നെല്ലിയാമ്പതി ഒറ്റപ്പെട്ടു! ചെറുനെല്ലി നഗറിലെ 7 (കാടർ) കുടുംബങ്ങളിൽപ്പെട്ട 21 പേരെ നെല്ലിയാമ്പതി ഗതാഗതം തടസപ്പെട്ടതിനാൽ പോത്തുണ്ടി ഡാം വഴി 3 ഫിഷറിസ് ബോട്ട് ഉപയോഗിച്ച് പോത്തുണ്ടി സ്കൂൾ ക്യാമ്പിലേക്ക് മാറ്റി.

ജോജി തോമസ്

നെല്ലിയാമ്പതി റോഡിൽ രണ്ടിടത്ത് മണ്ണിടിഞ്ഞു. വൻ മരങ്ങളും പാറക്കല്ലുകളും റോഡിലേക്ക് വീണു. മണ്ണുമാന്തി യന്ത്രവും തൊഴിലാളികളും വനം, അഗ്നിരക്ഷാ സേന  എന്നിവരും ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമിക്കുന്നു. തിങ്കളാഴ്ച വൈകുന്നേരം മുതൽ നെല്ലിയാമ്പതി ഗതാഗത സൗകര്യം ഇല്ലാതെ ഒറ്റപ്പെട്ടു. റോഡിൽ വീണ പാറക്കല്ലുകളും മരങ്ങളും നീക്കാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. നെല്ലിയാമ്പതി നൂറടി ഭാഗത്ത് വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി. കൂനമ്പാലം  പാടികൾക്ക് സമീപവും വെള്ളം ഉയർന്നു. കഴിഞ്ഞദിവസം കൂനംപാലം പള്ളിയിലും വെള്ളം കയറിയിരുന്നു.  പുലിയമ്പാറ സീതാർകുണ്ട് റോഡിൽ ഗവൺമെന്റ്  ഫാമിനോട് ചേർന്ന്  ചെക്ക് ഡാമിൽ വെള്ളം നിറഞ്ഞത് സീതാർ കുണ്ട് ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മണ്ണിടിച്ചൽ സാധ്യത ഉള്ള നെല്ലിയാമ്പതി പഞ്ചായത്തിലെ ചെറുനെല്ലി നഗറിലെ 7 (കാടർ) കുടുംബങ്ങളിൽപ്പെട്ട 21 പേരെ നെല്ലിയാമ്പതി റോഡ് തടസ്സമായതിനാൽ പോത്തുണ്ടി ഡാം വഴി 3 ഫിഷറിസ് ബോട്ട് ഉപയോഗിച്ച് പോത്തുണ്ടി ഗവൺമെന്റ് എൽപി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.