വ്യവസായി തൃശ്ശൂർ ജില്ലാ സെക്രട്ടറി ബിജു എടക്കളത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു. അഞ്ചേരിച്ചിറ യൂണിറ്റ് സെക്രട്ടറി മനോജ് അധ്യക്ഷനായി. സീരിയൽ നടൻ ഫിറോസ് ചേരാനല്ലൂർ, ഡെവലപ്മെന്റ് കമ്മിറ്റിയിൽ ചെയർമാൻ ഷമ്മി, റാപ്പിഡ് റെസ്പോൺസ് സിഇഒ മുഹമ്മദ് ഫാറൂഖ്, പാടഗിരി പോലീസ് ഇൻസ്പെക്ടർ മധുലാൽ, നെല്ലിയാമ്പതി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേന്ദ്രൻ, കർമ്മല നാദാപുരം ഇടവക വികാരി ഫാദർ ക്രിസ് കോയിക്കാട്ടിൽ, ആർഎസ്പി നിയോജക മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ, നെല്ലിയാമ്പതി വ്യാപാരി വ്യവസായി ഏകോപനസമിതി വൈസ് പ്രസിഡന്റ് പി. ജെ. വിൻസന്റ്, ഐ ഫൗണ്ടേഷൻ പ്രതിനിധി മണികണ്ഠൻ, പ്രകാശ് കാർത്തികൻ മലപ്പുറം എന്നിവർ സംസാരിച്ചു.