നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാദിവസവും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം

നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എല്ലാ ദിവസവും ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന് പരാതി. തോട്ടം തൊഴിലാളികളുടെയും, ആദിവാസികളുടെയും, അതിഥി തൊഴലാളികളുടേയും ഏക ആശ്രയമായ കൈകാട്ടിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടർമാരുടെ സേവനം ലഭിക്കാതാവുന്നതെന്ന് ആക്ഷേപം. കഴിഞ്ഞദിവസം നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടറുടെയും സേവനം ലഭ്യമല്ലാത്തതിനാൽ രോഗികൾ ബുദ്ധിമുട്ടിയതായി പരാതി ഉയർന്നിരുന്നു. രണ്ട് ഡോക്ടർമാർ ജോലി ചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടറെ ആഴ്ചയിൽ നാല് ദിവസം പാലക്കാട് ഡിഎംഒ യുടെ കീഴിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയാണ്. ശേഷിക്കുന്ന ഒരു ഡോക്ടർക്ക് ഔദ്യോഗികമായ കോൺഫറൻസുകളിലും മറ്റും പങ്കെടുക്കേണ്ട ദിവസങ്ങളിലാണ് രോഗികൾക്ക് ഡോക്ടറുടെ സേവനം ലഭിക്കാതെ വരുന്നത്. നെല്ലിയാമ്പതിയിലെ ഡോക്ടർക്ക് മറ്റ് ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് വേണ്ടി നെല്ലിയാമ്പതിയിൽ നിന്ന് മാറിനിൽക്കേണ്ട ദിവസങ്ങളിൽ ബദൽ സംവിധാനം ഏർപ്പെടുത്തുന്ന ആവശ്യം ശക്തമാകുന്നു. ഒരു ഡോക്ടറുടെ എങ്കിലും സേവനം ലഭ്യമല്ലാത്ത ദിവസങ്ങളിൽ നെന്മാറ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നിന്നൊ മറ്റ് കേന്ദ്രങ്ങളിൽ നിന്നോ ഡോക്ടറുടെ സേവനം ലഭ്യമാക്കാൻ വേണ്ടെ നടപടികൾ സ്വീകരിക്കണമെന്ന് എൻജെഡി നെല്ലിയാമ്പതി പഞ്ചായത്ത് സെക്രട്ടറി വി. എസ്. പ്രസാദ് ആവശ്യപ്പെട്ടു.