നെല്ലിയാമ്പതിയിൽ നാളെ ഹർത്താൽ

നെല്ലിയാമ്പതി ഗ്രാമപ്പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾക്ക് വനംവകുപ്പ് തടസ്സം നിൽക്കുന്നെന്നാരോപിച്ചാണ് വ്യാഴാഴ്ച ഹർത്താൽ നടത്താൻ വിവിധ സംഘടനകൾ തീരുമാനിച്ചത്. ജനവാസ ടൂറിസം മേഖലയായ നെല്ലിയാമ്പതിയിലേക്കുള്ള റോഡ്, വെള്ളം, വെളിച്ചം, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സാധനസാമഗ്രികൾ എത്തിക്കുന്നതിന് വനംവകുപ്പ് അനുമതി നൽകാതെ പ്രദേശവാസികളെ ദുരിതത്തിലാക്കുന്നെന്നാരോപിച്ചാണ് ഹർത്താൽ. നെല്ലിയാമ്പതിയിൽ സ്ഥിരമായി വൈദ്യുതി തടസ്സം നേരിടുന്നതിനാൽ വൈദ്യുതി എത്തിക്കുന്നതിനായി വനമേഖലയിലൂടെ ടവർ ലൈനുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കാൻ കെ. എസ്. ഇ. ബി. ക്ക് വനംവകുപ്പ് മാസങ്ങളായിട്ടും അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ എന്ന് നെല്ലിയാമ്പതി വികസനസമിതി ഭാരവാഹികൾ പറഞ്ഞു. പുതിയ വൈദ്യുത ടവർ ലൈൻ സ്ഥാപിക്കുന്നതിന് 20 ലക്ഷം കെ. എസ്. ഇ. ബി. വകയിരുത്തിയിട്ടും വനം വകുപ്പ് അനുകൂല നിലപാടെടുത്തിട്ടില്ല. ഇതുകൂടാതെ നെല്ലിയാമ്പതിയിലെ സ്ഥിരതാമസക്കാരുടെ വീടുകളുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനും വനം വകുപ്പ് അനുമതി നൽകുന്നില്ല, നൂറടി പുഴയിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് മണ്ണുമാന്തിയന്ത്രം ഉപയോഗിക്കുന്നതിന് വനം വകുപ്പ് തടസ്സം നിന്നതും മാൻപ്പാറ പോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ വനം വകുപ്പ് അടച്ചുപൂട്ടിയതും വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായെന്ന് വികസന സമിതി ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.