
നെല്ലിയാമ്പതി നൂറടിയിൽ ക്ഷീരകർഷകനായ ചിന്നത്തമ്പി എന്ന രാധാകൃഷ്ണന്റെ പശുക്കുട്ടിയാണ് പുലി ആക്രമിച്ചത്. കയറിൽ പശു കെട്ടിയിട്ടതിനാൽ പശുക്കുട്ടിയെ പുലിക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല. മുറിവുപറ്റിയ പശുക്കുട്ടിയെ വീട്ടുകാരുടെ ശബ്ദം കേട്ട് പുലി ഉപേക്ഷിച്ച് ഓടുകയായിരുന്നു. വിവരമറിഞ്ഞ് കൈകാട്ടിയിൽ നിന്നും വനംജീവനക്കാർ സ്ഥലത്തെത്തി പരിശോധിച്ചു. ആഴത്തിൽ മുറിവ് പറ്റി ഗുരുതര പരിക്കേറ്റ പശുക്കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. രണ്ടുവർഷം മുമ്പ് രാധാകൃഷ്ണന്റെ മറ്റൊരു പശുവിനെ പുലി പിടിച്ചു കൊന്നെങ്കിലും വനം വകുപ്പിൽ നിന്ന് നഷ്ടപരിഹാരം ഒന്നും കിട്ടിയില്ലെന്നും രാധാകൃഷ്ണൻ പരാതി പറഞ്ഞു. നെല്ലിയാമ്പതിയിലെ ജനവാസ മേഖലകളായ, നൂറടി, പുലയംപാറ, കോട്ടയംകാട്, ഊത്തുകുഴി പ്രദേശങ്ങളിൽ ഇടയ്ക്കിടെ വളർത്തുമൃഗങ്ങൾക്കു നേരെ വന്യജീവി ആക്രമണം ഉണ്ടാവാറുള്ളതിന് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
